Kerala

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിയ്ക്ക് വിടുന്നത് കേന്ദ്ര ആക്റ്റിന് വിരുദ്ധവും അപ്രായോഗികവും: മെക്ക

കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ ആകെയുള്ളത് ഇരുനൂറോളം ജീവനക്കാരാണ്. അതേ സമയം കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡിനു കീഴില്‍ പതിനായിരത്തോളം ജീവനക്കാരാണുള്ളത്. വഖഫ് ബോര്‍ഡിന്റെ മേഖല ഓഫീസുകളിലടക്കം വിരലിലെണ്ണാവുന്ന ജീവനക്കാരാണുള്ളത്. അതും മിനിസ്റ്റീരിയല്‍ വിഭാഗം മാത്രം. ദേവസ്വം ബോര്‍ഡുകളിലാകട്ടെ ശാന്തിക്കാരന്‍, കഴകക്കാരന്‍, സ്വീപ്പര്‍, ശിപായി തുടങ്ങി ക്ലാര്‍ക്ക്, ഓവര്‍സിയര്‍, എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍, സ്‌കൂളധ്യാപകര്‍, കോളജധ്യാപകര്‍ എന്നിങ്ങനെ ആയിരക്കണക്കിന് തസ്തികകളിലേക്കാണ് നിയമനം നടത്തേണ്ടത്

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിയ്ക്ക് വിടുന്നത് കേന്ദ്ര ആക്റ്റിന് വിരുദ്ധവും അപ്രായോഗികവും:  മെക്ക
X

കൊച്ചി: വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിയ്ക്ക് വിടാനുള്ള തീരുമാനം അപ്രായോഗികവും സെന്‍ട്രല്‍ വഖഫ് ആക്റ്റിന് വിരുദ്ധവുമാണെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി. കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ ആകെയുള്ളത് ഇരുനൂറോളം ജീവനക്കാരാണ്. അതേ സമയം കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡിനു കീഴില്‍ പതിനായിരത്തോളം ജീവനക്കാരാണുള്ളത്. വഖഫ് ബോര്‍ഡിന്റെ മേഖല ഓഫീസുകളിലടക്കം വിരലിലെണ്ണാവുന്ന ജീവനക്കാരാണുള്ളത്. അതും മിനിസ്റ്റീരിയല്‍ വിഭാഗം മാത്രം.

ദേവസ്വം ബോര്‍ഡുകളിലാകട്ടെ ശാന്തിക്കാരന്‍, കഴകക്കാരന്‍, സ്വീപ്പര്‍, ശിപായി തുടങ്ങി ക്ലാര്‍ക്ക്, ഓവര്‍സിയര്‍, എഞ്ചിനീയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍മാര്‍, സ്‌കൂളധ്യാപകര്‍, കോളജധ്യാപകര്‍ എന്നിങ്ങനെ ആയിരക്കണക്കിന് തസ്തികകളിലേക്കാണ് നിയമനം നടത്തേണ്ടത്. ഹിന്ദുസമുദായത്തിലെ വിവിധ ജാതി ഉപജാതി വിഭാഗങ്ങള്‍ക്കും മുന്നോക്ക പിന്നോക്ക വിഭാഗങ്ങള്‍ക്കും നീക്കിവച്ചിട്ടുള്ള നിശ്ചിത ശതമാനം സംവരണ പ്രകാരം നിയമനം നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിലെ തസ്തികകള്‍ പിഎസ്‌സിക്ക് വിടാതെ സ്വതന്ത്ര ഏജന്‍സിയായ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് നടത്തുന്നത്. അതേ മാതൃകയില്‍ വെറും 200-ല്‍ താഴെ മാത്രമുള്ള വഖഫ് ബോര്‍ഡിലെ തസ്തികകളില്‍ ഒഴിവുവരുന്ന വിരലിലെണ്ണാവുന്ന നിയമനങ്ങള്‍ മാത്രം പിഎസ്‌സിക്ക് വിടാനുള്ള നീക്കം വഖഫ് മന്ത്രിയുടെ വ്യക്തിവിരോധവും രാഷ്ട്രീയ പകപോക്കലും നടപ്പിലാക്കാനുള്ള പാഴ്ശ്രമമാണെന്നും എന്‍ കെ അലി വ്യക്തമാക്കി.പലതവണ ഓര്‍ഡിനന്‍സിറക്കി കാലഹരണപ്പെട്ട നീക്കം സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ പൊടിതട്ടിയെടുത്തതിന്റെ പൊരുള്‍ സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകും.

മുസ്‌ലിംകളില്‍നിന്ന് മാത്രം യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടേണ്ട നാമമാത്ര തസ്തികകള്‍ക്ക് കേന്ദ്ര ആക്റ്റിന് അനുസൃതമായി വഖഫ് ചട്ടങ്ങളിലും റഗുലേഷനിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ നിയമസഭയുടെ കാലാവധിക്കകം ആവശ്യമായ ഭേദഗതിയോടെ റഗുലേഷന്‍ കേന്ദ്ര വഖഫ് ചട്ടങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കേണ്ടതുണ്ട്. 1995-ലെ സെന്‍ട്രല്‍ വഖഫ് ആക്റ്റിന് വിരുദ്ധമാണ് ഈ ഓര്‍ഡിനന്‍സ് എന്നതിനാല്‍ നിയമനിര്‍മാണം സാധ്യമല്ലാത്തതാണ്. പിഎസ്‌സിക്ക് വിടാനുള്ള ഭേദഗതിക്ക് സെന്‍ട്രല്‍ വഖഫ് ആക്റ്റിലും ഭേദഗതിവരുത്തി സംസ്ഥാനത്ത് പുതിയ ചട്ടവും റഗുലേഷനും വേണം.

ഇതെല്ലാം കഴിഞ്ഞ് സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കി നിയമന പ്രക്രിയ ആരംഭിക്കുവാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സാധിക്കുകയുമില്ലെന്ന് വ്യക്തമായി ബോധ്യമുള്ളവരുടെ കുതന്ത്രമാണിത്. ജനങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ച് വിട്ട് സംസ്ഥാനത്ത് വിഭാഗീയ വിദ്വേഷപ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനുള്ള നീക്കത്തില്‍നിന്നും വകുപ്പ് മന്ത്രിയും സര്‍ക്കാരും പിന്തിരിയണമെന്നും സദുദ്ദേശപരമായ നടപടിയെന്ന നിലയില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മാതൃകയില്‍ സ്വതന്ത്ര വഖഫ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് പരിഹാരമുണ്ടാക്കണമെന്നും എന്‍ കെ അലി വഖഫ് മന്ത്രിയോടും സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it