Kerala

വാഗമണ്ണിലെ റോപ്പ് വേ അപകടം: കേരളത്തിലെ റൈഡുകള്‍ സുരക്ഷിതമല്ലെന്ന് മുരളി തുമ്മാരുകുടി

എന്റെ വായനക്കാരോട് ഒരു കാര്യം മാത്രം പറയാം. കേരളത്തില്‍ അഡ്വെഞ്ചര്‍ ടൂറിസമോ ആക്ടിവിറ്റിയോ നടത്തുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ആരോഗ്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കാരണം വള്ളി പൊട്ടി താഴെ എത്തിയാല്‍ മിക്കവാറും തനിക്ക് താനേ തുണ കാണൂ.

വാഗമണ്ണിലെ റോപ്പ് വേ അപകടം:  കേരളത്തിലെ റൈഡുകള്‍ സുരക്ഷിതമല്ലെന്ന് മുരളി തുമ്മാരുകുടി
X

കോഴിക്കോട്: കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലെ റൈഡുകള്‍ സുരക്ഷിതമല്ലെന്ന് യുഎന്‍ ദുരന്ത നിവാരണ സമിതി അംഗം മുരളി തുമ്മാരക്കുടി ഫേസ്ബുക്കില്‍ കുറിച്ചു. പത്രം തുറന്നപ്പോള്‍ കാണുന്നത് മുഴുവന്‍ സുരക്ഷയും ആയി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെയാണ്. വാഗമണ്ണിലെ റോപ്പ് വേ തകര്‍ന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്നത്. കേരളത്തിലെ (ഇന്ത്യയില്‍ പൊതുവെ) ഇത്തരം റൈഡുകളില്‍ എല്ലാം തന്നെ അപകട സാധ്യതയുണ്ട്. ശരിയായ നിര്‍മ്മാണ സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കാത്തത്, നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനും സര്‍ട്ടിഫിക്കേഷനും വേണ്ടത്ര അറിവുള്ള ആളുകള്‍ ഇല്ലാത്തത്, സര്‍ട്ടിഫിക്കേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പരമാവധി പണം ഉണ്ടാക്കണം എന്ന തരത്തില്‍ ഓപ്പറേറ്റ് ചെയ്യുന്നത്, വേണ്ട സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തത്, റൈഡില്‍ കയറുന്ന ആളുകള്‍ വേണ്ടത്ര അച്ചടക്കം പാലിക്കാത്തത് എന്നിങ്ങനെ കാരണങ്ങള്‍ പലതുണ്ടാകാം. ഇതൊന്നും ഒറ്റയടിക്ക് മാറ്റാന്‍ പറ്റുന്നതല്ല, മാറാന്‍ പോകുന്നുമില്ല. എന്നാല്‍ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സയോ അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരമോ നല്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ മിക്കയിടത്തും ഇല്ല. മുരളി കുറിച്ചു.



മുരളി തുമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


അരക്ഷിതമായ ഒരു ദിവസം...

അതിരാവിലെ നാലുമണി തൊട്ട് യാത്രയായിരുന്നു. ഇപ്പോള്‍ ജറുസലേമില്‍ എത്തിയതേ ഉള്ളൂ. പത്രം തുറന്നപ്പോള്‍ കാണുന്നത് മുഴുവന്‍ സുരക്ഷയും ആയി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെയാണ്.

വാഗമണ്ണിലെ റോപ്പ് വേ തകര്‍ന്നതാണ് ഏറ്റവും വിഷമിപ്പിക്കുന്നത്. കുട്ടികളും കന്യാസ്ത്രീകളും ഉള്‍പ്പടെ പത്തിലേറെ പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട് എന്നാണ് വായിച്ചത്. പലരുടെയും പരിക്ക് ഗുരുതരമാണത്രെ. അറിഞ്ഞിടത്തോളം ഒരാഴ്ചയേ ആയുള്ളൂ ഈ റൈഡ് തുടങ്ങിയിട്ട്. ഓവര്‍ലോഡിങ്ങ് ആണ് കാരണമെന്നും പറയുന്നു.

