Kerala

മാണിയെ സ്മരിച്ച് സഭ; നഷ്ടമായത് സമാനതകളില്ലാത്ത നേതാവിനെ -മുഖ്യമന്ത്രി

മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ നിയമസഭ ബാഷ്പാജ്ഞലി അർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനും എംപിയുമായ ജോസ് കെ മാണി നിയമസഭാ സന്ദർശക ഗ്യാലറിയിൽ സന്നിഹിതനായിരുന്നു. മാണിയുടെ സന്തത സഹചാരികളായിരുന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ പി സി ജെയിംസ്, സിബി പുത്തേറ്റ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ ജോസ് കെ മാണിക്കൊപ്പം സന്ദർശക ഗ്യാലറിയിലുണ്ടായിരുന്നു.

മാണിയെ സ്മരിച്ച് സഭ; നഷ്ടമായത് സമാനതകളില്ലാത്ത നേതാവിനെ -മുഖ്യമന്ത്രി
X

തിരുവനന്തപുരം: അന്തരിച്ച മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന കെ എം മാണിക്കു നിയമസഭയുടെ ആദരാജ്ഞലി. പകരം വെക്കാനില്ലാത്ത നേതാവിനെയാണ് കെ എം മാണിയിലൂടെ നാടിനും നിയമസഭയ്ക്കും നഷ്ടമായതെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭ അദ്ദേഹത്തിന് പാഠശാലയായിരുന്നു. പതിമൂന്നു തവണ പാലായുടെ അംഗമായ അദ്ദേഹത്തിന്റെ റെക്കോര്‍ഡു തകര്‍ക്കാന്‍ കഴിയില്ല. മാണിയുടെ വിയോഗത്തിലൂടെ മനുഷ്യപക്ഷത്തുനിന്ന മികച്ച ഭരണാധികാരിയേയും അവഗാഹമുള്ള പാര്‍ലമെന്റേറിയനേയുമാണ് നഷ്ടമായതെന്നും സ്പീക്കര്‍ പറഞ്ഞു.

മാണിയുടെ വിയോഗം കേരളത്തിനുണ്ടാക്കിയത് തീരാനഷ്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഓരോ വിഷയത്തിലുമുള്ള തന്റെ അറിവ് പൊതുകാര്യങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഉപയോഗപ്പെടുത്തി. തന്റെ വ്യത്യസ്തമായ ശൈലിയിലൂടെ ദേശീയതലത്തില്‍ വരെ ശ്രദ്ധനേടാന്‍ മാണിക്കു കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

കേരള രാഷ്ട്രീയത്തെ തന്റെ വഴികളിലേക്കു നയിച്ച നേതാവായിരുന്നു കെ എം മാണിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യത്യസ്തമായ ശൈലിയിലൂടെയാണ് മാണി സാര്‍ ശ്രദ്ധിക്കപ്പെട്ടത്. പാണ്ഡിത്യവും വീക്ഷണവും കൊണ്ടു മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കു മാണിസാര്‍ മാതൃകയായി. കാരുണ്യ ബെനവലന്റ് സ്‌കീം കെ എം മാണിയെന്ന മനുഷ്യസ്നേഹിയായ ഭരണാധികാരിയുടെ സൃഷ്ടിയാണ്. മാണിയോടുള്ള ആദരസൂചകമായി അതു തുടരാനുള്ള തീരുമാനമുണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികള്‍ക്കു ദേശീയ കാഴ്ചപ്പാടു വേണമെന്ന വാദം ആദ്യമായി ഉയര്‍ത്തിയത് കെ എം മാണിയായിരുന്നുവെന്നു കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് അനുസ്മരിച്ചു. കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച കാലം തൊട്ടു അതിന്റെ നയവും നിലപാടുകളും സ്വീകരിക്കുന്നതില്‍ മാണിസാറിന് വലിയ പങ്കുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലും പരിഹാരം കാണുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറായി. വര്‍ങ്ങള്‍ നീണ്ട സംഘടനാ ബന്ധത്തിനിടെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞെങ്കിലും എക്കാലത്തും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചു. അത് അവസാനകാലം വരെ തുടര്‍ന്നതായും ജോസഫ് പറഞ്ഞു.

കെ എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ കേരള നിയമസഭ ബാഷ്പാജ്ഞലി അർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനും എംപിയുമായ ജോസ് കെ മാണി നിയമസഭാ സന്ദർശക ഗ്യാലറിയിൽ സന്നിഹിതനായിരുന്നു. മാണിയുടെ സന്തത സഹചാരികളായിരുന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ പി സി ജെയിംസ്, സിബി പുത്തേറ്റ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ ജോസ് കെ മാണിക്കൊപ്പം സന്ദർശക ഗ്യാലറിയിലുണ്ടായിരുന്നു. തുടർന്ന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഒത്തുചേർന്ന് മാണിസാറിനെ അനുസ്മരിച്ചു.

ചരമോപചാരത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു. നാളെ രാവിലെ വീണ്ടും ചേരും.

Next Story

RELATED STORIES

Share it