Kerala

അന്തര്‍സംസ്ഥാന സര്‍വീസ്: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ലൈസന്‍സ് നൽകില്ല

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.

അന്തര്‍സംസ്ഥാന സര്‍വീസ്: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ലൈസന്‍സ് നൽകില്ല
X

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമാക്കുന്ന മാനദണ്ഡമാണ് പുറത്തിറക്കിയിരിക്കുന്നത്. ലൈസന്‍സ് എടുക്കുന്നയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധനയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ബുക്കിങ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീര്‍ണം ഉണ്ടാവണം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് യാത്രക്കാര്‍ക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം, ടോയിലറ്റ് സൗകര്യം, ലോക്കര്‍ സംവിധാനത്തോടെയുള്ള ക്ലോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സിസിടിവി, കുടിവെള്ളം, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഓഫീസില്‍ ഉണ്ടായിരിക്കണം.

മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകള്‍ നിറുത്തുന്നതിന് മതിയായ സ്ഥലം ഉറപ്പ് വരുത്തണം. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വലിയ മൂന്ന് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനുള്ള സ്ഥലസൗകര്യം ഉണ്ടാവണം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ 500 മീറ്റര്‍ പരിധിയില്‍ ബുക്കിങ് ഓഫീസോ പാര്‍ക്കിങ് സ്ഥലമോ പാടില്ല. കേരള പോലിസിന്റെയും ആര്‍ടിഒയുടെയും പരാതി അറിയിക്കാനുള്ള ഫോണ്‍ നമ്പറുകളും വിമന്‍ ഹെല്‍പ് ലൈന്‍ നമ്പറും ഓഫീസില്‍ പ്രദര്‍ശിപ്പിക്കണം. എല്‍എപിടി ലൈസന്‍സ് ഓഫീസില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം.

ബുക്കിങ് ഓഫീസിന്റെ പേരും ലൈസന്‍സ് നമ്പരും മുന്‍വശത്ത് കാണാനാവും വിധം സ്ഥാപിക്കണം. ബസ് ഓപ്പറേറ്റര്‍മാരുടെ പേരും ഫോണ്‍ നമ്പരുകളും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ സമയക്രമം യാത്രക്കാര്‍ക്ക് കാണാനാവും വിധം എഴുതി പ്രദര്‍ശിപ്പിക്കണം. വാഹനങ്ങള്‍ എവിടെയെത്തിയെന്നത് ഡിജിറ്റല്‍ സംവിധാനത്തിലൂടെ കാണിക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നല്‍കണം.

ആര്‍ടിഎ സെക്രട്ടറിക്ക് ത്രൈമാസ റിട്ടേണ്‍ ബുക്കിങ് ഓഫീസ് ഉടമ സമര്‍പ്പിക്കണം. യാത്രക്കാരുടെ വിവരം നിശ്ചിത ഫോമില്‍ സൂക്ഷിക്കണം. ഒരു വര്‍ഷം വരെ ഈ ലിസ്റ്റ് സൂക്ഷിച്ചിരിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തില്‍ കൊണ്ടുപോകരുത്. യാത്രാവഴിയില്‍ 50 കിലോമീറ്റര്‍ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയിലറ്റ്, റിഫ്രഷ്മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാര്‍ക്ക് ലഭ്യമാക്കണം. വാഹനം, ജീവനക്കാര്‍, യാത്രക്കാര്‍, ഹെല്‍പ്ലൈന്‍ നമ്പറുകള്‍, പോലിസ്, മോട്ടോര്‍വാഹന, വിമന്‍ ഹെല്‍പ് ലൈനുകള്‍ എന്നിവയുടെ വിവരം ടിക്കറ്റിലുണ്ടാവണം. വാഹനം ബ്രേക്ക്ഡൗണ്‍ ആയാല്‍ പകരം ഏര്‍പ്പെടുത്താനുള്ള സംവിധാനം ലൈസന്‍സിക്കോ ഓപ്പറേറ്റര്‍ക്കോ ഉണ്ടായിരിക്കണം.

Next Story

RELATED STORIES

Share it