Kerala

മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും

കുടുംബങ്ങളുടെ മധ്യസ്ഥയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ നടക്കുമ്പോള്‍ കുഴിക്കാട്ടുശേരി ദേവാലയത്തില്‍ നിരവധി ചടങ്ങുകള്‍ നടക്കും

മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും
X

തൃശൂര്‍: പുത്തന്‍ചിറയിലെ മറിയം ത്രേസ്യയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുകയെന്ന് കുഴിക്കാട്ടുശ്ശേരിയിലെ വൈദികര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുടുംബങ്ങളുടെ മധ്യസ്ഥയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ നടക്കുമ്പോള്‍ കുഴിക്കാട്ടുശേരി ദേവാലയത്തില്‍ നിരവധി ചടങ്ങുകള്‍ നടക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതു മുതല്‍ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ദേവാലയത്തില്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലായിരുന്നു. അടുത്ത മാസം 16നു നടക്കുന്ന കൃതജ്ഞതാബലിയില്‍ മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.

വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്നതിന് എംപി മാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, സുപ്രിം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, അത്ഭുതം സംഭവിച്ച കുട്ടി ക്രിസ്റ്റഫര്‍ ജോഷിയും കുടുംബവും, അത്ഭുതം സ്ഥിരീകരിച്ച ഡോ. ശ്രീനിവാസ് തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങുകള്‍ തത്സമയം വീക്ഷിക്കാന്‍ മറിയം ത്രേസ്യാ ദേവാലയത്തോടനുബന്ധിച്ച് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ രാവിലെ 10 ന് (ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30) സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനടക്കമുള്ള മെത്രാന്‍മാരും കര്‍ദ്ദിനാള്‍ സംഘം, മെത്രാപോലീത്തമാര്‍, വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാവും. ഇന്ന് വൈകീട്ട് നാലിന് മരിയ മെജോറ ബസിലിക്കയില്‍ ഒരുക്ക ശുശ്രൂഷകള്‍ നടക്കും. കര്‍ദ്ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാര്‍മ്മികനാവും. തിങ്കളാഴ്ച രാവിലെ 10.30ന് സെന്റ് അനസ്താസിയ ബസിലിക്കയില്‍ കൃതഞ്ജതാബലി നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മികനാവും. വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറിയം ത്രേസ്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അഞ്ച് വിശുദ്ധരുടെ വലിയ ഛായാചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫാ. ബെനഡിക്റ്റ് വടക്കേക്കര തിരുശേഷിപ്പായി മറിയം ത്രേസ്യയുടെ അസ്ഥി സെന്റ് പീറ്റേഴ്‌സിലെ വിശുദ്ധ പദവി പ്രഖ്യാപന കാര്യാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി മാള പരിസരത്ത് നിന്നടക്കമുള്ള കേരളത്തിലെ വിശ്വാസി സംഘം കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തിയിട്ടുണ്ട്.

വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകള്‍ തല്‍സമയം വലിയ സ്‌ക്രീനില്‍ കുഴിക്കാട്ടുശ്ശേരിയിലെ മറിയം ത്രേസ്യ നഗറിലൊരുക്കിയ ഹാളില്‍ ഇരുന്ന് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുഴിക്കാട്ടുശ്ശേരിയില്‍ ഇന്ന് രാവിലെ ഒമ്പതുമുതല്‍ മധ്യസ്ഥ പ്രാര്‍ഥനയും ദിവ്യബലിയും ആരാധനയും മറ്റു ശുശ്രൂഷകളും നടക്കും. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന നാളെ 10ന് ദിവ്യബലിയര്‍പ്പിക്കും. അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പാനികുളം, ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, ഇരിങ്ങാലക്കുട രൂപതാ പ്രോട്ടോ സിഞ്ചെലൂസ് മോണ്‍ ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ കാര്‍മികരാവും. തുടര്‍ന്ന് വിശുദ്ധ പദവിയുടെ പ്രതീകവും പ്രകാശനവുമായ കിരീടം വിശുദ്ധയുടെ ശിരസ്സിലണിയിക്കും. തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവയും ഉണ്ടാവുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ രൂപത വികാര്‍ ജനറല്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍, മറിയം ത്രേസ്യ തീര്‍ഥകേന്ദ്രം പ്രമോട്ടര്‍ ഫാ. ജോസ് കാവുങ്ങല്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോണ്‍ കവലക്കാട്ട്, സി എല്‍സി കോക്കാട്ട്, സി എല്‍സി സേവ്യര്‍, ഫാ. ജിജോ വാകപ്പറമ്പില്‍, സി മരിയ ആന്റണി, സി മേഴ്‌സി പോള്‍, പി ടി ജോസ് തുടങ്ങിയവര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it