Kerala

മാർക്ക് ദാന വിവാദം: പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

മോഡറേഷൻ നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ സർവകലാശാലയാണ് തീരുമാനം പിൻവലിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും പിന്നിൽ മുസ്ലിം ലീഗാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി താൻ അധികാരത്തിലേറിയ അന്ന് മുതൽ തുടങ്ങിയതാണ് ഈ ആരോപണങ്ങളെന്നും ചൂണ്ടിക്കാട്ടി.

മാർക്ക് ദാന വിവാദം: പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി
X

തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാനത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

മന്ത്രിക്ക് സർവകലാശാല നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. വൈസ് ചാൻസിലറുടെ അഭാവത്തിൽ മാത്രമാണ് പ്രോ ചാൻസിലർക്ക് അധികാരം. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം. ധർമസംസ്ഥാപനത്തിനായി മന്ത്രി അവതരിക്കണോയെന്നും വി ഡി സതീശൻ ചോദിച്ചു.

മാർക്ക് ദാനം അദാലത്തിൽ അല്ലെന്ന മന്ത്രിയുടെ വാദം തെറ്റാണ്. പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്ന മന്ത്രിസഭയാണിത്. പരീക്ഷാഫലം വന്നതിനു ശേഷം മാർക്ക് കുട്ടി നൽകാൻ എന്ത് ചട്ടമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. അങ്ങനെയെങ്കിൽ ഞാനീ ആരോപണത്തിൽ നിന്ന് പിന്മാറാമെന്നും മന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് സതീശൻ പറഞ്ഞു.

എന്നാൽ തോറ്റ വിദ്യാർഥിക്ക് മോഡറേഷൻ തീരുമാനം സിൻഡിക്കേറ്റിന്റെതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യത്വപരമായ സമീപനമാണ് നടന്നത്. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തിട്ടില്ല. മല പോലെ വന്നത് എലി പോലെ പോയെന്നും മന്ത്രി പറഞ്ഞു. ന്യായമായത് അർഹതപ്പെട്ടവർക്ക് കിട്ടുകയാണുണ്ടായത്. മന്ത്രിക്കൊ ഓഫീസിനോ ഇതിൽ പങ്കില്ല. മോഡറേഷൻ നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ സർവകലാശാലയാണ് തീരുമാനം പിൻവലിച്ചതെന്നും മന്ത്രി പറഞ്ഞു. എല്ലാ ആരോപണങ്ങൾക്കും പിന്നിൽ മുസ്ലിം ലീഗാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി താൻ അധികാരത്തിലേറിയ അന്ന് മുതൽ തുടങ്ങിയതാണ് ഈ ആരോപണങ്ങളെന്നും ചൂണ്ടിക്കാട്ടി.

മാർക്ക് ദാനം പിൻവലിച്ചത് തെറ്റ് അംഗീകരിച്ചതിനുള്ള തെളിവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവാകാതിരിക്കില്ലെന്നും ചെന്നിത്തല ആവർത്തിച്ചു.

Next Story

RELATED STORIES

Share it