Kerala

കഞ്ചാവ് കേസ് എല്‍ഡിഎഫിലും പുകയുന്നു; സിപിഐയില്‍ കൊമ്പ് കോര്‍ക്കല്‍

സിപിഐ സംസ്ഥാന നേതൃത്വത്തിലെ ഉന്നതന്റെ മകന്‍ ഉള്‍പ്പെട്ട കേസില്‍ തൊണ്ടിമുതല്‍ മാറ്റി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ സിപിഐയിലെ കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മായില്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് ശക്തമായിരിക്കുകയാണ്.

കഞ്ചാവ് കേസ് എല്‍ഡിഎഫിലും പുകയുന്നു; സിപിഐയില്‍ കൊമ്പ് കോര്‍ക്കല്‍
X

തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറി ചുമതലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഗ്രൂപ്പ് പോര് അവസാനിക്കും മുമ്പ് സിപിഐയില്‍ പുതിയ വിവാദം. സിപിഐ നേതാവിന്റെ മകനുള്‍പ്പെട്ട കഞ്ചാവ് കേസാണ് എല്‍ഡിഎഫിലും പാര്‍ട്ടിയിലും പുകയുന്നത്. സിപിഐ സംസ്ഥാന നേതൃത്വത്തിലെ ഉന്നതന്റെ മകന്‍ ഉള്‍പ്പെട്ട കേസില്‍ തൊണ്ടിമുതല്‍ മാറ്റി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ സിപിഐയിലെ കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മായില്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് ശക്തമായിരിക്കുകയാണ്.

സിപിഎമ്മിലും തൊണ്ടി മുതല്‍ കാണാതായത് ചര്‍ച്ചയായിട്ടുണ്ട്. ഈ സംഭവത്തോടെ നേരത്തെ സ്പ്രിങ്ഗ്ലര്‍ വിവാദത്തില്‍ വിമര്‍ശിച്ച സിപിഐക്ക് സിപിഎം നേതൃത്വത്തിന്റെ മുന്നില്‍ തലകുനിക്കേണ്ടിയും വന്നു. മകനെ രക്ഷിക്കാന്‍ വേണ്ടി നേതാവ് തൊണ്ടി മുതലില്‍ കൃത്രിമം കാണിക്കാന്‍ ഉന്നത ഇടപെടല്‍ നടത്തുകയായിരുന്നുവെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതാണ് ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. കഞ്ചാവ് കേസും സ്പ്രിങ്ഗ്ലര്‍ വിവാദവും സിപിഎം- സിപിഐ മുതിര്‍ന്ന നേതാക്കള്‍ പരസ്പര ധാരണയിലൂടെ ഒതുക്കി തീര്‍ക്കുകയാണെന്ന ആരോപണത്തിൽ സിപിഎം അണികള്‍ക്കിടയിലും അമർഷം പുകയുകയാണ്.

സ്പ്രിങ്ഗ്ലര്‍ വിവാദത്തില്‍ നിന്ന് കാനം പിന്‍മാറിയതിന്റെ കാരണം ഈ കഞ്ചാവ് കേസാണെന്ന് പാർട്ടിയിലെ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇതോടെ കേസില്‍ പെട്ട നേതാവിനെ കാനം പാര്‍ട്ടിക്കുള്ളില്‍ തള്ളിപ്പറഞ്ഞതായാണ് വിവരം. സിപിഐ സംസ്ഥാന നേതൃത്വത്തിലെ ഉന്നതന്റെ മകനാണ് കൊല്ലം ജില്ലയില്‍ കഞ്ചാവ് കേസില്‍ പ്രതിയായത്. മറ്റു നാലുപേര്‍ കൂടി പ്രതിപ്പട്ടികയിലുണ്ട്. ഏപ്രില്‍ നാലിനാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നു പിടികൂടിയതായാണ് എഫ്ഐആര്‍. എന്നാല്‍ ഇവരില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നുവെന്നാണ് വിവരം. ഇതാണ് ഉന്നത ഇടപെടലിൽ രണ്ട് ഗ്രാമായി മാറിയത്. ഒരു കിലോയ്ക്കു താഴെ കഞ്ചാവ് കൈവശം വച്ചാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണ്. കോടതിയില്‍ ഹാജരാക്കുകയും വേണ്ട. നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തിരിമറി കാട്ടിയെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്ന് ഇസ്മായില്‍ വിഭാഗം നേതാക്കള്‍ ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മയക്കു മരുന്നു കേസ് മയപ്പെടുത്താന്‍ പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയവര്‍ക്കെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

Next Story

RELATED STORIES

Share it