Kerala

കറാച്ചി ഹോട്ടലിനെതിരേ ഹിന്ദുത്വ ഭീഷണി: സംഘ്പരിവാറിന്റെ ഭ്രാന്തന്‍ ദേശീയതക്കെതിരേ ജനാധിപത്യ പ്രതിരോധം ഇന്ന്

കോഴിക്കോട്ടെ ഹോട്ടലിലെത്തിയ ഒരു സംഘം കറാച്ചി എന്ന പേര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം പേര് മാറ്റാന്‍ തയ്യാറായില്ലെങ്കിലും തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് ബോര്‍ഡിലെ 'ക' മറക്കുകയായിരുന്നു.

കറാച്ചി ഹോട്ടലിനെതിരേ ഹിന്ദുത്വ ഭീഷണി:      സംഘ്പരിവാറിന്റെ ഭ്രാന്തന്‍ ദേശീയതക്കെതിരേ ജനാധിപത്യ പ്രതിരോധം ഇന്ന്
X

കോഴിക്കോട്: സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട് കറാച്ചി ഹോട്ടലിന്റെ ബോര്‍ഡ് മറക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബീച്ചില്‍ ഇന്ന് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കും. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് 4.30നാണ് പ്രതിരോധ സംഗമം നടക്കുന്നത്. പരിപാടിയില്‍ അഡ്വ. പി എ പൗരന്‍, കമല്‍ സി നജ്മല്‍, അനൂപ് വി ആര്‍, പ്രദീപ് നെന്മാറ, സാലിഹ് കോട്ടപ്പള്ളി, ജാസ്മിന്‍ പി കെ, സുദീപ് കെ എസ്, രമേശ് നന്മണ്ട, പി കെ സാദിഖ് മമ്പാട്, റഹീം ചേന്ദമംഗല്ലൂര്‍ എന്നിവര്‍ പങ്കെടുക്കും.



സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് കോഴിക്കോട് കറാച്ചി ദര്‍ബാര്‍ ഹോട്ടലിന്റെ ബോര്‍ഡിലെ 'ക' എന്ന ഭാഗം ഉടമ ജംഷി പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചത്. പാകിസ്താനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഹൈദരാബാദിലും ബെംഗളൂരുവിലും കറാച്ചി ബേക്കറികള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. കോഴിക്കോട്ടെ ഹോട്ടലിലെത്തിയ ഒരു സംഘം കറാച്ചി എന്ന പേര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം പേര് മാറ്റാന്‍ തയ്യാറായില്ലെങ്കിലും തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് ബോര്‍ഡിലെ 'ക' മറക്കുകയായിരുന്നു.

ഗള്‍ഫില്‍ ഏറെ പ്രസിദ്ധമായ റസ്റ്ററന്റ് ചെയിനാണ് കറാച്ചി ദര്‍ബാര്‍. ഫൊട്ടോഗ്രാഫറായ ജംഷി ദുബായിലെ കറാച്ചി ദര്‍ബാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചപ്പോഴാണ് കേരളത്തില്‍ ഒരു ഹോട്ടല്‍ എന്ന ആശയം തോന്നിയത്. ദുബായിലെ കറാച്ചി ദര്‍ബാറില്‍ ഉപയോഗിക്കുന്ന ഗരം മസാലയും ഇറാനി മസാലയും മാത്രം ഉപയോഗിച്ച് ഭക്ഷണമൊരുക്കുന്നതിനാലാണ് കറാച്ചി ദര്‍ബാര്‍ എന്ന പേരു നല്‍കിയത്.

ജംഷിയും സഹോദരന്‍മാരും പൊറ്റമ്മല്‍ ജംക്ഷനിലും കടപ്പുറത്തും രണ്ടു കറാച്ചി ദര്‍ബാര്‍ റസ്റ്ററന്റുകള്‍ നടത്തുന്നുണ്ട്. ഒരാഴ്ച്ച മുമ്പ് പൊറ്റമ്മലിലെ റസ്റ്ററന്റില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ചിലരാണ് പേരിലെ 'കറാച്ചി' മാറ്റുന്നതിനെക്കുറിച്ച് നിര്‍ദേശിച്ചത്. അന്നതു കാര്യമാക്കിയില്ലെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് വീണ്ടുമെത്തിയ ഇവര്‍ പേരു മാറ്റുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചതായും ജംഷി പറഞ്ഞു.

നിലവിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ചാണ് പേരിലെ കറാച്ചി മറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it