Kerala

കുതിരവട്ടം കേന്ദ്രത്തില്‍നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു; ശുചിമുറിയുടെ ചുമര്‍ തുരന്നു, ചുറ്റുമതില്‍ ചാടിയോടി

കുതിരവട്ടം കേന്ദ്രത്തില്‍നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു; ശുചിമുറിയുടെ ചുമര്‍ തുരന്നു, ചുറ്റുമതില്‍ ചാടിയോടി
X

കോഴിക്കോട്: പെരിന്തല്‍മണ്ണ ഏലംകുളത്ത് 2021 ജൂണില്‍ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ വിവാഹ അഭ്യര്‍ഥന നിരസിച്ചതിനു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയില്‍ വിനീഷ് വിനോദ് (26) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയി. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണു ചാടിപ്പോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാള്‍ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന.

മൂന്നാം വാര്‍ഡില്‍നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമര്‍ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതില്‍ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയില്‍ മണിക്കൂര്‍ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കര്‍ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.

പ്രതിക്കായി റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും മറ്റും പോലിസ് ഊര്‍ജിതമായി പരിശോധന തുടരുകയാണ്. ആശുപത്രിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു. ഇയാള്‍ ജില്ല വിട്ടുപോയിരിക്കാന്‍ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡിസംബര്‍ പത്തിനു വീണ്ടും കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവാഹ അഭ്യര്‍ഥന നിരസിച്ചതിനാണ് 2021 ജൂണില്‍ എല്‍എല്‍ബി വിദ്യാര്‍ഥി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. ജയിലില്‍ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാക്കിയത്. 2022ലും പ്രതി വിനീഷ് ഇതേ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നാട്ടുകാര്‍ പിടികൂടിയാണ് ഇയാളെ പോലിസില്‍ ഏല്‍പ്പിച്ചത്. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും വിനീഷിന്റെ പേരിലുണ്ട്.

ഏറെ പ്രമാദമായ കൊലക്കേസിലെ പ്രതിയായ വിനീഷ് രണ്ടാം തവണയും ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. 2021 ല്‍ അറസ്റ്റ് ചെയ്ത് കൊണ്ടു വരുന്നതിനിടെ കോഴിക്കോട് പയ്യോളിയില്‍ വച്ചും ഇയാള്‍ വാഹനത്തില്‍നിന്ന് കടന്നുകളയാന്‍ ശ്രമിച്ചിരുന്നു. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ വിനിഷ് കുത്തിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന ദൃശ്യയെ പ്രതി കത്തി കൊണ്ട് കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീക്കും(13) കുത്തേറ്റിരുന്നു.

സംഭവദിവസം ദൃശ്യയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയും പ്രതി കത്തിച്ചിരുന്നു. കടയ്ക്ക് തീയിട്ട് ശ്രദ്ധതിരിച്ച ശേഷമാണ് വിനീഷ് പത്തു കിലോമീറ്റര്‍ അകലെയുളള ദൃശ്യയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് മറഞ്ഞ പ്രതി ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓട്ടോയുടെ ഡ്രൈവര്‍ ജൗഹര്‍ നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ സൂചനപ്രകാരം തന്ത്രപൂര്‍വം ഇയാളെ സ്റ്റേഷനില്‍ എത്തിച്ച് പോലിസിനു കൈമാറുകയായിരുന്നു.





Next Story

RELATED STORIES

Share it