Kerala

ഇന്നറിയാം അന്തിമഫലം: കാത്തിരിപ്പിനിടയിലും കണക്കുകൂട്ടലുമായി കേരളം

ഇരുപതു സീറ്റും നേടുമെന്ന ആത്മവിശ്വാസവുമായി യുഡിഎഫും 2014നെ അപേക്ഷിച്ച് വലിയ വിജയം ഇക്കുറിയുണ്ടാവുമെന്ന അവകാശവാദത്തോടെ എല്‍ഡിഎഫും അമിത പ്രതീക്ഷയിലാണ്. സംസ്ഥാനത്താദ്യമായി ലോക്‌സഭാ അക്കൗണ്ടു തുറക്കുമെന്ന ഉറപ്പിലാണ് ബിജെപി.

ഇന്നറിയാം അന്തിമഫലം:  കാത്തിരിപ്പിനിടയിലും കണക്കുകൂട്ടലുമായി കേരളം
X

തിരുവനന്തപുരം: ജനവിധി എന്തെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇരുപതില്‍ ഇരുപതു സീറ്റും നേടുമെന്ന ആത്മവിശ്വാസവുമായി യുഡിഎഫും 2014നെ അപേക്ഷിച്ച് വലിയ വിജയം ഇക്കുറിയുണ്ടാവുമെന്ന അവകാശവാദത്തോടെ എല്‍ഡിഎഫും അമിത പ്രതീക്ഷയിലാണ്. അതേസമയം, സംസ്ഥാനത്താദ്യമായി ലോക്‌സഭാ അക്കൗണ്ടു തുറക്കുമെന്ന ഉറപ്പിലാണ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി.

ഏപ്രിൽ 23നാണ് സംസ്ഥാനത്തു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇതിനിടയില്‍ കള്ളവോട്ടും തപാല്‍ ബാലറ്റു തിരിമറിയും വിവാദങ്ങളായി കടന്നുവന്നു. കള്ളവോട്ടു സ്ഥിരീകരിച്ച ഏഴു ബൂത്തുകളില്‍ റീപോളിങ് നടത്തുന്ന അപൂര്‍വ സാഹചര്യത്തിനും കേരളം സാക്ഷിയായി.

തരംഗ പ്രതീക്ഷയില്‍ യുഡിഎഫ്

എക്‌സിറ്റ് പോളുകള്‍ കൂടി വന്നതോടെ തരംഗത്തില്‍ കുറഞ്ഞതൊന്നും യുഡിഎഫ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നില്ലെന്ന് വേണം കരുതാന്‍. അത്രയ്ക്ക് ആത്മവിശ്വാസത്തിലാണ് മുന്നണിയിലെ നേതാക്കളും അനുയായികളും. ഏതുസാഹചര്യത്തിലും 15 മുതല്‍ 18 വരെ സീറ്റുകളിലെ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

അതില്‍ കുറഞ്ഞതൊന്നും സംഭവിക്കുകയില്ലെന്ന വിലയിരുത്തലാണ് പ്രധാന ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലിംലീഗും നടത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം, ശബരിമല വിഷയത്തിലുണ്ടായ ഏകീകരണം, മോദി വിരുദ്ധതയില്‍ രൂപപ്പെട്ട ന്യൂനപക്ഷ കേന്ദ്രീകരണം എന്നിവയും ഒപ്പം വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി മൽസരിച്ചതോടെ ലഭിച്ച അനുകൂല സാഹചര്യവും യുഡിഎഫിനെ തുണയ്ക്കുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്.

എന്നാല്‍ ചില മണ്ഡലങ്ങളിലുണ്ടായ അടിയൊഴുക്കുകളെ മുന്നണി ഭയക്കുന്നുമുണ്ട്. ബിജെപി പ്രചരണം ശക്തമാക്കിയ മണ്ഡലങ്ങളിലെ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ എങ്ങോട്ടു മറിഞ്ഞുവെന്നതില്‍ യുഡിഎഫിന് ആശങ്കയുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍. ഇവിടങ്ങളില്‍ ബിജെപി വന്‍തോതില്‍ വോട്ടുപിടിച്ചാല്‍ തങ്ങളുടെ സാധ്യത മങ്ങുമെന്നു യുഡിഎഫ് കരുതുന്നു.

അമിതപ്രതീക്ഷയില്‍ എല്‍ഡിഎഫ്

എക്‌സിറ്റ് പോള്‍ ഫലത്തെ തള്ളി കൊണ്ടാണ് എല്‍ഡിഎഫ് മുന്നണി വോട്ടെണ്ണല്‍ ഫലം കാത്തിരിക്കുന്നത്. പ്രവചനങ്ങള്‍ പരാജയപ്പെട്ട ചരിത്രമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിനൊട്ടും സാധ്യതയില്ലെന്നാണ് ഇടതു മുന്നണി വിലയിരുത്തിയത്. തിരഞ്ഞെടുപ്പിനു ശേഷം രണ്ടുതവണ സിപിഎം സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ചേര്‍ന്നു കണ്ടെത്തിയതും ഇതേ വിലയിരുത്തല്‍ തന്നെ. എന്നാല്‍ ശബരിമല വിഷയം ചെറുതായെങ്കിലും മദ്ധ്യ-തെക്കന്‍ കേരളത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നു പാര്‍ട്ടിയും മുന്നണിയും കരുതുന്നു. ആ കണക്കില്‍ ചെറിയ തോതിലെങ്കിലും ക്ഷീണം സംഭവിക്കുക തങ്ങള്‍ക്കാണെന്നും എല്‍ഡിഎഫിനറിയാം. അതേസമയം മോദി വിരുദ്ധ വികാരത്തില്‍ കേരളത്തില്‍ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടായതായും അതിന്റെ പൂര്‍ണമായ ആനുകൂല്യം ഇടതിനു ലഭിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു.

ആദ്യയോഗത്തില്‍ 18 വരെ സീറ്റു കിട്ടുമെന്നു പ്രവചിച്ച സിപിഎം രണ്ടാമത്തെ യോഗത്തോടെ കണക്കു താഴ്ത്തിയിട്ടുണ്ട്. 8 മുതല്‍ 12 വരെ സീറ്റില്‍ വിജയമുറപ്പെന്നാണ് വിലയിരുത്തല്‍. എന്തായാലും വലിയ തോതിലുള്ള തിരിച്ചടി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന ആത്മവിശ്വാസവും ഇടതു ക്യാംപിൽ സജീവമാണ്.

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുന്ന സാഹചര്യമുണ്ടായാല്‍ പിണറായിക്കെതിരേ ചോദ്യശരങ്ങള്‍ ഉയരും. പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി കണ്ണുംനട്ടിരിക്കുന്നത്. രണ്ടിടത്തും ശബരിമലയുടെ പേരിലാണു ബിജെപി വോട്ട് തേടിയത്. അതിലെ വൈകാരികത വോട്ടില്‍ യാഥാര്‍ഥ്യമായാല്‍ ബിജെപിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അവസരമൊരുക്കിയത് എല്‍ഡിഎഫും സര്‍ക്കാരുമല്ലേയെന്ന ചോദ്യം മുന്നണിയിലും പാര്‍ട്ടിയിലും ഉയരാം. ഇത് പാര്‍ട്ടിക്ക് പ്രത്യേകിച്ച് പിണറായിക്കായിരിക്കും നേരിടേണ്ടി വരിക.

Next Story

RELATED STORIES

Share it