Kerala

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷ കൈവിടാതെ മുന്നണികൾ

പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ ത്രികോണ മൽസരത്തിന്റെ പ്രതീതിയാണെങ്കിലും യുഡിഎഫിന് അനുകൂലമായ വിധിയെഴുത്താവും ഉണ്ടാവുകയെന്നാണ് അവസാനവട്ട സൂചനകൾ. കഴിഞ്ഞതവണ ബിജെപിക്കായി തിരുവനന്തപുരത്ത് മൽസരിച്ച ഒ രാജഗോപാലിനോളം പ്രതിച്ഛായ ഇല്ലാത്തതും തീവ്രഹിന്ദുത്വ നിലപാടുകളും കുമ്മനം രാജശേഖരന് തിരിച്ചടി ആവുമെന്നതിൽ സംശയമില്ല. വോട്ടിങ് ശതമാനം ഉയർത്തുമെന്നതിനപ്പുറം പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ജയിക്കുമെന്ന വാദങ്ങൾക്കും പ്രസക്തിയില്ല.

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷ കൈവിടാതെ മുന്നണികൾ
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോവാനിരിക്കെ തികഞ്ഞ പ്രതീക്ഷയിലാണ് മുന്നണികൾ. മുൻതിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ മൽസരമാണ് ഇക്കുറി കേരളത്തിലേത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ വയനാടും ശബരിമല സമരങ്ങളുടെ മുഖ്യകേന്ദ്രമായ പത്തനംതിട്ടയും ബിജെപിയും കോൺഗ്രസും നേരിട്ടേറ്റുമുട്ടുന്ന തിരുവനന്തപുരവും ദേശീയശ്രദ്ധ പതിഞ്ഞ മണ്ഡലങ്ങളാണ്.

വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും പല മണ്ഡലങ്ങളിലും വിധിനിർണയം പ്രവചനാതീതമാണ്. എൽഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോലും വാശിയേറിയ മൽസരമാണ് ഇക്കുറി നടക്കുന്നത്. ഏവരും ഉറ്റുനോക്കുന്ന പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ ത്രികോണ മൽസരത്തിന്റെ പ്രതീതിയാണെങ്കിലും യുഡിഎഫിന് അനുകൂലമായ വിധിയെഴുത്താവും ഉണ്ടാവുകയെന്നാണ് അവസാനവട്ട സൂചനകളിലൂടെ പുറത്തുവരുന്നത്‌. കടുത്ത മൽസരം തന്നെയാവും രണ്ടിടത്തും നടക്കുക. കഴിഞ്ഞതവണ ബിജെപിക്കായി തിരുവനന്തപുരത്ത് മൽസരിച്ച ഒ രാജഗോപാലിനോളം പ്രതിച്ഛായ ഇല്ലാത്തതും തീവ്രഹിന്ദുത്വ നിലപാടുകളും കുമ്മനം രാജശേഖരന് തിരിച്ചടി ആവുമെന്നതിൽ സംശയമില്ല. വോട്ടിങ് ശതമാനം ഉയർത്തുമെന്നതിനപ്പുറം പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ജയിക്കുമെന്ന വാദങ്ങൾക്കും പ്രസക്തിയില്ല.

ആരോപണ-പ്രത്യാരോപണങ്ങൾ, വിവാദങ്ങൾ, അവകാശവാദങ്ങൾ എന്നിവയുമായി പ്രചരണത്തിന്റെ അന്തിമഘട്ടത്തിൽ മുന്നണികൾ സജീവമായിരുന്നു. ഇന്നത്തെ നിശബ്ദ പ്രചരണത്തിലൂടെ നിഷ്പക്ഷ വോട്ടുകൾ എങ്ങനെയും തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഓരോ പാർട്ടികളും. നാടിന്റെ വികസനവും സംഘപരിവാർ ഫാഷിസവും ഭരണകൂട ഭീകരതയും കാർഷികമേഖലയിലെ പ്രതിസന്ധിയും പ്രളയവും വിശ്വാസവുമെല്ലാം ഇടതു വലതു മുന്നണികൾ പ്രചരണയുധമാക്കിയപ്പോൾ ശബരിമലയുടെ മാത്രം പേരുപറഞ്ഞ് വർഗീയ ധ്രുവീകരണത്തിലൂടെ വോട്ടു പിടിക്കാനാണ് ബിജെപി ശ്രമിച്ചത്.

ബൂത്ത് അടിസ്ഥാനത്തിൽ നടത്തിയ അവസാനവട്ട പൊതുയോഗങ്ങളിലൂടെ എൽഡിഎഫും കുടുംബയോഗങ്ങൾ നടത്തി യുഡിഎഫും വിധിയെഴുത്തിന് തയ്യാറെടുത്തിട്ടുണ്ട്. പത്ത് മണ്ഡലങ്ങളിൽ മൽസരിക്കുന്ന എസ്ഡിപിഐയും വ്യക്തമായ മുന്നേറ്റം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിക്കാനായത് നേട്ടമാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രിയങ്കാ ഗാന്ധി, കേന്ദ്രമന്ത്രിമാർ തുടങ്ങി ദേശീയ നേതാക്കളുടെ വലിയ നിരതന്നെ മുന്നണികളുടെ പ്രചാരണത്തിനായി കേരളത്തിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ കേരള പര്യടനവും വയനാട്ടിലെ സ്ഥാനാർഥിത്വവും വഴി പ്രചരണത്തിൽ ഓളമുണ്ടാക്കാനായെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.

വിഷയങ്ങൾ മാറിമറിഞ്ഞെങ്കിലും ശബരിമലയാണ് അവസാനഘട്ടത്തിലും പ്രചരണത്തിന്റെ കേന്ദ്രബിന്ദുവായത്. ആചാര ലംഘനം യുഡിഎഫും എൻഡിഎയും സജീവമായി ഉയർത്തിയപ്പോൾ വർഗീയ വിരുദ്ധ പ്രചരണത്തിൽ ഊന്നിയാണ് എൽഡിഎഫ് വോട്ടർമാരെ സമീപിച്ചത്. അവസാനവട്ട അടിയൊഴുക്കുകളും നിഷ്പക്ഷ വോട്ടുകളും ജയം നിർണയിക്കുമെന്നതിൽ സംശയമില്ല. രാഷ്ട്രീയ വിഷയങ്ങൾക്ക് പുറമേ സാമുദായികമായ ഘടകങ്ങളും പാർട്ടിക്കുള്ളിലെ ഭിന്നതകളും പലമണ്ഡലങ്ങളിലെയും അടിയൊഴുക്കുകളെ സ്വാധീനിച്ചേക്കാം.

Next Story

RELATED STORIES

Share it