Kerala

മുനമ്പം മനുഷ്യക്കടത്ത്: കേസ് ഗുരുതരമെന്ന് ഹൈക്കോടതി;രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയേയും ബാധിക്കുമെന്നും കോടതി.രാജ്യസുരക്ഷ കണക്കിലെടുക്കുമ്പോള്‍ അജ്ഞാത സ്ഥലത്തേക്ക് ആളുകള്‍ പോയതിനെ നിസാരമായി കാണാനാകില്ല. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റംകൂടി ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു.

മുനമ്പം മനുഷ്യക്കടത്ത്: കേസ് ഗുരുതരമെന്ന് ഹൈക്കോടതി;രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
X

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാംപ്രതിയും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയുമായ അനില്‍കുമാര്‍, ഡല്‍ഹി സ്വദേശിയും ഏഴാംപ്രതിയുമായ രവി എന്നിവരുടെ ജാമ്യാപേക്ഷയാണ ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ തള്ളി ഉത്തരവിട്ടത്. കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയേയും ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.വിദേശത്തേക്ക് കടന്നവരെ കണ്ടെത്താന്‍ ഇതുവരെ പോലിസിനായിട്ടില്ല. അതിനാല്‍ത്തന്നെ ഇവരെല്ലാം എന്തിനാണ് വിദേശത്ത് പോയതെന്ന് വ്യക്തമല്ല. രാജ്യസുരക്ഷ കണക്കിലെടുക്കുമ്പോള്‍ അജ്ഞാത സ്ഥലത്തേക്ക് ആളുകള്‍ പോയതിനെ നിസാരമായി കാണാനാകില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നിലവിലുള്ള സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ ബാധിക്കാനിടയാകുമെന്നും കോടതി പറഞ്ഞു.

കേസില്‍ പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റംകൂടി ചുമത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. മുഖ്യപ്രതി ശെല്‍വനടക്കം ആറ് പ്രതികളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസിലെ ഒന്നാംപ്രതി ശ്രീകാന്തനും ശെല്‍വനും ചേര്‍ന്ന് ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് ഇരകളില്‍നിന്ന് പണം വാങ്ങിയതായി ശെല്‍വനെയും സംഘത്തെയും ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കഴിഞ്ഞ ജനുവരി 12 നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 87 പേരുള്ള സംഘം മുനമ്പത്ത് നിന്നും മല്‍സ്യബന്ധന ബോട്ടില്‍ വിദേശത്തേക്ക് പോയത്.

Next Story

RELATED STORIES

Share it