Kerala

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്ത് മൂവായിരം വിദ്യാലയങ്ങള്‍ ആധുനികവല്‍കരിച്ചു: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ സ്‌കൂളുകളും ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ഡിജിറ്റല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറുമെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്ത് മൂവായിരം വിദ്യാലയങ്ങള്‍ ആധുനികവല്‍കരിച്ചു: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്
X
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 3,000 സ്‌കൂളുകള്‍ ഏറ്റവും ആധുനിക രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മാറിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ.സി രവീന്ദ്രനാഥ്. ഇതിന്റെ ഭാഗമായി വിവിധ സ്‌കൂളുകള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി മാത്രം ആറായിരം കോടി രൂപ ചെലവഴിച്ചതായും മന്ത്രി. ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ സ്‌കൂളുകളും ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ഡിജിറ്റല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര മണ്ഡലത്തിലെ ചേറൂര്‍ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി.എം.യു.പി സ്‌കൂളില്‍ 3.25 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോഴേക്കും സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് ലൈബ്രററികള്‍ ഉണ്ടാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പെതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതിന് നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായും ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെഎന്‍എ ഖാദര്‍ എംഎല്‍എ പറഞ്ഞു.1974ല്‍ സ്ഥാപിച്ച വിദ്യാലയത്തില്‍ 1500ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.ക്ലാസ് മുറികള്‍, ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയം, മോഡുലാര്‍ കിച്ചണ്‍, ഡൈനിങ് ഹാള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം നാടിന്റെ ഒന്നാകെ ആഘോഷമായാണ് നടന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ , വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുള്‍ ഹഖ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലില്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,അധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.

നൊട്ടപ്പുറം ഗവ.എല്‍.പി സ്‌കൂളില്‍ 1.5 കോടി ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടം മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള 10 ക്ലാസ് മുറികളുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കെട്ടിടം യാഥാര്‍ഥ്യമായത്.കെ.എന്‍.എ ഖാദര്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുള്‍ ഹഖ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി സ്‌കൂള്‍ വളപ്പില്‍ ആര്യവേപ്പിന്‍ തൈ നട്ടു. മന്ത്രി, എം.എല്‍.എ എന്നിവര്‍ക്ക് പി.ടി.എ പ്രസിഡന്റ് ഉപഹാരവും നല്‍കി.

Next Story

RELATED STORIES

Share it