Kerala

കോന്നി മെഡിക്കല്‍ കോളജ്: 300 കിടക്കകളുമായി ആശുപത്രി മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ

വലിയ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. പാറ നീക്കം ചെയ്യലായിരുന്നു പ്രധാന പ്രശ്‌നം. ഇതുവരെ ഒന്നേകാല്‍ ലക്ഷം ക്യൂബിക് ടണ്‍ പാറയാണ് നീക്കം ചെയ്തത്. ഇനിയും ഒന്നര ലക്ഷം ക്യൂബിക് ടണ്‍ പാറ കൂടി നീക്കം ചെയ്യാനുണ്ട്.

കോന്നി മെഡിക്കല്‍ കോളജ്: 300 കിടക്കകളുമായി ആശുപത്രി മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ
X

പത്തനംതിട്ട: നിര്‍ദിഷ്ട കോന്നി മെഡിക്കല്‍ കോളജിന്റെ ഭാഗമായി 300 കിടക്കകള്‍ ഉള്ള ആശുപത്രി കെട്ടിടം 2020 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഒന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളെയും വിവിധ വകുപ്പുകളേയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്ന് കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2021 ഓടെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോന്നിയില്‍ പ്രവേശനം നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 2020 അവസാനത്തോടെ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിക്കായി അപേക്ഷിക്കും. 50 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കണമെങ്കില്‍ 300 കിടക്കകള്‍ ഉള്ള ആശുപത്രി ആദ്യം പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന. മെഡിക്കല്‍ കോളജിനായി കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം തുടര്‍ന്നും നിലനില്‍ക്കണമെങ്കില്‍ ഒത്തിരിയേറെ കാര്യങ്ങള്‍ ആവശ്യമാണ്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, സ്റ്റുഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സ്, ലൈബ്രറി ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കോന്നി മെഡിക്കല്‍ കോളജിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് എച്ച് എന്‍ എല്‍ ഹൈറ്റ്‌സിനെ എസ്.പി.വി യായി(സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. എച്ച് എന്‍ എല്‍ ഹൈറ്റ്‌സ് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 414 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. മാസ്റ്റര്‍ പ്ലാന്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുക കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കി തുടര്‍ന്ന് വികസനപ്രവര്‍ത്തനങ്ങളും നടത്തും. നല്ല മെഡിക്കല്‍ കോളജായി കോന്നിയെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.

നിലവില്‍ ജോയിന്റ് ഡിഎംഒ. ഡോ. അജയകുമാറിനെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി നിശ്ചയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എംപി, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപനങ്ങിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുന്നതിനും മന്ത്രി ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ ചുമതലപ്പെടുത്തി.

കഴിഞ്ഞ മൂന്നു വര്‍ഷമായി കോന്നി മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമാക്കുന്നതിനുള്ള നിരന്തര ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാലയളവില്‍ മുടങ്ങിക്കിടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ആശുപത്രി കെട്ടിടവും അക്കാദമിക് ബ്ലോക്കും യഥാര്‍ഥ്യമാകുകയാണ്.

വലിയ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. പാറ നീക്കം ചെയ്യലായിരുന്നു പ്രധാന പ്രശ്‌നം. ഇതുവരെ ഒന്നേകാല്‍ ലക്ഷം ക്യൂബിക് ടണ്‍ പാറയാണ് നീക്കം ചെയ്തത്. ഇനിയും ഒന്നര ലക്ഷം ക്യൂബിക് ടണ്‍ പാറ കൂടി നീക്കം ചെയ്യാനുണ്ട്.

50 ഏക്കര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം പൂര്‍ത്തിയാകുന്നത്. മെഡിക്കല്‍ കോളജിനെ സംബന്ധിച്ച് 50 ഏക്കര്‍ കുറഞ്ഞ സ്ഥലമാണെങ്കിലും മലയോര മേഖല എന്ന നിലയില്‍ ഈ സ്ഥലത്ത് മെഡിക്കല്‍ കോളജ്

യഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. മലയോര മേഖലയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്. ശബരിമല കൂടി സ്ഥിതി ചെയ്യുന്ന ജില്ലയെന്ന നിലയില്‍ ഇവിടെ മെഡിക്കല്‍ കോളജ് വരുന്നത് ഉചിതമാണ്. മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലെത്താന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍. ഷീജ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. അജയകുമാര്‍,

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന അഞ്ചു നിലകളുള്ള ആശുപത്രി കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും മന്ത്രി സന്ദര്‍ശിച്ചു നിര്‍മാണം വിലയിരുത്തി.

Next Story

RELATED STORIES

Share it