Kerala

ലോക കേരളസഭ സമ്പൂര്‍ണ്ണ പരാജയമെന്ന് യുഡിഎഫ്

ആര്‍ഭാടവും ധൂര്‍ത്തും അഴിമതിയുമാണ് ലോക കേരള സഭയുടെ പേരില്‍ നടന്നത്. നിയമസഭാ മന്ദിരത്തിലെ ഹാളില്‍ കഷ്ടിച്ച് ഒന്നര ദിവസം മാത്രമാണ് സമ്മേളനം നടന്നത്. അതിന് വേണ്ടിയാണ് കോടികള്‍ വാരിയെറിഞ്ഞ് പഞ്ചനക്ഷത്ര ശൈലിയില്‍ ഹാള്‍ പൊളിച്ച് പണിതത്.

ലോക കേരളസഭ സമ്പൂര്‍ണ്ണ പരാജയമെന്ന് യുഡിഎഫ്
X

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പലതവണ പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ വീണ്ടും പ്രഖ്യാപിച്ചു എന്നതിനപ്പുറം പുതുതായി ഒന്നുമുണ്ടായില്ല. കഴിഞ്ഞ തവണയും ഇത് പോലെ കുറെ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നും നടന്നില്ല.

ഇത്തവണത്തെ സമ്മേളനം ശുഷ്‌ക്കമായിരുന്നു. ക്ഷണിക്കപ്പെട്ട പ്രവാസികളില്‍ നല്ലൊരു ഭാഗവും എത്തിയില്ല. വന്നവര്‍ക്ക് തന്നെ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടത്ര അവസരവും സ്വതന്ത്ര്യവും ലഭിച്ചതുമില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രത്യേക ക്ഷണിതാവായ പ്രമുഖ പ്രവാസി വ്യവസായി സോഹന്‍ റോയി ചടങ്ങ് ബഹിഷ്‌ക്കരിച്ച് പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ഠ്യമാണ് സോഹന്‍ റോയിയുടെ ബഹിഷ്‌ക്കരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷ എംഎല്‍എമാരും എംപിമാരും നേരത്തെ പ്രഖ്യാപിച്ചതനുസരിച്ചുള്ള ബഹിഷ്‌ക്കരണമാണ് നടത്തിയതെങ്കില്‍ ഭരണപക്ഷത്തെ എംഎല്‍എമാരില്‍ ഭൂരിപക്ഷവും പ്രഖ്യാപനം നടത്താതെ തന്നെ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ചെയ്തത്.

പ്രവാസികള്‍ നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. പകരം സര്‍ക്കാരിന്റെ ആഡംബരവും പ്രൗഢിയും കാണിക്കാനുള്ള വേദിയാക്കി ലോകകേരള സഭയെ മാറ്റി. കഴിഞ്ഞ തവണ ആദ്യസമ്മേളനത്തില്‍ വലിയ പ്രതീക്ഷയോടെയാണ് യുഡിഎഫ് പങ്കെടുത്തത്. പക്ഷേ അന്നെടുത്ത തീരുമാനങ്ങള്‍ ഒന്നു പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിച്ചില്ല. വെറും പ്രഹസനമാക്കി ലോക കേരളസഭയെ തരംതാഴ്ത്തിയതിനാലാണ് പ്രതിപക്ഷം ഇത്തവണ ആ തട്ടിപ്പിന് കൂട്ടുനില്‍ക്കണ്ടെന്ന് വച്ചത്.

പ്രവാസികളോട് എന്നും ഒന്നുചേര്‍ന്നു നിന്നിട്ടുള്ളതാണ് യുഡിഎഫ്. പ്രവാസികള്‍ക്കായി ആദ്യമായി വകുപ്പ് രൂപീകരിച്ചത് സംസ്ഥാനത്ത് യുഡിഎഫിന്റെയും കേന്ദ്രത്തില്‍ യുപിഎയുടെയും ഭരണ കാലത്തായിരുന്നു. അത് നിര്‍ത്തലാക്കിയപ്പോള്‍ ഒന്നും പറയാതിരുന്ന മുഖ്യമന്ത്രി പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുഡിഎഫിനെ പഠിപ്പിക്കേണ്ട കാര്യമില്ല. പ്രവാസികളുടെ അനുഭവ സമ്പത്ത് സംസ്ഥാന നിര്‍മ്മിതിക്ക് ഉപയോഗിക്കണമെന്ന് കേരള ലോകസഭിയില്‍ പ്രസംഗിച്ച മുഖ്യമന്ത്രി ഇവിടെ സംരംഭം ആരംഭിക്കാന്‍ വന്ന പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും എന്തു സംഭവിച്ചതെന്ന് പറയാതിരുന്നത് എന്തു കൊണ്ടാണ്? വിദേശത്ത് ജീവിത കാലം മുഴുന്‍ രക്തം വിയര്‍പ്പാക്കി സ്വരൂപിച്ച പണമുപയോഗിച്ച് നാട്ടില്‍ സംരംഭം തുടങ്ങാന്‍ വന്ന ഇവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഭരണക്കാര്‍ കാരണമായിരുന്നില്ലേ? അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനുള്ള മര്യാദയെങ്കിലും ലോകകേരള സഭയില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതായിരുന്നു. പ്രവാസികളുടെ സംരംഭങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കഠിനമായ നടപടിയെടുക്കുമെന്ന് ലോകകേരള സഭയില്‍ പ്രസംഗിച്ച മുഖ്യമന്ത്രി ആന്തൂരിലെ സാജനെ മരണത്തിലേക്ക് നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം.

നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ല് ലോക കേരള സഭയില്‍ ചര്‍ച്ച ചെയ്യുക വഴി നിയമസഭയെ അനാദരിക്കുകയും നോക്കുകുത്തിയാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ജനപ്രതിനിധികളടങ്ങിയ നിയമസഭയ്ക്കാണ് നിയമ നിര്‍മ്മാണത്തിനുള്ള സമ്പൂര്‍ണ്ണമായ അധികാരം. അതിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. മുമ്പ് വാഗ്ദാനം ചെയ്തവ നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങല്‍. നേരത്ത പറഞ്ഞ പ്രവാസി വ്യവസായ വാണിജ്യ പ്രഫഷണല്‍ സമിതികള്‍ രൂപീകരിച്ചില്ല. പ്രവാസികള്‍ക്കുള്ള സംരക്ഷണ പദ്ധതി, എന്‍ആര്‍ഐ ബാങ്ക് തുടങ്ങിയവയും രൂപീകരിച്ചില്ല.

ആര്‍ഭാടവും ധൂര്‍ത്തും അഴിമതിയുമാണ് ലോക കേരള സഭയുടെ പേരില്‍ നടന്നത്. നിയമസഭാ മന്ദിരത്തിലെ ഹാളില്‍ കഷ്ടിച്ച് ഒന്നര ദിവസം മാത്രമാണ് സമ്മേളനം നടന്നത്. അതിന് വേണ്ടിയാണ് കോടികള്‍ വാരിയെറിഞ്ഞ് പഞ്ചനക്ഷത്ര ശൈലിയില്‍ ഹാള്‍ പൊളിച്ച് പണിതത്. പ്രവാസികളെ കബളിപ്പിക്കാനുള്ള അഭ്യാസമായി സര്‍ക്കാര്‍ ലോകകേരള സഭയെ മാറ്റിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it