Big stories

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: പ്രതികളായ പോലിസുകാര്‍ ഒളിവില്‍ത്തന്നെ; കീഴടങ്ങാന്‍ നീക്കമെന്ന് സൂചന

രണ്ടും മൂന്നും പ്രതികളായ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. കോടതി മുമ്പാകെ ഹാജരായി കീഴടങ്ങുന്നതിന് പ്രതികള്‍ക്ക് പോലിസുകാര്‍തന്നെ സാവകാശം നല്‍കുകയാണെന്ന ആക്ഷേപം ശക്തമാണ്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: പ്രതികളായ പോലിസുകാര്‍ ഒളിവില്‍ത്തന്നെ; കീഴടങ്ങാന്‍ നീക്കമെന്ന് സൂചന
X

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ പ്രതികളായ പോലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകുന്നു. രണ്ടും മൂന്നും പ്രതികളായ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. കോടതി മുമ്പാകെ ഹാജരായി കീഴടങ്ങുന്നതിന് പ്രതികള്‍ക്ക് പോലിസുകാര്‍തന്നെ സാവകാശം നല്‍കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഒന്നാം പ്രതി എസ്‌ഐ സാബുവിനെയും നാലാം പ്രതി സജീവ് ആന്റണിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റും ഉടനുണ്ടാവുമെന്നാണ് പോലിസ് പറയുന്നത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പോലിസുകാരോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇവര്‍ ഒളിവില്‍ തുടരുകയാണ്. അതിനിടെ, കസ്റ്റഡി കൊലപാതകത്തില്‍ പ്രതിപ്പട്ടിക വിപുലീകരിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കങ്ങള്‍ ആരംഭിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മര്‍ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കസ്റ്റഡി കൊലപാതകത്തില്‍ നാല് പ്രതികളുണ്ടെന്നാണ് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലുള്ളത്. ഇവരെ കൂടാതെ കൂടുതല്‍ പോലിസുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇപ്പോള്‍ പറയുന്നത്.

ആദ്യ നാല് പ്രതികളെ കൂടാതെ വേറെയും ചിലര്‍ രാജ്കുമാറിനെ മര്‍ദിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറിയുമുണ്ടായി. ഇങ്ങനെ മര്‍ദിച്ചവരും തെളിവുനശിപ്പിച്ചവരുമെല്ലാം പ്രതിപ്പട്ടികയിലുണ്ടാവും. രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയെയും മഞ്ജുവിനെയും മര്‍ദിച്ച വനിതാ പോലിസുകാര്‍ക്കെതിരെയും നടപടിയുണ്ടാവും. രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലിസുകാരെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തലവന്‍ കൊച്ചി ക്രൈംബ്രാഞ്ച് റേഞ്ച് ഐജി ഗോപേഷ് അഗര്‍വാള്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ക്രൈംബ്രാഞ്ച് സംഘം ക്യാംപ് ചെയ്യുന്ന ഗസ്റ്റ് ഹൌസിലെത്തി മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

എസ്‌ഐ സാബുവിനെയും സിപിഒ സജീവിനെയും കസ്റ്റഡിയില്‍ കിട്ടാന്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. അതേസമയം, ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ നാളെ തൊടുപുഴ കോടതിയിലെത്തും. പീരുമേട് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ലാ കോടതിയെ സമീപിച്ചത്. അതിനിടെ, കൊലപാതകത്തില്‍ പീരുമേട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്നറിയാന്‍ ജയില്‍ ഐജി തങ്കയ്യ കോട്ടയം മെഡിക്കല്‍ കോളജിലെത്തി ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. അവശനായിരുന്ന രാജ്കുമാറിന് യഥാസമയം ജയില്‍ അധികൃതര്‍ ചികില്‍സ നല്‍കിയില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇതുകൂടി ഉള്‍പ്പെടുത്തിയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Next Story

RELATED STORIES

Share it