Kerala

പാല്‍ ഉല്‍പാദനത്തിലെ ശുചിത്വം ഉറപ്പാക്കാന്‍ മില്‍മ; കര്‍ഷകര്‍ക്ക് ഒരുകോടിയുടെ സമ്മാനം

പാലിന്റെ പോഷക ഗുണനിലവാരവും അണുഗുണനിലവാരവും തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ വഴിയായിരിക്കും സമ്മാനങ്ങള്‍ നല്‍കുക. ക്ഷീരസംഘങ്ങളില്‍ വെച്ച് നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഗുണനിലവാരമുളള പാല്‍ നല്‍കുന്ന കര്‍ഷകര്‍ സമ്മാനത്തിനര്‍ഹരാകും.

പാല്‍ ഉല്‍പാദനത്തിലെ ശുചിത്വം ഉറപ്പാക്കാന്‍ മില്‍മ;  കര്‍ഷകര്‍ക്ക് ഒരുകോടിയുടെ സമ്മാനം
X

കോഴിക്കോട്: മില്‍മ മാര്‍ച്ച് മാസം പാല്‍ ഗുണമേന്മ മാസമായി ആചരിക്കുന്നു. ഉല്‍പാദനത്തിലെ ശുചിത്വം വര്‍ധിപ്പിച്ച് ഉന്നത ഗുണമേന്മയോടെ പാല്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിന്റെ ഭാഗമായാണിത്. ഗുണമേന്മ മാസാചരണത്തിന്റെ ഭാഗമായി മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കായി ഒരു കോടിയോളം രൂപ വില വരുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പാലിന്റെ പോഷക ഗുണനിലവാരവും അണുഗുണനിലവാരവും തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ വഴിയായിരിക്കും സമ്മാനങ്ങള്‍ നല്‍കുക. ക്ഷീരസംഘങ്ങളില്‍ വെച്ച് നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഗുണനിലവാരമുളള പാല്‍ നല്‍കുന്ന കര്‍ഷകര്‍ സമ്മാനത്തിനര്‍ഹരാകും. ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 10വരെ ക്ഷീരകര്‍ഷകര്‍ നല്‍കിയ പാലിന് ലിറ്ററിന് ഒന്നര രൂപ വീതം അധിക നിരക്കായി നല്‍കും. ഈ തുക വിഷുവിനു മുന്നോടിയായി കര്‍ഷകര്‍ക്ക് കൈമാറും. കര്‍ഷകരുടെ ഉത്പാദന ചെലവ് കുറക്കുന്നതിന്റെ ഭാഗമായി മില്‍മ കാലിത്തീറ്റക്ക് സബ്‌സിഡിയും നല്‍കുന്നുണ്ട്. ചാക്കൊന്നിന് 100 രൂപവീതമാണ് സബ്‌സിഡി. കൂടാതെ തീറ്റ വസ്തുക്കളായ സൈലേജ്, പച്ചപ്പുല്ല് എന്നിവയ്ക്കും സബ്‌സിഡി ലഭ്യമാണ്.

കറന്നെടുത്താല്‍ നാലോ അഞ്ചോ മണിക്കൂറിനുളളില്‍ കേടുവരുന്ന ഭക്ഷ്യവസ്തുവാണ് പാല്‍. അതുകൊണ്ടു തന്നെ സമയബന്ധിതമായി ശീതീകരിക്കേണ്ടതുണ്ട്. ഇതിനായി ഇപ്പോള്‍ ക്ഷീര സംഘങ്ങളില്‍ തന്നെ ബള്‍ക്ക് മില്‍ക്ക് കൂളര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മലബാറിലെ വിവിധ ക്ഷീര സംഘങ്ങള്‍ക്ക് എട്ടു ലക്ഷത്തോളം ലിറ്റര്‍ പാല്‍ അവിടെ വച്ചു തന്നെ ശീതീകരിക്കാനാവുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ കറന്നെടുക്കുന്ന പാല്‍ എത്രയും വേഗത്തില്‍ ക്ഷീര സംഘങ്ങളിലെത്തിക്കേണ്ടതുണ്ട് അവിടെ നിന്ന് ശീതീകരിച്ച പാല്‍ ഇന്‍സുലേറ്റ് ചെയ്ത ടാങ്കറുകളില്‍ ഡെയറി പ്ലാന്റുകളില്‍ എത്തിച്ച് പാസ്ചുറൈസ് ചെയ്ത് സുരക്ഷിതമാക്കും. പിന്നീട് അണുഗുണനിലവാരവും പോഷക ഗുണനിലവാരവും ഉറപ്പുവരുത്തി പേക്കറ്റുകളിലാക്കിയാണ് ഉപഭോക്താക്കളിലെത്തിക്കുന്നത്. പാലിന്റെ ശീതീകരണ ശൃംഖല നടഷ്ടപ്പെടാതിരിക്കാന്‍ പഫ് ഇന്‍സുലേറ്റ് ചെയ്ത വാഹനങ്ങളിലാണ് ഡെയറി പ്ലാന്റുകളില്‍ നിന്നും പാല്‍ ബൂത്തുകളിലെത്തിക്കുന്നത്്. അധിക പാല്‍വിലയും സമ്മാനങ്ങളും വിഷുവിന് മുമ്പായി ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ കെ എസ് മണിയും മാനേജിംഗ് ഡയറക്ടര്‍ കെ എം വിജയകുമാരനും അറിയിച്ചു.




Next Story

RELATED STORIES

Share it