Kerala

സംസ്ഥാനത്തെ ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ക്ക് ആവശ്യമായ ജീവനക്കാരെ ഓഗസ്റ്റില്‍ നിയമിക്കും; മന്ത്രി കെ രാജന്‍

സംസ്ഥാനമൊട്ടാകെയുള്ള ഡിജിറ്റല്‍ റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നാലുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും.നിയമനം കരാര്‍ അടിസ്ഥാനത്തില്‍

സംസ്ഥാനത്തെ ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ക്ക് ആവശ്യമായ ജീവനക്കാരെ ഓഗസ്റ്റില്‍ നിയമിക്കും; മന്ത്രി കെ രാജന്‍
X

കൊച്ചി: സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ക്ക് ആവശ്യമായ 1500 സര്‍വേയര്‍മാരെയും 3200 സഹായികളെയും ഓഗസ്റ്റ് മാസത്തോടെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഇതിന് വേണ്ടി വരുന്ന 807.98 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്ന് ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഡിപിഎംയു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹായത്തോടെ എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഡിജിറ്റല്‍ റീസര്‍വ്വേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതു വരെയാണ് ചുമതല നല്‍കുന്നത്. കഴിഞ്ഞ 55 വര്‍ഷത്തിനിടെ 918 വില്ലേജുകളില്‍ മാത്രമാണ് റീസര്‍വ്വേ നടത്തിയത്. എന്നാല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 1550 വില്ലേജ് ഓഫീസുകളിലും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭൂസംരക്ഷണ നിയമത്തിന്റെ അന്തസത്ത സൂചിപ്പിക്കുന്നതുപോലെ കൈവശമിരിക്കുന്നവര്‍ക്ക് ഭൂമി കൊടുക്കുക എന്നതിലുപരിയായി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചുമതലയേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 54,535 പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാന്‍ കഴിഞ്ഞു. റവന്യൂ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സ്തുത്യര്‍ഹമായ സേവനമാണ് ഇതിന് സഹായിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കേരളം സമ്പൂര്‍ണ്ണമായും സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യമാണ് മുന്‍പിലുള്ളത്. ഇതിന്റെ ഭാഗമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍. വില്ലേജ് ഓഫിസുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിന് ജനപ്രതിനിധികളെയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെയും യുവജന ക്ലബുകളെയും വില്ലേജ് തല ജനകീയ സമിതികളെയും ഉള്‍പ്പെടുത്തിയുള്ള റവന്യൂ വകുപ്പിന്റെ ഇ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് ആരംഭം കുറിക്കുമെന്നും വകുപ്പിനെ ജനകീയമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it