Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എഎസ്‌ഐ അടക്കം മൂന്നുപോലിസുകാര്‍കൂടി അറസ്റ്റില്‍

നെടുങ്കണ്ടം സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലിസ് ഓഫിസര്‍ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റുചെയ്തത്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എഎസ്‌ഐ അടക്കം മൂന്നുപോലിസുകാര്‍കൂടി അറസ്റ്റില്‍
X

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ മൂന്ന് പോലിസുകാരെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. നെടുങ്കണ്ടം സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലിസ് ഓഫിസര്‍ ജിതിന്‍ കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റുചെയ്തത്. സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത വാഗമണ്‍ സ്വദേശി രാജ്കുമാറിനെ മൂവരും മര്‍ദിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

നെടുങ്കണ്ടം മുന്‍ എസ്‌ഐ സാബു, സിവില്‍ പോലിസ് ഓഫിസറും ഡ്രൈവറുമായിരുന്ന സജിമോന്‍ ആന്റണി, മുന്‍ എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡി കൊലക്കേസില്‍ അറസ്റ്റിലായ പോലിസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം കസ്റ്റഡിക്കൊലപാതകം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കുറ്റാരോപിതരായ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യാതിരുന്നത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു.

രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ച നാല് പോലിസുകാരെ അറസ്റ്റുചെയ്‌തെങ്കിലും ഉന്നതരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇടുക്കി മുന്‍ എസ്പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് എസ്‌ഐ സാബു വെളിപ്പെടുത്തിയിട്ടും എസ്പിയെ ചോദ്യംചെയ്യാന്‍പോലും അന്വേഷണസംഘം തയ്യാറാവാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം 21നാണ് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലില്‍ മരിച്ചത്.

ഹൃദയാഘാതം മൂലമാണ് മരണമെന്ന് പോലിസ് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. രാജ്കുമാറിന്റെ മൃതദേഹത്തില്‍ 22 പരിക്കുകളുണ്ടെന്നും ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും വ്യക്തമായി. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചത്. എന്നാല്‍, പ്രതിപക്ഷം നിയമസഭയിലടക്കം പ്രതിഷേധം ശക്തമാക്കിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it