Kerala

സ്ഥാനാര്‍ഥി നിര്‍ണയം: സിപിഎം നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും

ആറ്റിങ്ങല്‍, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ സിറ്റിങ് എംപിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന. അതേസമയം, എല്‍ഡിഎഫിലെ സീറ്റുവിഭജനത്തില്‍ ഇനിയും അന്തിമധാരണയായിട്ടില്ല. എന്‍സിപിക്കും എല്‍ജെഡിക്കും പിന്നാലെ ജനതാദള്‍ കൂടി സീറ്റിനായി നിലപാട് കടുപ്പിച്ചതാണ് മുന്നണി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയം: സിപിഎം നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നാലുദിവസം നീളുന്ന സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കം. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. ആറ്റിങ്ങല്‍, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ സിറ്റിങ് എംപിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന. നാളെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും ചേരുന്നുണ്ട്. അതേസമയം, എല്‍ഡിഎഫിലെ സീറ്റുവിഭജനത്തില്‍ ഇനിയും അന്തിമധാരണയായിട്ടില്ല. എന്‍സിപിക്കും എല്‍ജെഡിക്കും പിന്നാലെ ജനതാദള്‍ കൂടി സീറ്റിനായി നിലപാട് കടുപ്പിച്ചതാണ് മുന്നണി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. എന്നാല്‍, ഘടകക്ഷികളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സിപിഎം വഴങ്ങാന്‍ സാധ്യതയില്ല. വെള്ളിയാഴ്ച്ക്ക് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് സിപിഎം.

കഴിഞ്ഞ തവണ ജനതാദള്‍(എസ്) മല്‍സരിച്ച കോട്ടയം സീറ്റ് ഇത്തവണ അവര്‍ വേണ്ടെന്ന പറഞ്ഞ സാഹചര്യത്തില്‍ അത് ഏറ്റെടുക്കാന്‍ സിപിഎം ആലോചിച്ചിരുന്നു. എന്നാല്‍ കോട്ടയത്തിന് പകരം എറണാകുളം സീറ്റ് വേണമെന്ന നിലപാടിലാണ് ജനതാദള്‍ എസ്. എന്നാല്‍ സിപിഎമ്മിന് ഇതിനോട് താല്‍പര്യമില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും മുന്നണി വിടുമെന്നുമുള്ള സമ്മര്‍ദ്ദതന്ത്രങ്ങളും ജനതാദള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്യു ടി തോമസ്, കൃഷ്ണന്‍കുട്ടി എന്നിവര്‍ തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതു ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു.

പത്തനംതിട്ട സീറ്റിന് വേണ്ടി എന്‍സിപിയും വടകര സീറ്റിനായി ലോക് താന്ത്രിക് ജനതാദളും എല്‍ഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാനുള്ള സാധ്യതയില്ല. രാജ്യസഭാ സീറ്റില്‍ ഒഴിവുവന്നപ്പോള്‍ നല്‍കിയതുകൊണ്ട് ഒരുസീറ്റ് കൂടി നല്‍കാന്‍ കഴിയില്ലെന്ന് എല്‍ജെഡിയെ സിപിഎം അറിയിക്കും.

Next Story

RELATED STORIES

Share it