Kerala

ഒഇസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സംരക്ഷിക്കും: നിയമസഭാ സമിതി

ഒഇസി വിഭാഗങ്ങള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ അനുവദിച്ചതായും ഇത് ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായും പിന്നോക്ക വിഭാഗ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഒഇസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സംരക്ഷിക്കും: നിയമസഭാ സമിതി
X

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുളള ഒഇസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് പിന്നോക്ക സമുദായക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി. നിയമസഭാ സമിതിയുടെ സിറ്റിങ്ങില്‍ പരാതികള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് സമിതി അധ്യക്ഷന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്. ഒഇസി വിഭാഗങ്ങള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 200 കോടി രൂപ അനുവദിച്ചതായും ഇത് ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായും പിന്നോക്ക വിഭാഗ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. കേന്ദ്ര വിഹിതം ലഭിക്കാത്തതു മൂലമുളള പ്രശ്നങ്ങളാണ് ഇപ്പോഴുളളത്.

കുമ്പാര സമുദായത്തെ ഒഇസി (എസ്.സി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും ഇത് പ്രാവര്‍ത്തികമാക്കുന്നില്ലെന്ന് കളിമണ്‍പാത്ര നിര്‍മ്മാണ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ എന്‍ കൂട്ടമണി പരാതി ഉന്നയിച്ചു. ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ചില റവന്യൂ ഉദ്യോഗസ്ഥര്‍ അലംഭാവം പുലര്‍ത്തുന്നതായും പരാതി ഉണ്ടായി. ഇത്തരത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹനം പദ്ധതികള്‍ പിന്നോക്ക വിഭാഗ വികസന വകുപ്പും ഏറ്റെടുക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിക്കും.

സ്‌കൂളുകളിലെ കരാര്‍ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് കോണ്‍ഫെഡറേഷന്റെ അപേക്ഷ സമിതി പരിശോധിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള നിയമനങ്ങള്‍ സംവരണം പാലിച്ചാണ് നടക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സാമ്പത്തിക സംവരണത്തില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരേയും ഉള്‍പ്പെടുത്തുക, പിന്നോക്കക്കാരായ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അഖില കേരള എഴുത്തച്ഛന്‍ സഭ പ്രതിനിധികള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ മറുപടി കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സമിതി വ്യക്തമാക്കി. ഒരേ കുടുംബാംഗങ്ങളായ കളരിക്കുറുപ്പ്-കളരിപ്പണിക്കര്‍ സമുദായംഗങ്ങള്‍ക്ക് വ്യത്യസ്ത ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുവെന്ന പരാതി പരിഹരിക്കണമെന്ന് സമിതി റവന്യൂ വകുപ്പിനോട് നിര്‍ദ്ദേശിച്ചു

Next Story

RELATED STORIES

Share it