Kerala

വര്‍ഗീയ മതിലെന്ന് മുനീര്‍, പ്രതിഷേധവുമായി ഭരണപക്ഷം; സഭ നിര്‍ത്തിവച്ചു

ജനുവരി ഒന്നിനു നടത്തുന്നത് വനിതാ മതിലല്ലെന്നും വര്‍ഗീയ മതിലാണെന്നുമുള്ള പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ഭരണപക്ഷ പ്രതിഷേധം.

വര്‍ഗീയ മതിലെന്ന് മുനീര്‍, പ്രതിഷേധവുമായി ഭരണപക്ഷം; സഭ നിര്‍ത്തിവച്ചു
X

തിരുവനന്തപുരം: ജനുവരി ഒന്നിനു നടത്തുന്നത് വനിതാ മതിലല്ലെന്നും വര്‍ഗീയ മതിലാണെന്നുമുള്ള പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ഭരണപക്ഷ പ്രതിഷേധം. ഇതേത്തുടര്‍ന്ന് സഭയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ പരസ്പരം വാഗ്വാദത്തിലേര്‍പ്പെട്ടു. മുനീര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടെങ്കിലും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം ആവര്‍ത്തിച്ചു. ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. ബര്‍ലിന്‍ മതില്‍ പോലെ വര്‍ഗീയ മതിലും ജനങ്ങള്‍ പൊളിച്ചുമാറ്റുമെന്നായിരുന്നു മുനീര്‍ പറഞ്ഞത്. വനിതാ മതിലിനെ സംബന്ധിച്ച സര്‍ക്കാരിന്റെ ധാരണ എന്തെന്ന് വ്യക്തമാകാത്തതിനാലാണ് പ്രമേയ അവതാരകന് ഒരു സ്ഥലജല വിഭ്രാന്തി വന്നതെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെയും നവോത്ഥാന മുന്നേറ്റങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍ ചരിത്രത്തോട് ചെയ്യുന്ന വമ്പിച്ച അനീതിയല്ലാതെ മറ്റൊന്നല്ലെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കൊടിയെടുക്കാതെ സംഘപരിവാര്‍ നടത്തുന്ന സമരങ്ങളില്‍ പങ്കെടുക്കാമെന്ന് ആഹ്വാനം ചെയ്തവരായിരുന്നല്ലോ അപ്പുറത്തിരിക്കുന്നവര്‍. അതില്‍ പങ്കെടുക്കുന്നതാണ് വര്‍ഗീയത. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നവോത്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതാണ് മതനിരപേക്ഷത എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകമെങ്കിലും ആര്‍ജ്ജിക്കേണ്ടതുണ്ട്. പഠിപ്പുമുടക്കി മതിലില്‍ പങ്ക് ചേരാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തുവെന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ മേഖലയിലുംപെട്ട വനിതകള്‍ പങ്കെടുക്കണമെന്ന ആഹ്വാനം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it