Kerala

പുതിയ കൊവിഡ് വകഭേദം; കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

പുതിയ കൊവിഡ് വകഭേദം; കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന
X

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ അപകടകരമായ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദമായ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മെയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലന്റ്, പോര്‍ച്ചുഗല്‍ അടക്കം ഏഴ് രാജ്യങ്ങളില്‍കൂടി കണ്ടെത്തി. ഇതുവരെ ഇന്ത്യയില്‍ സി.1.2 റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.

സി.1.2 എന്ന പുതിയ വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും വാക്‌സിനെ മറികടക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവാം. അങ്ങനെ വന്നാല്‍ വാക്‌സിന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധശേഷിയെ പൂര്‍ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍, ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Next Story

RELATED STORIES

Share it