Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സീറ്റുവിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ് രണ്ട് സീറ്റിനുവേണ്ടി സമ്മര്‍ദം ശക്തമാക്കി രംഗത്തെത്തിയത്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വേണമെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് കോട്ടയം കൂടാതെ മറ്റൊരു സീറ്റുകൂടി വേണമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടത്. ഇടുക്കിയോ ചാലക്കുടിയോ ആണ് രണ്ടാമത്തെ സീറ്റായി പാര്‍ട്ടി ആഗ്രഹിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സീറ്റുവിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു
X

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പുതന്നെ യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പാണ് രണ്ട് സീറ്റിനുവേണ്ടി സമ്മര്‍ദം ശക്തമാക്കി രംഗത്തെത്തിയത്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വേണമെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് കോട്ടയം കൂടാതെ മറ്റൊരു സീറ്റുകൂടി വേണമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടത്. ഇടുക്കിയോ ചാലക്കുടിയോ ആണ് രണ്ടാമത്തെ സീറ്റായി പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫും രംഗത്തെത്തിയിട്ടുണ്ട്.

ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ ഒന്ന് വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇതില്‍ അനുകൂലമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മല്‍സരിച്ചാല്‍ സ്വാഗതം ചെയ്യും. തന്റെ മകന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ അധിക സീറ്റെന്ന ആവശ്യം പൂര്‍ണമായും തള്ളുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് മാണിക്ക് തന്നെയാണെന്നും മറ്റൊരു സീറ്റും വിട്ടുകൊടുക്കുന്നതിനെപ്പറ്റി ആലോചനയിലില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗത്തിനും ഘടകകക്ഷികള്‍ക്കും കേരളാ കോണ്‍ഗ്രസിന് അധിക സീറ്റ് നല്‍കുന്നതിനോട് യോജിപ്പില്ല. നിലവില്‍ കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനാണ്. കഴിഞ്ഞ തവണ ഒഴിവുവന്ന രാജ്യസഭാ സീറ്റും കേരളാ കോണ്‍ഗ്രസ് എമ്മിന് കൊടുത്തിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസിലും യുഡിഎഫിലും ഉടലെടുത്ത അസ്വസ്ഥതകള്‍ നിലനില്‍ക്കുകയാണ്. അതിനിടെ, കോട്ടയം സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി വീണ്ടും രംഗത്തെത്തി. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി നിഷ ജോസ് കെ മാണി ആയിരിക്കില്ല. അനുയോജ്യനായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കും. കോട്ടയം സീറ്റ് വച്ചുമാറാനുള്ള സാധ്യതകളും കേരളാ കോണ്‍ഗ്രസ് തള്ളി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് (എം) തന്നെ മല്‍സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പുപറഞ്ഞിട്ടുണ്ടെന്ന് ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയെ കോട്ടയത്തോ ഇടുക്കിയിലോ മല്‍സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സില്‍ ഉയരുന്നുണ്ട്. എന്നാല്‍, കേരളാ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്നാണ് ജോസ് കെ മാണിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ മുസ്‌ലിംലീഗിന് രണ്ടും കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി എന്നിവര്‍ക്ക് ഓരോ സീറ്റുമാണ് യുഡിഎഫിലുള്ളത്. 16 സീറ്റില്‍ കോണ്‍ഗ്രസാണ് മല്‍സരിക്കുക.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗും പരസ്യമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റ് ലഭിച്ചാല്‍ ലീഗിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ചോദിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it