Kerala

ബി ഗോപാലകൃഷ്ണനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; തൃശൂരില്‍ മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ ബിജെപി പുറത്താക്കി

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരേയാണ് നടപടി.

ബി ഗോപാലകൃഷ്ണനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; തൃശൂരില്‍ മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ ബിജെപി പുറത്താക്കി
X

തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് തൃശൂരില്‍ മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ ബിജെപിയില്‍നിന്ന് പുറത്താക്കി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക, ഇവരുടെ മകന്‍ മനീഷ്, മകള്‍ അരുണ കേശവദാസ്, കൈപമംഗലത്തുള്ള പോണത്ത് ബാബു, ഒല്ലൂരിലുള്ള ചന്ദ്രന്‍ മാടക്കത്തറ, ഗുരുവായൂരിലുള്ള ജ്യോതി കൂളിയാട്ട്, പ്രശോഭ് മോഹന്‍, ചേലക്കരയിലുള്ള ഉഷാ ദിവാകരന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരേയാണ് നടപടി.

ആറുവര്‍ഷത്തേക്കാണ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിക്കൊണ്ടുള്ള അച്ചടക്ക നടപടി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ്‌കുമാറാണ് നേതാക്കളെ പുറത്താക്കിയതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ അറിവോടുകൂടിയാണ് തീരുമാനമെന്നും ഇവരെ പുറത്താക്കിക്കൊണ്ടുളള കത്തില്‍ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക ലംഘനവും സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയെന്ന് കണ്ടെത്തിയതിന്റെ പേരിലാണ് നടപടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ ജില്ലയായിരുന്നു തൃശൂര്‍.

എന്നാല്‍, കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് സാധിച്ചില്ല. ബിജെപിയുടെ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയുമായി. ഗോപാലകൃഷ്ണന്‍ മല്‍സരിച്ച കുട്ടന്‍കുളങ്ങരയിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക. കുട്ടന്‍കുളങ്ങരയില്‍ മികച്ച വിജയപ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായാണ് ബി ഗോപാലകൃഷ്ണനെ സിറ്റിങ് സീറ്റില്‍ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

എന്നാല്‍, ഡിവിഷനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ലളിതാംബികയെ തഴഞ്ഞ് ഗോപാലകൃഷ്ണനെ ഇവിടെ മല്‍സരിപ്പിക്കുന്നതില്‍ തുടക്കത്തില്‍തന്നെ ബിജെപിയിലെ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ലളിതാംബിക പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കേശവദാസിന്റെ ഭാര്യാ മാതാവാണ് ലളിതാംബിക. തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പേരില്‍ ഗോപാലകൃഷ്ണനും സംഘവും തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്നാരോപിച്ച് ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കേശവദാസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.

പരാജയം തന്റെ തലയില്‍ കെട്ടിവയ്ക്കാനും തന്റെ കുടുംബത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഗോപാലകൃഷ്ണനെതിരേ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി എ കെ സുരേഷ് 200 ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. നിലവില്‍ ആറ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന തൃശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബിജെപി രംഗത്തിറക്കിയത്.

എന്നാല്‍, കനത്ത പരാജയം നേരിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായാണ് ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കുട്ടന്‍കുളങ്ങരിയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കോര്‍പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ലെന്ന സംഘടിതമായ നീക്കത്തിന്റെ ഭാഗമായി സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ അട്ടിമറിയാണ് പരാജയത്തിനിടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it