കാരണം എന്ത് തന്നെ ആയാലും പരിക്കേറ്റവര്‍ ഏറ്റവും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. കേരളത്തിലെ (ഇന്ത്യയില്‍ പൊതുവെ) ഇത്തരം റൈഡുകളില്‍ എല്ലാം തന്നെ അപകട സാധ്യതയുണ്ട്. ശരിയായ നിര്‍മ്മാണ സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കാത്തത്, നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനും സര്‍ട്ടിഫിക്കേഷനും വേണ്ടത്ര അറിവുള്ള ആളുകള്‍ ഇല്ലാത്തത്, സര്‍ട്ടിഫിക്കേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പരമാവധി പണം ഉണ്ടാക്കണം എന്ന തരത്തില്‍ ഓപ്പറേറ്റ് ചെയ്യുന്നത്, വേണ്ട സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തത്, റൈഡില്‍ കയറുന്ന ആളുകള്‍ വേണ്ടത്ര അച്ചടക്കം പാലിക്കാത്തത് എന്നിങ്ങനെ കാരണങ്ങള്‍ പലതുണ്ടാകാം. ഇതൊന്നും ഒറ്റയടിക്ക് മാറ്റാന്‍ പറ്റുന്നതല്ല, മാറാന്‍ പോകുന്നുമില്ല. എന്നാല്‍ അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സയോ അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരമോ നല്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ മിക്കയിടത്തും ഇല്ല.

എന്റെ വായനക്കാരോട് ഒരു കാര്യം മാത്രം പറയാം. കേരളത്തില്‍ അഡ്വെഞ്ചര്‍ ടൂറിസമോ ആക്ടിവിറ്റിയോ നടത്തുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് ആരോഗ്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കാരണം വള്ളി പൊട്ടി താഴെ എത്തിയാല്‍ മിക്കവാറും തനിക്ക് താനേ തുണ കാണൂ.

രണ്ടാമത്തെ വാര്‍ത്ത ബാംഗളൂരില്‍ നിന്നാണ്. എയ്‌റോ ഷോയുടെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന നൂറോളം കാറുകള്‍ കത്തി നശിച്ചു എന്ന്. കാരണം എന്താണെന്ന് അറിയില്ല. നിങ്ങളുടെ കാറുകള്‍ അവിടെ ഉണ്ടായിരുന്നു, നിങ്ങള്‍ അവിടെ ഇല്ലായിരുന്നു എങ്കില്‍ പിന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പക്ഷെ ഒരു കാര്യം മാത്രം പറയാം. സുരക്ഷയെ കൂടുതല്‍ കാര്യമായി എടുക്കുന്ന സ്ഥലങ്ങളില്‍ ഒക്കെ 'റിവേഴ്‌സ് പാര്‍ക്കിങ്ങ്' നിര്‍ബന്ധമാക്കുന്നത് ഇത്തരം ഒരു സാഹചര്യം മുന്നില്‍ കണ്ടിട്ടാണ്. സാധാരണ പാര്‍ക്കിങ്ങില്‍ നമ്മള്‍ കാര്‍ മുന്നോട്ട് കയറ്റിയാണല്ലോ പാര്‍ക്ക് ചെയ്യുന്നത്. തിരിച്ചിറങ്ങാന്‍ ആദ്യം ചെയ്യുന്നത് റിവേഴ്‌സ് ആയി എടുക്കുകയാണ്. അപ്പോള്‍ ഒരു അപകട സമയത്ത് കുറച്ചു കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കാര്‍ പുറത്തേക്ക് എടുക്കാന്‍ നോക്കിയാല്‍ എല്ലാവരും റിവേഴ്‌സ് എടുക്കും, കൂട്ടിയിടിക്കും. ആര്‍ക്കും രക്ഷപെടാന്‍ പറ്റില്ല. ചുരുങ്ങിയത് നമ്മുടെ ഫ്‌ലാറ്റുകളില്‍ എങ്കിലും ഈ സംവിധാനം നിര്‍ബന്ധമാക്കണം.

