Kerala

അനാഥാലയ വിവാദം: ചില മുസ്‌ലിം നാമധാരികള്‍ തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നുവെന്ന് എം കെ മുനീര്‍

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ വന്ന സംഭവത്തെ മനുഷ്യക്കടത്തായി വ്യാഖ്യാനിച്ച സംഭവത്തില്‍ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍.

അനാഥാലയ വിവാദം: ചില മുസ്‌ലിം നാമധാരികള്‍ തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നുവെന്ന് എം കെ മുനീര്‍
X

കോഴിക്കോട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ വന്ന സംഭവത്തെ മനുഷ്യക്കടത്തായി വ്യാഖ്യാനിച്ച സംഭവത്തില്‍ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. താന്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെയുണ്ടായ സംഭവം കുട്ടിക്കടത്താണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തനിക്കെതിരേ ചില 'മുസ്‌ലിം നാമധാരി'കള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും മുനീര്‍ വിശദീകരിക്കുന്ന ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. 'അവര്‍ക്കു മുന്നില്‍ ഞാന്‍ കീഴടങ്ങിയാല്‍ അത് എന്റെ ജീവിതത്തിന്റെ പരാജയമാവും. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ യശസ്സിന് ഞാന്‍ കാരണം കോട്ടംതട്ടാന്‍ പാടില്ല. അതുകൊണ്ടാണ് ചില സത്യങ്ങള്‍ ഞാന്‍ തുറന്നുപറയുന്നത്.'- മുനീര്‍ പറയുന്നു.

ഇപ്പോഴത്തെ പ്രചാരണം ആസൂത്രിതമാണ്. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പഠനം നടത്തുന്നതിനായി വന്നെത്തിയ വിദ്യാര്‍ത്ഥികളെ കുട്ടിക്കടത്ത് ആയി ചിത്രീകരിക്കാന്‍ മാധ്യമങ്ങളും ചില പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന ആളുകളും നടത്തിയ പരിശ്രമങ്ങള്‍ എം കെ മുനീറിന്റെ തലയില്‍ കെട്ടിവെക്കാനാണ് പലരും ശ്രമിച്ചത്. ബിഹാറില്‍ നിന്നും ഝാര്‍ഖണ്ഡില്‍ നിന്നുമുള്ള കുട്ടികള്‍ പഠന ആവശ്യത്തിനു വേണ്ടി തന്നെയാണ് വന്നത്. അഞ്ഞൂറോളം കുട്ടികളെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ രേഖകളില്ല എന്ന പേരില്‍ റെയില്‍വേ പോലിസ് പിടികൂടുകയുണ്ടായി. ഇത് കുട്ടിക്കടത്താണെന്ന പേരില്‍ അന്നുമുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പക്ഷേ, അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ എം കെ മുനീറിന് മാത്രമുള്ളതാണെന്ന രീതിയിലാണ് വിവരമുണ്ടെന്ന് ധരിക്കുന്ന, വിവരക്കേട് മാത്രം പറഞ്ഞു നടക്കുന്ന ചിലര്‍ പ്രഖ്യാപിച്ചത്.'

കേരളത്തിലെ എല്ലാ വിഭാഗങ്ങളും നടത്തുന്ന അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളിലെ കുട്ടികള്‍ പഠിക്കാന്‍ വരുന്നതിനെ ഔദ്യോഗികമാക്കിയത് താനാണെന്ന് മുനീര്‍ പറയുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് താനെടുത്തത്. എന്നിട്ടും ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്ന് വിവിധ ഓര്‍ഫനേജുകളോട് കേസില്‍ കക്ഷിചേരാന്‍ ആവശ്യപ്പെട്ടത് താനാണ്. 2012-13 കാലഘട്ടത്തില്‍ താന്‍ ഇറക്കിയിരുന്ന ജിഒ ഉദ്ധരിച്ചുകൊണ്ടാണ് സിബിഐ കേസ് അവസാനിപ്പിച്ചതെന്നും മുനീര്‍ അവകാശപ്പെട്ടു.

ചില മതസംഘടനകളില്‍പെട്ടവര്‍ ആരുടെയോ പ്രേരണയാല്‍ തന്നെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ രാഷ്ട്രീയമായി എന്നെ അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, മനസ്സാക്ഷിക്കു മുന്നില്‍ ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കും. എന്റെ സാന്നിധ്യമാണ് എന്റെ സംഘടനക്ക് വിഘാതമായി നില്‍ക്കുന്നതെങ്കില്‍ ഞാന്‍ സംഘടനയെ സംരക്ഷിക്കാനേ ശ്രമിക്കൂ എന്നും ഓഡിയോ ക്ലിപ്പില്‍ മുനീര്‍ പറയുന്നു.

Next Story

RELATED STORIES

Share it