Kerala

സ്‌കൂളില്‍ യോഗാദിന പരിപാടിക്കിടെ കാര്‍ പാഞ്ഞുകയറി; അധ്യാപികയ്ക്കും 8 കുട്ടികള്‍ക്കും പരിക്ക്

മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലെ അസംബ്ലി യോഗാദിനാചരണത്തിനിടെയാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

സ്‌കൂളില്‍ യോഗാദിന പരിപാടിക്കിടെ കാര്‍ പാഞ്ഞുകയറി; അധ്യാപികയ്ക്കും 8 കുട്ടികള്‍ക്കും പരിക്ക്
X

കൊച്ചി: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി അധ്യാപികയ്ക്കും എട്ട് കുട്ടികള്‍ക്കും പരിക്കേറ്റു. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലെ അസംബ്ലി യോഗാദിനാചരണത്തിനിടെയാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കാറാണ് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത്. വിദ്യാര്‍ഥികളെയും സാരമായി പരിക്കേറ്റ ഒരു അധ്യാപികയെയും കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റ വിദ്യാര്‍ഥികളുടെ ആരോഗ്യനില ഗുരുതരമല്ല. അധ്യാപികയുടെ നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. വാഹനമോടിച്ച ശ്രീകുമാര്‍ വര്‍മയ്‌ക്കെതിരേ അലക്ഷ്യമായി വാഹനമോടിച്ചതിന് പോലിസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹം സ്‌കൂളിലേക്ക് കയറിയപ്പോള്‍ ബ്രേക്കാണെന്ന് കരുതി ആക്‌സ്‌ലേറ്ററില്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പോലിസിനോട് പറഞ്ഞിരിക്കുന്നത്. പോലിസ് സ്‌കൂളില്‍ പരിശോധന നടത്തിവരികയാണ്.

Next Story

RELATED STORIES

Share it