Kerala

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ വ്യാപക അക്രമം; കോഴിക്കോട്ട് വ്യാപാരി സംഘടനാ നേതാവിനെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു

ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരമറിയാതെ രാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ട പലരും വഴിയില്‍ കുടുങ്ങി. ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുകയും വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ വ്യാപക അക്രമം; കോഴിക്കോട്ട് വ്യാപാരി സംഘടനാ നേതാവിനെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു
X

കോഴിക്കോട്: കാസര്‍കോട്ട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനംചെയ്ത അപ്രതീക്ഷിത ഹര്‍ത്താലില്‍ പരക്കെ അക്രമം. ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരമറിയാതെ രാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ട പലരും വഴിയില്‍ കുടുങ്ങി. ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിടുകയും വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു. മറ്റ് മന്ത്രിമാരുടെ വിവിധ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം കല്ലറയില്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും വ്യാപാരികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തിലെ കടകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കൊല്ലം ചിന്നക്കടയില്‍ ബസ്സുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. പാലക്കാട് വാളയാര്‍ ഭാഗത്ത് സര്‍വീസ് നടത്തിയിരുന്ന ഇതരസംസ്ഥാന ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും നേരെ കല്ലേറുണ്ടായി. എറണാകുളത്ത് പള്ളുരുത്തി, പെരുമ്പാവൂര്‍, ആലുവ തുടങ്ങിയ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കളമശേരി എച്ച്എംടി ജങ്ഷനില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താലനുകൂലികളും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

കൊച്ചി തോപ്പുംപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ചാവക്കാട് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. ഉല്‍സവം നടക്കുന്നതിനാല്‍ ഗുരുവായൂര്‍ നഗരത്തെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. തൃശൂരില്‍ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കൊയിലാണ്ടിയില്‍ കടതുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികള്‍ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു. പോലിസെത്തിയാണ് വ്യാപാരി സംഘടനാ നേതാവിനെ രക്ഷപ്പെടുത്തിയത്. ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് എല്ലാ അംഗങ്ങളോടും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തുറന്ന കടകളെല്ലാം സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയായിരുന്നു. സൗത്ത് കളമശ്ശേരിയില്‍ മുട്ടവിതരണക്കാരനെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തു.നോര്‍ത്ത് കളമശ്ശേരി മാര്‍ക്കറ്റിലുള്ള മുട്ടക്കടയില്‍നിന്ന് സൗത്ത് കളമശ്ശേരിയിലെ തുറന്നിരുന്ന കടകളില്‍ മുട്ടവിതരണത്തിനെത്തിയ മണ്ണോപ്പിളളി വീട്ടില്‍ അസീസിന്റെ വാഹനം തടഞ്ഞ്് പ്രവര്‍ത്തകര്‍ മുട്ടകള്‍ എറിഞ്ഞുടച്ചു. മലപ്പുറം ചങ്ങരംകുളത്ത് ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇടുക്കി രാജാക്കാട്ട് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവത്തരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കട്ടപ്പനയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. യുഡിഎഫ് ഭരിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റി ഓഫിസ് തുറന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.






Next Story

RELATED STORIES

Share it