Kerala

ഫിലിപ്പോ ഒസെല്ലായെ തിരിച്ചയച്ചത് ദുരൂഹമെന്ന് എം എ ബേബി

ഗവേഷണത്തിനുള്ള ഒരു വര്‍ഷത്തെ വിസ ഉള്ള അദ്ദേഹത്തെ, കഴിഞ്ഞ മുപ്പതു വര്‍ഷമായി കേരളത്തില്‍ വന്നു പഠനം നടത്തുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്തത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും അത്ഭുതകരമാണ്.

ഫിലിപ്പോ ഒസെല്ലായെ തിരിച്ചയച്ചത് ദുരൂഹമെന്ന് എം എ ബേബി
X

കോഴിക്കോട്: ഫിലിപ്പോ ഒസെല്ലായെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ചത് ദുരൂഹമെന്ന് മുന്‍ മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഫിലിപ്പോ ഒസെല്ലായെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചതില്‍ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

കേരളത്തെക്കുറിച്ച് പഠനം നടത്തുന്ന യൂറോപ്യന്‍ പണ്ഡിതരില്‍ പ്രമുഖനാണ് അദ്ദേഹം. കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്നിറങ്ങിയത്.

വന്ന വിമാനത്തില്‍ തന്നെ അദ്ദേഹത്തെ തിരിച്ചയച്ച ഇമിഗ്രേഷന്‍ അധികൃതര്‍ വളരെ മോശമായി പെരുമാറിയെന്നും പറയുന്നു. കാരണം ചോദിക്കാന്‍ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാല്‍ തടവിലാക്കിക്കളയും എന്നാണ് മറുപടി പറഞ്ഞത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്ന് ബാഗില്‍ നിന്ന് എടുക്കാന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണത്തിനുള്ള ഒരു വര്‍ഷത്തെ വിസ ഉള്ള അദ്ദേഹത്തെ, കഴിഞ്ഞ മുപ്പതു വര്‍ഷമായി കേരളത്തില്‍ വന്നു പഠനം നടത്തുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്തത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും അത്ഭുതകരമാണ്. കേരളത്തിലെ ഈഴവസമുദായത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാധീനം, മുസ്ലിം സമുദായത്തിലെ നവോത്ഥാനം എന്നീ വിഷയങ്ങള്‍ പഠിച്ചിട്ടുള്ള അദ്ദേഹം കേരളതീരത്തെ മത്സ്യത്തൊഴിലാളികളില്‍ കോവിഡും കാലാവസ്ഥാ മാറ്റവും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആണ് ഇത്തവണ വന്നത്. വ്യവസ്ഥാപിത വിസ ഉള്ള ഒരു പണ്ഡിതനെ തിരിച്ചയച്ച കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വിശദീകരണം നല്‌കേണ്ടതാണ്.

ലോകമെങ്ങും നിന്നുള്ള പണ്ഡിതരുമായി നമ്മുടെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ബൗദ്ധിക കൊടുക്കല്‍ വാങ്ങല്‍ ഉണ്ടാവേണ്ടതാണ്. അതിന് വേണ്ടിയുള്ള പല ശ്രമങ്ങളും കേരള സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. മറ്റു പ്രധാന സര്‍വകലാശാലകളും നടത്തുന്നു.-എം എ ബേബി പറഞ്ഞു.

Next Story

RELATED STORIES

Share it