Kerala

കാലവര്‍ഷ ദുരന്തനിവാരണം; മോക് ഡ്രില്‍ നടത്തും

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നില്‍ക്കുന്നതിനാല്‍ മോക് ഡ്രില്ലില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്താനാവില്ല. പകരം വിവിധ വകുപ്പുകളിലെ ജീവനക്കാരാവും പങ്കെടുക്കുക.

കാലവര്‍ഷ ദുരന്തനിവാരണം; മോക് ഡ്രില്‍ നടത്തും
X

കോട്ടയം: ജില്ലയിലെ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി മോക് ഡ്രില്‍ നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. പാലായിലും സമീപ പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുക്കുകയും ഇതേസമയം പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടാവുകയും ചെയ്താല്‍ സ്വീകരിക്കേണ്ടരക്ഷാ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ ആവിഷ്‌കരിക്കുക. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച വിദശാംശങ്ങള്‍ ചര്‍ച്ച ചെയ്തു. കാലവര്‍ഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നില്‍ക്കുന്നതിനാല്‍ മോക് ഡ്രില്ലില്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്താനാവില്ല. പകരം വിവിധ വകുപ്പുകളിലെ ജീവനക്കാരാവും പങ്കെടുക്കുക. സമാനസാഹചര്യങ്ങളിലുള്ള ജില്ലയിലെ മറ്റു മേഖലകളിലും തയ്യാറെടുപ്പുകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണ്ടെത്തിയ മേഖലകളില്‍ അപകടകരമായ സ്ഥിതിയിലുള്ള വീടുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

റവന്യൂ, പഞ്ചായത്ത്, മൈനിങ് ആന്റ് ജിയോളജി, മണ്ണുസംരക്ഷ വകുപ്പുകളിലെഉദ്യോഗസ്ഥര്‍ ഈ വീടുകളില്‍ സന്ദര്‍ശം നടത്തി സ്ഥിതി വിലയിരുത്തും. ജില്ലയില്‍ 2018-19 വര്‍ഷങ്ങളിലെ പ്രളയവും ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള മാപ്പ് അടിസ്ഥാനമാക്കിയാണ് ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍. പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമിയിലും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിനും പ്രധാന നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും മണിമലയാറ്റിലെ ചെക്ക് ഡാമുകളില്‍ നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നടപടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭ ധനസഹായം അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കണമെന്നും ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ പരിശോധന നടത്തി അടഞ്ഞുകിടക്കുന്ന നീര്‍ച്ചാലുകളുണ്ടെങ്കില്‍ തടസം നീക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇത് നടപ്പാക്കുക. നദികളിലെയും കനാലുകളിലെയും തടസങ്ങള്‍ സമയബന്ധിതമായി നീക്കുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം ആളുകളെ താമസിപ്പിക്കാന്‍ കഴിയുന്ന വിവിധതരം ദുരിതാശ്വാസകേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ കരുതല്‍ ശേഖരം ഉറപ്പാക്കുന്നതിന് പൊതുവിതരണവകുപ്പ് നടപടി സ്വീകരിച്ചുവരുന്നു. ജില്ലയിലെ ഇതുവരെയുള്ള ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എം അഞ്ജന യോഗത്തില്‍ വിശദീകരിച്ചു. എംപിമാരായ തോമസ് ചാഴിക്കാടന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ മാണി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, പി സി ജോര്‍ജ്, ഡോ. എന്‍ ജയരാജ്, സി കെ ആശ, മാണി സി കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എഡിഎം അനില്‍ ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it