Kerala

നെടുമ്പാശ്ശേരി വിമാനത്തിന്റെ ഹരിത യാത്രയില്‍ പുതിയ കാല്‍വയ്പ്പ്; വരുന്നു 12 മെഗാവാട്ട് പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ്

നെടുമ്പാശ്ശേരി വിമാനത്തിന്റെ ഹരിത യാത്രയില്‍ പുതിയ കാല്‍വയ്പ്പ്; വരുന്നു 12 മെഗാവാട്ട് പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ്
X

കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ (സിയാല്‍) സുസ്ഥിരവികസന യാത്ര പുതിയൊരു ദിശയിലേക്ക് കടക്കുകയാണ്. സിയാലിന്റെ പുതിയ ഹരിത ഊര്‍ജ പദ്ധതി; പയ്യന്നൂര്‍ സൗരോര്‍ജ പ്ലാന്റ്, മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 12 മെഗാവാട്ടാണ് സ്ഥാപിതശേഷി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയില്‍ സൗരോര്‍ജ പ്ലാന്റിനടത്തുള്ള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്ത് അധികം പരീക്ഷിക്കപെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാര്‍ പ്ലാന്റാണ് പയ്യന്നുരിലെത്.

ഭൂമിയുടെ ഘടനയെ കൃത്യതയോടെ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം പ്ലാന്റ്‌റുകള്‍ക്ക് നിരപാര്‍ന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാള്‍ 35 ശതമാനത്തിലധികം പാനലുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പയ്യന്നൂര്‍ പ്ലാന്റില്‍നിന്ന് മാത്രം പ്രതിദിനം 48,000 യൂനിറ്റ് വൈദ്യുതി ലഭിക്കും. സോളാര്‍ കാര്‍പോര്‍ട്ട് ഉള്‍പ്പെടെ കൊച്ചി വിമാനത്താവള പരിസരത്തുള്ള എട്ട് സൗരോര്‍ജ പ്ലാന്റുകള്‍ നിലവില്‍ സിയാലിന്റെ സൗരോര്‍ജ പദ്ധതിയുടെ ഭാഗമാണ്. പയ്യന്നൂര്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് ആയി വര്‍ദ്ധിക്കുകയാണ്. ഇവയിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലധികം യൂനിറ്റ് വൈദ്യുതിയാണ് സിയാലിന് ലഭിക്കുക. (വിമാനത്താവളത്തിന്റെ പ്രതിദിന ഊര്‍ജ ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ്) 2021 നവംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അരിപ്പാറ ജലവൈദ്യുത നിലയത്തില്‍നിന്നും സീസണില്‍ പ്രതിദിനം ലഭിക്കുന്ന ഒരു ലക്ഷം യൂനിറ്റ് വൈദ്യുതിക്ക് പുറമെയാണിത്.

2015ല്‍ വിമാനത്താവളം ഊര്‍ജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതോല്‍പ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. ഊര്‍ജ സ്വയംപര്യാപ്തതയുള്ള സ്ഥാപനം എന്നതിലപ്പുറം ഊര്‍ജോത്പാദകരായി സിയാല്‍ മാറുകയാണ്. നിരവധി സവിശേഷതകളുള്ള പ്ലാന്റാണ് പയ്യന്നൂരിലേത്. ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന രീതിയാണ് പയ്യന്നൂരില്‍ സിയാല്‍ സ്വീകരിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക തരത്തില്‍ രൂപകല്‍പ്പന ചെയ്ത പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് കരുതല്‍ പകര്‍ന്നുകൊണ്ടുള്ള ഇത്തരം വികസന പദ്ധതികള്‍ മറ്റ് ഊര്‍ജ ഉപയോക്താക്കള്‍ക്ക് മാതൃകയാകും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'- എസ് സുഹാസ് കൂട്ടിച്ചേര്‍ത്തു.

46 ലക്ഷം വൃക്ഷങ്ങള്‍ക്ക് തുല്യം

പരമ്പരാഗത ഊര്‍ജ സ്രോതസ്സില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഓരോ യൂനിറ്റ് വൈദ്യുതിയും പരിസ്ഥിതിക്ക് ഏറെ ഹാനികരമാവുമ്പോള്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനം പരിസ്ഥിതി സൗഹാര്‍ദമാവുന്നു .50 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ്‌റുകളില്‍നിന്നുള്ള വൈദ്യുതി ഉത്പാദന പ്രക്രിയക്ക്, പ്രതിവര്‍ഷം 28000 മെട്രിക് ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കും. ഒരുകോടി ലിറ്റര്‍ ഫോസില്‍ ഇന്ധനങ്ങള്‍ എരിച്ചുകളിയാതിരിക്കുന്നതിനും 7,000 കാറുകള്‍ ഒരുവര്‍ഷം നിരത്തില്‍ ഉപയോഗിക്കാതിരിക്കുന്നതിനും തുല്യമാണ്.

കൂടാതെ ഇത് 46 ലക്ഷം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് 10 വര്‍ഷം കൊണ്ട് ലഭ്യമാക്കപ്പെടുന്ന വായുവിന് തുല്യമാണിത്. സോളാര്‍ പനലുകളിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജത്തിന് പരിസ്ഥിതി സംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികള്‍ കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കുക വഴി പരിസ്ഥിതിക്ക് ഗുണകരമാകുന്നു.

വിമാനത്താവള പരിസരത്തുള്ള പ്ലാന്റുകളും പയ്യന്നൂര്‍ സൗരോര്‍ജ നിലയവും ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെഎസ്ഇബിയുടെ പവര്‍ ഗ്രിഡിലേക്ക് നല്‍കുകയും ആവശ്യമുള്ളപ്പോള്‍ തിരിച്ചുലഭിക്കുകയും ചെയ്യുന്ന പവര്‍ ബാങ്കിങ് സമ്പ്രദായമാണ് സിയാല്‍ നടപ്പാക്കുന്നത്. വിമാനത്താവളം പോലേയുള്ള വന്‍കിട ഊര്‍ജ ഉപഭോക്താക്കള്‍ക്ക് ഹരിത ഊര്‍ജം എങ്ങനെ ഉപയുക്തമാക്കാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത സ്ഥാപനമാണ് സിയാല്‍. ഈ നേട്ടത്തിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ചാംപ്യന്‍സ് ഓഫ് എര്‍ത്ത് ബഹുമതിയ്ക്ക് സിയാല്‍ അര്‍ഹമായിരുന്നു.

Next Story

RELATED STORIES

Share it