Kerala

എന്‍ഐഎ ഭേദഗതി ബില്ലിനെ എതിര്‍ക്കാത്തവര്‍ പൗരാവകാശ ലംഘനത്തിന് കൂട്ടുനിന്നവര്‍: എസ്ഡിപിഐ

എന്‍ഐഎ ഭേദഗതി ബില്ലിനെ എതിര്‍ക്കാത്തവര്‍ പൗരാവകാശ ലംഘനത്തിന് കൂട്ടുനിന്നവര്‍: എസ്ഡിപിഐ
X

കോഴിക്കോട്: ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന എന്‍ഐഎ(ഭേദഗതി) ബില്‍ പാസ്സാക്കുന്നതിന് വോട്ടിനിട്ടപ്പോള്‍ എതിര്‍ത്ത് വോട്ടു ചെയ്യാതിരുന്നവര്‍ ഫാഷിസത്തിന് കുടപിടിക്കുകയായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പൗരാവകാശ ലംഘനത്തിനും ന്യൂനപക്ഷ, ദലിത് വേട്ടയ്ക്കും വേണ്ടി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ബില്ലിനെതിരായി വോട്ട് ചെയ്യാതിരുന്നതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരുടെ അവകാശവാദങ്ങള്‍ ബാലിശമാണ്. ബില്ലിനെ വിമര്‍ശിക്കുന്നത് ഫാഷിസത്തെ ഭയന്നാണെന്ന് പറയാതെ പറയുകയാണവര്‍. ബില്ലിനെ എതിര്‍ക്കുന്നത് ദേശവിരുദ്ധമാണെന്നു ബിജെപി ചിത്രീകരിക്കുമെന്നതിനാലാണ് വോട്ട് ചെയ്യാതിരുന്നതെന്ന മുസ്്ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന നിസ്സഹായതയുടെ നിലവിളിയാണ്. സ്വന്തം നിലനില്‍പ്പിനായി നെട്ടോട്ടമോടുന്ന ലീഗിന് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാവില്ല.

എന്‍ഐഎ കൈകാര്യം ചെയ്യുന്ന കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ അധികാരം നല്‍കുന്നത് ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിയൊരുക്കും.

നിയമഭേദഗതിയിലൂടെ പോലിസ് രാജിന് ഇടയാക്കുമെന്ന് പാര്‍ലിമെന്റിലെ ചര്‍ച്ചകളില്‍ വിമര്‍ശനമുന്നയിച്ചവര്‍ പോലും അനുകൂലിച്ച് വോട്ട് ചെയ്തത് വിരോധാഭാസമാണ്. ഹിന്ദുത്വഭീകരത തുറന്നു കാട്ടിയ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിനു ശേഷം രൂപീകരിച്ച എന്‍ഐഎ നാളിതുവരെ തടവറയിലാക്കിയത് മുസ്‌ലിം, ദലിത്, ആദിവാസി, പൗരാവകാശ പ്രവര്‍ത്തകരെയാണ്. ഹിന്ദുത്വര്‍ പ്രതിയായ സ്ഫോടനങ്ങളിലെല്ലാം എന്‍ഐഎ അവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. എന്‍ഐഎ സംഘപരിവാരത്തിന്റെ പോഷകവിഭാഗമാണെന്നു പോലും ആക്ഷേപമുയരുന്നുണ്ട്. കടുത്ത പൗരാവകാശലംഘനത്തിന് സാഹചര്യമൊരുക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബില്‍ ഭേദഗതി പാസ്സാക്കിയിരിക്കുന്നത്. ഇത് ഭരണകൂടത്തിന്റെ ദുര്‍നടപ്പുകളെ ചോദ്യം ചെയ്യുന്ന പൗരാവകാശ പ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഫാഷിസ്റ്റ് തന്ത്രമാണെന്ന് ജനാധിപത്യ വിശ്വാസികളില്‍ ആശങ്കയുണ്ടെന്നും മജീദ് ഫൈസി കൂട്ടിച്ചേര്‍ത്തു. നിയമ ഭേദഗതിയെ പിന്തുണച്ച എംപിമാരുടെയും എതിര്‍ത്ത് വോട്ട് ചെയ്യാതെ മാറി നിന്ന എംപിമാരുടെയും നടപടികളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടത്തി.

Next Story

RELATED STORIES

Share it