Kerala

വെള്ളമില്ല, ഭക്ഷണമില്ല, വൃത്തിഹീനമായ ശുചിമുറികള്‍; ഒമാനില്‍നിന്നെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദുരിതജീവിതം

ഇന്ന് രാവിലെയാണ് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത്. ഒമാനില്‍നിന്ന് മലയാളികള്‍ വരുന്നകാര്യം ഇന്നലെ രാത്രി വൈകിയാണെന്ന് തങ്ങള്‍ അറിഞ്ഞതെന്നും പെട്ടെന്ന് തട്ടിക്കൂട്ടിയ ക്വാറന്റൈന്‍ കേന്ദ്രമാണെന്നും പ്രസിഡന്റ് പറഞ്ഞതായി പ്രവാസികള്‍ പറയുന്നു. ഇതില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും പ്രസിഡന്റ് പറയുന്നു.

വെള്ളമില്ല, ഭക്ഷണമില്ല, വൃത്തിഹീനമായ ശുചിമുറികള്‍; ഒമാനില്‍നിന്നെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദുരിതജീവിതം
X

കോഴിക്കോട്: ഒമാനില്‍നിന്ന് പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയ പ്രവാസി മലയാളികള്‍ക്കായി തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രം അസൗകര്യങ്ങള്‍ നിറഞ്ഞതാണെന്ന് പരാതി. ബുധനാഴ്ച രാത്രി 9 മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 15 പ്രവാസികളെയാണ് പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ എന്‍എസ്എസ് ബോയ്‌സ് ഹോസ്റ്റലിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയത്. രാത്രി രണ്ടുമണിക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിച്ചതല്ലാതെ തങ്ങള്‍ക്കാവശ്യമായ യാതൊരു സൗകര്യവുമൊരുക്കിയില്ലെന്നാണ് പ്രവാസി മലയാളികള്‍ പരാതിപ്പെടുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിന് വേണ്ട യാതൊരു മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ചെളിപിടിച്ച ഹോസ്റ്റലും വൃത്തിഹീനമായ ശുചിമുറികളുമാണ് ഇവിടെയുള്ളത്.

15 പേര്‍ക്കാവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളില്ല. കുടിവെള്ള ടാങ്കുകളില്‍നിന്ന് പൈപ്പിലൂടെ വരുന്നത് മലിനജലമാണ്. ഇത് കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ പോലും ഉപയോഗിക്കാന്‍ കഴിയാത്തതാണ്. രാത്രി രണ്ടുമണിക്ക് ഹോസ്റ്റലിലെത്തിയശേഷം ഭക്ഷണമോ വെള്ളമോ നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. ഹോസ്റ്റലിലെ വാച്ച്മാന് പോലും ഇത്തരത്തില്‍ പ്രവാസികളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ല. ഇന്ന് രാവിലെയാണ് അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയത്. ഒമാനില്‍നിന്ന് മലയാളികള്‍ വരുന്നകാര്യം ഇന്നലെ രാത്രി വൈകിയാണെന്ന് തങ്ങള്‍ അറിഞ്ഞതെന്നും പെട്ടെന്ന് തട്ടിക്കൂട്ടിയ ക്വാറന്റൈന്‍ കേന്ദ്രമാണെന്നും പ്രസിഡന്റ് പറഞ്ഞതായി പ്രവാസികള്‍ പറയുന്നു. ഇതില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും പ്രസിഡന്റ് പറയുന്നു.

രാവിലെ ഏഴുമണിക്ക് ചായ കൊടുക്കുമെന്ന് അറിയിച്ചെങ്കിലും 10 മണിയായിട്ടും ആരെയും കണ്ടില്ല. ക്വാറന്റൈന്‍ കേന്ദ്രത്തിലെ പ്രവാസികളുടെ ദുരിതവിവരമറിഞ്ഞതിനെത്തുടര്‍ന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ സെക്രട്ടറി സഹീര്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കിയത്. ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടെങ്കിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലൊന്നും ഒഴിവില്ലെന്നാണ് അറിയിച്ചത്. സ്ഥലം എംഎല്‍എ വി ടി ബെല്‍റാമിനെയും പ്രവാസി മലയാളികള്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തുകയും ക്വാറന്റൈന്‍ കേന്ദ്രം മാറുന്നതിനായി ഇവരുടെ വിശദാംശങ്ങള്‍ എഴുതിവാങ്ങുകയും ചെയ്തു.

എന്നാല്‍, സര്‍ക്കാരിന്റെ കീഴില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലൊന്നും ഒഴിവില്ലെന്നം സ്വന്തമായി ഹോട്ടലുകളില്‍ താമസസൗകര്യമൊരുക്കണമെന്നുമാണ് ഇവര്‍ അറിയിച്ചത്. പാലക്കാട് ജില്ലയില്‍ പ്രതിദിനം 1,200, 1,000, 500 എന്നീ നിരക്കില്‍ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കത്തരാമെന്നാണ് വില്ലേജ് ഓഫിസര്‍ പറഞ്ഞത്. ഇതുവരെ ഇവരെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വലിയ സൗകര്യമൊന്നും വേണ്ട, കുടിവെള്ളവും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യവുമുള്ള ഒരു കേന്ദ്രത്തിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് ഇവര്‍ അധികാരികളോട് അഭ്യര്‍ഥിക്കുന്നത്. കേരളത്തില്‍ മടങ്ങിയെത്തുന്ന മുഴുവന്‍ പ്രവാസികള്‍ക്കും ക്വാറന്റൈന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംസ്ഥാ സര്‍ക്കാര്‍ അവകാശവാദമുന്നയിക്കുമ്പോഴാണ് പാലക്കാടുനിന്ന് ഇത്തരത്തിലൊരു സംഭവം പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it