മൂന്നാമത്തേത് അഗ്‌നിസുരക്ഷയെ പറ്റി 'ഇപ്പൊ ശരിയാക്കാന്‍' പോകുന്ന വാര്‍ത്തകളാണ്. എറണാകുളത്ത് അഗ്‌നിബാധ ഉണ്ടായ സാഹചര്യത്തില്‍ ഉയര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും 'ഒഴിപ്പിക്കല്‍ പ്ലാന്‍' മാര്‍ച്ച് അഞ്ചിന് മുന്‍പ് ഉണ്ടാക്കണമെന്നും വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ മാര്‍ച്ച് പതിനഞ്ചിന് മുന്‍പ് കര്‍ശന നടപടി സ്വീകരിക്കണം എന്നുമൊക്കെയാണ് തീരുമാനം.

തട്ടേക്കാടില്‍ ബോട്ടപകടം ഉണ്ടായപ്പോള്‍ ബോട്ടുകള്‍ക്കെതിരെയും പുറ്റിങ്ങലില്‍ വെടിക്കെട്ടപകടം ഉണ്ടായപ്പോള്‍ കരിമരുന്നു പ്രയോഗക്കാര്‍ക്കെതിരെയും ഇത്തരത്തില്‍ 'ഉടനടി' 'കര്‍ശന' നടപടികള്‍ ഉണ്ടായി. ഒരു മാസം കഴിഞ്ഞപ്പോള്‍ അത് തീര്‍ന്നു.

കേരളത്തിലെ ഉയര്‍ന്ന കെട്ടിടങ്ങളിലെ അപകട സാധ്യത ഞാന്‍ പറഞ്ഞു തുടങ്ങിയിട്ട് അഞ്ചു വര്‍ഷം എങ്കിലും ആയി. സുരക്ഷ ഉണ്ടാക്കാനുള്ള സംവിധാനം ഒരു മാസം കൊണ്ടൊന്നും ഉണ്ടാക്കാന്‍ പറ്റുന്ന കാര്യമല്ല. കേരളത്തിലെ ടൌണ്‍ പ്ലാനിംഗില്‍ മാറ്റം ഉണ്ടാകുന്നത് വരെ അടിസ്ഥാനമായി സുരക്ഷ ഉണ്ടാവുകയും ഇല്ല. കെട്ടിടങ്ങളും സ്ഥാപനങ്ങളും വേണ്ടത്ര അഗ്‌നിശമന സുരക്ഷ പാലിച്ച് മാത്രം പ്രവര്‍ത്തിക്കണം എന്ന് നിര്‍ബന്ധിച്ചാല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെ എത്ര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുമെന്ന് പറയാനാവില്ല. നമ്മുടെ പോലീസും ഫയര്‍ സര്‍വീസും അടുത്ത ഒരുമാസം കെട്ടിടങ്ങളുടെ പുറകെ നടന്നാല്‍ അഴിമതി കൂടും എന്നല്ലാതെ സുരക്ഷ ഉറപ്പാക്കല്‍ ഉണ്ടാകില്ല.

എന്റെ നിര്‍ദ്ദേശം ഇതാണ്. 'ഉടനടി' പരിപാടികള്‍ അല്ല നമുക്ക് വേണ്ടത്. ആദ്യമായി നമുക്ക് ഒരു സുരക്ഷാ സംസ്‌കാരത്തിന്റെ പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കുക. അത് അഗ്‌നി സുരക്ഷയുടെ മാത്രമല്ല. ഒരു വര്‍ഷം നാലായിരത്തിലധികം ആളുകളാണ് റോഡില്‍ മരിക്കുന്നത്, അതില്‍ ഇരുന്നൂറ് പേരില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട അപകടങ്ങളിലും. ഇരുന്നൂറ്റി അന്‍പതില്‍ അധികം ആളുകളാണ് ഷോക്കടിച്ച് മരിക്കുന്നത്. അതില്‍ മുപ്പതോളം ആളുകള്‍ ബോര്‍ഡ് ജോലിക്കാര്‍ (കരാര്‍ ജോലിക്കാര്‍ ഉള്‍പ്പടെ) ആണ്. എന്നിട്ടും ഈ രണ്ടു സ്ഥാപനങ്ങളിലും പ്രൊഫഷണല്‍ പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരില്ല. സുരക്ഷാ പരിശീലനം നേടിയ ആയിരക്കണക്കിന് മലയാളികളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ അഗ്‌നി സുരക്ഷ തൊട്ട് കണ്‍ഫൈന്‍ഡ് സ്‌പേസ് എന്‍ട്രി വരെയുള്ള വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ആയിട്ടുണ്ട്. പക്ഷെ ഇവര്‍ക്കൊന്നും ജോലി കിട്ടാനോ ചെയ്യാനോ ഉള്ള ഒരു സാഹചര്യവും കേരളത്തിലില്ല.

