Kerala

എംബിബിഎസ് പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; നവംബര്‍ 26 വരെ വിദ്യാര്‍ഥികള്‍ക്ക് ഫീസടയ്ക്കാം

സ്വാശ്രയകോളജുകളിലെ ഫീസ് സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ആദ്യ അലോട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് നിലവില്‍ സ്വാശ്രയകോളജുകളിലും സര്‍ക്കാര്‍ കോളജുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടച്ചാല്‍ മതി.

എംബിബിഎസ് പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; നവംബര്‍ 26 വരെ വിദ്യാര്‍ഥികള്‍ക്ക് ഫീസടയ്ക്കാം
X

തിരുവനന്തപുരം: 2020-21 വര്‍ഷത്തേക്കുള്ള എംബിബിഎസ്/ബിഡിഎസ്/അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി/ഫിഷറീസ്/ഫോറസ്ട്രി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു. നവംബര്‍ 10 മുതല്‍ 15 ന് വൈകീട്ട് അഞ്ചുമണി വരെയും നവംബര്‍ 18 മുതല്‍ 19ന് ഉച്ചയ്ക്ക് 12 മണി വരെയും വിദ്യാര്‍ഥികള്‍ നല്‍കിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. പാലക്കാട് കരുണ മെഡിക്കല്‍ കോളജിലേക്ക് ആദ്യഘട്ടത്തില്‍ ഓപ്ഷന്‍ ക്ഷണിച്ചെങ്കിലും അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ഇത് പരിഗണിക്കും. ശനിയാഴ്ച മുതല്‍ 26 വരെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് അടയ്ക്കാം.

ഓണ്‍ലൈന്‍ മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഫീസ് ഒടുക്കുയശേഷം നവംബര്‍ 26ന് വൈകീട്ട് മൂന്നുമണിക്കുള്ളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ പ്രവേശനം നേടണം. സ്വാശ്രയകോളജുകളിലെ ഫീസ് സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ആദ്യ അലോട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് നിലവില്‍ സ്വാശ്രയകോളജുകളിലും സര്‍ക്കാര്‍ കോളജുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടച്ചാല്‍ മതി. എന്നാല്‍, ഭാവിയില്‍ കോടതി വിധികള്‍ക്ക് അനുസൃതമായി ഫീസില്‍ മാറ്റംവരാം. അപ്പോള്‍ അധികതുക അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കുന്ന സമ്മതപത്രം വിദ്യാര്‍ഥികള്‍ നല്‍കണമെന്ന് അലോട്ട്‌മെന്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ പറയുന്നു.

www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ അലോട്ട്‌മെന്റ് സംബന്ധിച്ച വിരങ്ങള്‍ ലഭ്യമാണെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഹോം പേജില്‍നിന്ന് വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടെടുക്കണം. വിദ്യാര്‍ഥികളുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, അലോട്ട്‌മെന്റ് കാറ്റഗറി, ഫീസ് വിവരങ്ങള്‍ എന്നിവ മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാശ്രയ ഫീസ് തീരുമാനിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജേന്ദ്രബാബു സമിതി 19 കോളജുകളില്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് തുക 6.22 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയാണ്. ഈ തുകയ്‌ക്കെതിരേ ഹൈക്കോടതിയില്‍ പോയ മാനേജ്‌മെന്റുകള്‍ 11 ലക്ഷം മുതല്‍ 22 ലക്ഷം രൂപ വരെ പ്രതിവര്‍ഷ ഫീസ് വിജ്ഞാപനം ചെയ്യാന്‍ അനുമതി നേടിയെടുക്കുകയായിരുന്നു.

എന്‍ട്രന്‍സ് കമ്മീഷണര്‍ ഈ വിജ്ഞാപനം പുറത്തിറക്കിയതോടെ സാമ്പത്തികശേഷി കുറഞ്ഞ മിടുക്കരായ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി. ഹൈക്കോടതിയുടെ ഉത്തരവിനും, കൂട്ടിയ ഫീസ് പ്രഖ്യാപിക്കുന്ന വിജ്ഞാപനത്തിനുമെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഫീസ് കുറയുമെന്ന് കണ്ട് ഓപ്ഷന്‍ നല്‍കിയ പാവപ്പെട്ട വിദ്യാര്‍ഥികളാണ് കൂടിയ ഫീസുള്ള വിജ്ഞാപനം വന്നതോടെ വെട്ടിലായത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ പോവാനുള്ള സര്‍ക്കാര്‍ നീക്കം.

Next Story

RELATED STORIES

Share it