Kerala

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ്ണ പണിമുടക്ക്

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ്ണ പണിമുടക്ക്
X

തിരുവനന്തപുരം: നവംബര്‍ 13 ന് സമ്പൂര്‍ണ്ണ പണിമുടക്ക് നടത്തുമെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ അത്യാഹിത സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് സംഘടന അറിയിച്ചു. ഇതുവരെ സമാധാനപരമായി സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും സര്‍ക്കാര്‍ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം, ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആയി കാണുന്നതാണെന്നും സംഘടന വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടു പോയതെന്നും എന്നാല്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഒ പി ബഹിഷ്‌കരണത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായതാണെന്നും കെ ജി എം സി ടി എ പറയുന്നു. മൂന്ന് ദിവസങ്ങളിലായി ഒ പി ബഹിഷ്‌കരണം നടത്തിയപ്പോള്‍, ദൂരപ്രദേശങ്ങളില്‍ നിന്ന് പോലും മുതിര്‍ന്ന ഡോക്ടര്‍മാര്‍ റഫര്‍ ചെയ്ത് വിദഗ്ധചികിത്സയ്ക്കായി എത്തിയ രോഗികള്‍ക്ക് പി ജി വിദ്യാര്‍ഥികളിലൂടെ താല്‍ക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നിട്ടും പ്രശ്‌നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സംഘടന. ഈ സമരം മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it