കേരളത്തില്‍ സുരക്ഷക്ക് വേണ്ടി മാത്രം ഇംഗ്ലണ്ടിലെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് പോലെ ഒരു സംവിധാനം ഉണ്ടാക്കണം. ഇംഗ്ലണ്ടില്‍ പോലീസിനേക്കാള്‍ അധികാരമുള്ള സ്ഥാപനം ആണത്. അവിടെ സുരക്ഷ പഠിച്ച ആളുകള്‍ ഉണ്ടാകണം. വായനശാല വാര്‍ഷികം തൊട്ട് അമ്പലത്തിലെ വെടിക്കെട്ട് വരെയുള്ള സാഹചര്യത്തിലെ സുരക്ഷ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗ രേഖകള്‍ ഉണ്ടാക്കണം, അവ നടപ്പിലാക്കാന്‍ പ്രൊഫഷണല്‍ ആളുകളെ ജോലിക്ക് വെക്കുന്നത് നിര്‍ബന്ധമാക്കണം. എല്‍ കെ ജിയിലെ ഒന്നാമത്തെ ദിവസം മുതല്‍ കുട്ടികളെ സുരക്ഷയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കണം. ഇതിനൊക്കെ കുറച്ചു സമയം എടുത്താലും സാരമില്ല. ഈ മന്ത്രിസഭ വരുന്നതിന് മുന്‍പ് ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു. ഒരു വര്‍ഷം എണ്ണായിരം ആളുകളാണ് കേരളത്തില്‍ അപകടത്തില്‍ മരിക്കുന്നത്. ഈ മന്ത്രിസഭ അഞ്ചു വര്‍ഷം തികക്കുമ്പോള്‍ നാല്പതിനായിരം മലയാളികള്‍ തീര്‍ത്തും ഒഴിവാക്കാവുന്ന അപകടത്തില്‍ മരിച്ചിട്ടുണ്ടാകും എന്ന്. ഇപ്പോള്‍ ആയിരം ദിവസങ്ങളായി. അതിനകം മരണം ഇരുപതിനായിരം കടന്നു കാണും. ഇപ്പോള്‍ കര്‍ശനമായ തീരുമാനങ്ങള്‍ എടുത്താല്‍ ഇനിയുള്ള സമയത്ത് അയ്യായിരം ജീവനെങ്കിലും രക്ഷിക്കാം.

എന്തായാലും നിങ്ങളുടെ സുരക്ഷ മറ്റുള്ളവര്‍ നോക്കുമെന്ന പ്രതീക്ഷ എന്റെ വായനക്കാര്‍ക്ക് വേണ്ട. അതുകൊണ്ട് സുരക്ഷിതരായിരിക്കുക. (ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന് തീ പിടിച്ച ഒരു വിഷയം കൂടിയുണ്ട്. അതിനെക്കുറിച്ച് വിശദമായി വേറെ എഴുതാം. ഇനി പത്തു ദിവസം ഗാസയിലും മറ്റുമാണ്. അതുകൊണ്ട് നാളെ മുതല്‍ ഈ കേന്ദ്രത്തില്‍ നിന്നും അധികം സംപ്രേക്ഷണം ഉണ്ടാവില്ല).


മുരളി തുമ്മാരുകുടി


Next Story

RELATED STORIES

Share it