Kerala

മലപ്പുറത്ത് ക്ഷേത്രം ആക്രമിച്ച സംഭവം: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട്

2017ല്‍ പൂക്കോട്ടുംപാടം ക്ഷേത്രാക്രമണത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോപുലര്‍ ഫ്രണ്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല

മലപ്പുറത്ത് ക്ഷേത്രം ആക്രമിച്ച സംഭവം: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: മലപ്പുറം എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച് വിസര്‍ജ്യമെറിഞ്ഞ സംഭവത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്‍് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് വര്‍ഗീയ സംഘര്‍ഷമാണെന്ന് തെളിഞ്ഞതോടെ ഇതിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. സംഭവം നടന്നതിനു തൊട്ടുപിന്നാലെ മുസ്‌ലിംകള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന നിലയില്‍ പ്രസംഗിക്കുകയും ചെയ്ത ഹിന്ദു ഐക്യവേദിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണം. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശത്ത് ക്ഷേത്രങ്ങള്‍ക്കു നേരെ സമാന സ്വഭാവത്തിലുള്ള ആക്രമണങ്ങള്‍ മുമ്പും ഉണ്ടയിട്ടുണ്ട്. ഓരോ സംഭവത്തോടനുബന്ധിച്ചും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങളും സംഘപരിവാര, ഹിന്ദുത്വ ശക്തികളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയാണു പതിവ്. ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. മുസ്‌ലിം ഭൂരിപക്ഷ ജില്ലയെന്ന നിലയില്‍ മലപ്പുറത്തെ ചൂണ്ടിക്കാട്ടി ദേശീയതലത്തില്‍ തന്നെ സംഘപരിവാരം ശക്തമായ വിദ്വേഷ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

1993ല്‍ താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കു നേരെ ബോംബെറിയാനുള്ള നീക്കത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കരുതിയിരുന്ന ബോംബ് പൊട്ടി ശ്രീകാന്ത് എന്ന സംഘപരിവാര പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ കുറിച്ച് അന്നത്തെ മലപ്പുറം എസ്പി ഉമ്മന്‍ കോശി പ്രതികരിച്ചത് 'മലപ്പുറത്തെ ദൈവം രക്ഷിച്ചു' എന്നാണ്. 2001ല്‍ കരുളായി കൊയിലമുണ്‍യിലെ ഒഴിഞ്ഞ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹോദരി പുത്രനും അറസ്റ്റിലായിരുന്നു. അങ്ങാടിപ്പുറം തളിക്ഷേത്ര വാതിലും വളാഞ്ചേരി കൊടുമുടിക്കാട് ക്ഷേത്രവും തീവച്ച് നശിപ്പിക്കപ്പെട്ട കേസുകളില്‍ കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല. മഞ്ചേരി നറുകര ക്ഷേത്രത്തിനു സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പിടിക്കപ്പെട്ട ആര്‍എസ്എസുകാരനെ മനോരോഗിയാക്കി വിട്ടയയ്ക്കുകയായിരുന്നു. 2002ല്‍ താനാളൂര്‍ ശ്രീ നരസിംഹക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കത്തിച്ചതിലും 2011 ല്‍ മൊറയൂര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്കു തീയിട്ടതിലും ദുരൂഹതയുണ്ട്. അതിനാല്‍ തന്നെ, ഇപ്പോള്‍ നടന്നിട്ടുള്ള സംഭവത്തെ ഒറ്റപ്പെട്ടതായി കാണാനാവില്ല. ഇത്തരം സംഭവങ്ങളില്‍ സംഘപരിവാര സംഘടനകളില്‍പ്പെട്ടവര്‍ പ്രതികളാവുമ്പോള്‍ അന്വേഷണം വഴിമുട്ടുകയും പ്രതികള്‍ വിട്ടയയ്ക്കപ്പെടുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നത്.

2017ല്‍ പൂക്കോട്ടുംപാടം ക്ഷേത്രാക്രമണത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോപുലര്‍ ഫ്രണ്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. വിവിധ വിഭാഗങ്ങള്‍ സഹിഷ്ണുതയോടെ കഴിയുന്ന മലപ്പുറത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര അജണ്ടയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തെ ശക്തമായി എതിര്‍ത്ത ആര്‍എസ്എസ് 1967ല്‍ ജില്ല രൂപീകരിച്ചതു മുതല്‍ അതിനെതിരേ കുപ്രചാരണങ്ങള്‍ ആരംഭിക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവരികയാണ്. അതിനാല്‍, ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം ദുരൂഹമായ ആക്രമണസംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it