Kerala

39 അധികവിമാനങ്ങളില്‍ ഒന്നുപോലുമില്ല; കരിപ്പൂരിനോടുള്ള വിവേചനം തുടര്‍ക്കഥ

2015നു ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും ആരാണ് സര്‍ക്കാരുകളെ പിന്നോട്ട് വലിക്കാന്‍ അണിയറയില്‍ ചരട് വലിക്കുന്നതെന്നും കാലിക്കറ്റ് എയര്‍പോര്‍ട്ട് ഉപദേശക സമിതിയംഗം എം ഹാഷിര്‍ അലി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ ചോദിക്കുന്നു.

39 അധികവിമാനങ്ങളില്‍ ഒന്നുപോലുമില്ല; കരിപ്പൂരിനോടുള്ള വിവേചനം തുടര്‍ക്കഥ
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോട് കാലങ്ങളായി തുടരുന്ന വിവേചനം തുടരുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് കേരളത്തിന്റെ എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഏറ്റവുമൊടുവിലായി വിവേചനം കാട്ടിയിട്ടുള്ളത്. കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറിയും ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന മിക്ക എയര്‍ലൈന്‍സുകളും പങ്കെടുത്ത യോഗത്തില്‍ ഒരാഴ്ചയ്ക്കകം കേരളത്തിലേക്ക് 39 അധിക വിമാനങ്ങള്‍ സര്‍വീസ് നടത്താനാണു തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ ഒരെണ്ണം പോലും കരിപ്പൂരിലേക്കില്ല ഇല്ലെന്നതാണു വിവേചനമായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് ഒരു ഡയരക്റ്റ് ഫ്‌ളൈറ്റും കരിപ്പൂരില്‍ നിന്നില്ലെന്നതും ശ്രദ്ധേയമാണ്. 2015നു ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്നും ആരാണ് സര്‍ക്കാരുകളെ പിന്നോട്ട് വലിക്കാന്‍ അണിയറയില്‍ ചരട് വലിക്കുന്നതെന്നും കാലിക്കറ്റ് എയര്‍പോര്‍ട്ട് ഉപദേശക സമിതിയംഗം എം ഹാഷിര്‍ അലി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ ചോദിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിലെത്തി മൂന്നുവര്‍ഷം പിന്നിട്ടിട്ടും കാര്യമായൊന്നും ചെയ്തിട്ടില്ല. കെഎസ്ആര്‍ടിസിയുടെ ഒരു ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് തുടങ്ങിയിരുന്നു. അതും ഇപ്പോള്‍ നിര്‍ത്തി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ മന്ത്രി കെ ടി ജലീല്‍ കരിപ്പൂരിലെ ഭൂഉടമകളെ കണ്ട് ഭൂമി വിട്ടുകൊടുത്താല്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞു. എന്നാല്‍, നിയമസഭയില്‍ ഇത് മുഖ്യമന്ത്രി തിരുത്തുകയായിരുന്നു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ പറ്റുമെന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ മുന്‍ ഡയറക്ടര്‍ രാധാകൃഷ്ണനും ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പഠന റിപോര്‍ട്ട് ഡിജിസിഎയ്ക്ക് അയച്ചിരുന്നു. 2018 ജൂലൈയില്‍ ഡിജിസിഎ ഡയറക്ടര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച എംപിമാരോട് ജൂലൈ 31നു മുമ്പ് വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ പറ്റുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഉടനടി ഡല്‍ഹിയില്‍ പോയി വ്യോമയാന മന്ത്രിയെയും എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാനെയും കണ്ട് മുഖ്യമന്ത്രി ഒരു പഠനസംഘത്തെ ഉടന്‍ കരിപ്പൂരിലേക്ക് അയക്കണമെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ പറ്റുമോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് വലിയ വിമാനങ്ങള്‍ ഇറങ്ങന്‍ വൈകിയെന്നാണ് ആരോപണം. എന്നിട്ടും തടസ്സങ്ങളെല്ലാം അതിജീവിച്ച് 2018 ഡിസംബര്‍ അഞ്ചിന് കരിപ്പൂരില്‍ വലിയ വിമാനം ഇറങ്ങി.

കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സൗകര്യം വികസിപ്പിക്കാന്‍ 15 ഏക്കര്‍ ഭൂമിയെങ്കിലും അടിയന്തിരമായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയോട് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തല്‍ക്കാലം 15 ഏക്കര്‍ മതിയെന്നും ഇക്കാര്യം പിന്നീട് ആലോചിക്കാമെന്നും പറഞ്ഞ് മുഖ്യമന്ത്രി നിസ്സംഗത പാലിച്ചെന്നാണ് ആക്ഷേപം. അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ 3050 മീറ്ററില്‍ നിന്ന് 4000 മീറ്ററാക്കാന്‍ വേണ്ടി വീണ്ടും ഏകദേശം 400 ഏക്കര്‍ ഭൂമി എടുക്കാന്‍ തീരുമാനിച്ചു. അതിന് സാമ്പത്തികപ്രതിസന്ധിയോ പ്രദേശവാസികളുടെ എതിര്‍പ്പോ പ്രശ്‌നമല്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 1000 കോടിയിലേറെ രൂപ ചെലവിട്ട് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആറുറോഡുകള്‍ വീതി കൂട്ടുന്നുണ്ട്. എന്നാല്‍ രാമനാട്ടുകര മുതല്‍ കരിപ്പൂര്‍ വരെയുള്ള 12 കിലോമീറ്റര്‍ റോഡ് വീതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉഡാന്‍ സ്‌കീമില്‍പെടുന്ന വിമാനങ്ങള്‍ക്ക് നികുതിയിളവ് കൊടുക്കണമെന്ന കേന്ദ്ര നിര്‍ദേശം അട്ടിമറിച്ച് കണ്ണൂരിന് അനുവദിച്ചെന്നും ആക്ഷേപമുണ്ട്. കണ്ണൂരിലെ എല്ലാ ആഭ്യന്തര സര്‍വീസുകള്‍ക്കും ഇളവ് ബാധകമാക്കുകയായിരുന്നു. കണ്ണൂരില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാന സര്‍വീസുകള്‍ക്കും വാറ്റ് നികുതി ഒരു ശതമാനം മാത്രമായാണു നിജപ്പെടുത്തിയത്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ 29 ശതമാനം ഉള്ളിടത്താണ് ഈ അന്തരം. നിയമസഭയിലെ പ്രതിഷേധത്തിനൊടുവില്‍ ഇത് 5 ശതമാനമായി കുറച്ചെങ്കിലും നാലു ശതമാനം വിവേചനം ഇപ്പോഴും തുടരുകയാണ്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്ക് ദൈനംദിന ചെലവുകള്‍ കൂടുതലാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



Next Story

RELATED STORIES

Share it