Kerala

ശമ്പളം പിടിക്കുമ്പോൾ ബുദ്ധിമുട്ടിലാവുന്ന ജീവനക്കാർക്ക് മൊറട്ടോറിയവുമായി സർക്കാർ

സർക്കാരിൽ നിന്ന് എടുത്തിട്ടുള്ള വായ്പക്കും പിഎഫ് തിരിച്ചടവിനും ആഗസ്ത് വരെ സാവകാശം നൽകി. ആനുകൂല്യം വേണ്ട ജീവനക്കാർ ഡിഡിഒക്ക് അപേക്ഷ സമർപ്പിക്കണം.

ശമ്പളം പിടിക്കുമ്പോൾ ബുദ്ധിമുട്ടിലാവുന്ന ജീവനക്കാർക്ക് മൊറട്ടോറിയവുമായി സർക്കാർ
X

തിരുവനന്തപുരം: അഞ്ചുമാസത്തെ ശമ്പളത്തിൽ നിന്നും ആറുദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കപ്പെടുമ്പോൾ ബുദ്ധിമുട്ടിലാകുന്ന ജീവനക്കാർക്ക് മൊറട്ടോറിയവുമായി സർക്കാർ. സർക്കാരിൽ നിന്ന് എടുത്തിട്ടുള്ള വായ്പക്കും പിഎഫ് തിരിച്ചടവിനും ആഗസ്ത് വരെ സാവകാശം നൽകി. ആനുകൂല്യം വേണ്ട ജീവനക്കാർ ഡിഡിഒക്ക് അപേക്ഷ സമർപ്പിക്കണം. ആറുദിവസത്തെ ശമ്പളം പിടിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണങ്കിൽ പിഎഫിലേക്ക് അടക്കേണ്ട തുക അടിസ്ഥാന ശമ്പളത്തിൻെ ആറുശതമാനമാക്കി നിജപ്പെടുത്താനും ധനവകുപ്പ് ഉത്തരവിട്ടു.

ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ എടുത്ത് വീടുനിർമാണം ഉൾപ്പെടെ ആരംഭിച്ച ജീവനക്കാരുടെ പ്രശ്‌നം പരമാവധി കുറക്കുന്നതിനാണ് ഈ നടപടിയെന്നു ഉത്തരവിൽ പറയുന്നു.

20,000 രൂപയിൽ കൂടുതൽ മാസവരുമാനമുള്ളവരുടെ ശമ്പളത്തിൽ നിന്നാണ് ദുരിതാശ്വാസത്തിന് തുക പിടിക്കുന്നത്. അതിനാൽ എല്ലാ ജീവനക്കാരുടെയും ശമ്പളത്തിൽ നിന്നു സർക്കാരിലേക്കുള്ള വായ്പാഗഡു, മുൻകൂർകൈപ്പറ്റിയ തുകയുടെ അടവും അതിന്റെ പലിശക്കും ഇളവ് നൽകിയാണ് ഉത്തരവ്. ഏപ്രിൽ മുതൽ ആഗസ്ത് വരെയുളള ഇവരുടെ വേതനത്തിൽ നിന്ന് തിരിച്ചടവ് തുക പിടിക്കേണ്ടെന്നാണ് തീരുമാനം.

ഇതു പിന്നീട് സപ്തംബർ മുതൽ 2021 ജൂൺവരെയുള്ള കാലയളവിൽ 10 തുല്യഗഡുക്കളായി വേതനത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇളവ് ലഭിക്കാൻ ബന്ധപ്പെട്ട ജില്ലാ ഓഫിസർമാർക്ക് അപേക്ഷ നൽകണം. മൊത്തം വേതനത്തിൽ നിന്ന് ആറുദിവസത്തെ വേതനം കുറക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ ആ ജീവനക്കാരന്റെ പിഎഫ് വിഹിതം ആറുശതമാനമാക്കി കുറക്കും.

നടപടിയിൽ വീഴ്ചയുണ്ടായാൽ അതു ജില്ലാ ഓഫിസർമാരുടെ വ്യക്തിപരമായ വീഴ്ചയായി കണക്കാക്കും. വായ്പാഗഡുക്കളുടെ തിരിച്ചടവിൽ പിന്നീട് വീഴ്ചവരുത്തുന്നവരുടെ ബില്ലുകൾ ട്രഷറി ഓഫിസിൽ സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി പ്രത്യേക അക്കൗണ്ടുകളിലൂടെയാണ് വേതനവിഹിതം പിടിക്കുന്നത്.

Next Story

RELATED STORIES

Share it