Kerala

ഭയപ്പെടുത്തലുകളെ ഭയപ്പെടുത്താന്‍ തന്നെയാണ് പോപുലര്‍ഫ്രണ്ട് തീരുമാനം: നാസറുദീന്‍ എളമരം

ഭയപ്പെടുത്തലുകളെ ഭയപ്പെടുത്താന്‍ തന്നെയാണ് പോപുലര്‍ഫ്രണ്ട് തീരുമാനം: നാസറുദീന്‍ എളമരം
X

പത്തനംതിട്ട: ഹിന്ദുത്വ ഫാഷിസത്തെ ഇന്ത്യയുടെ പൊതുശത്രുവായി കാണണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു.

ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഗ്രത സംഗമം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ജനിച്ചവരെ രാജ്യത്തിന് പുറത്താക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ഇതിന്റെ ഇരകളിലേറെയും മുസ്‌ലീംകളാണ്. ആസാമിന് പുറത്തേക്ക് പൗരത്വ രജിസ്റ്ററുമായി ബിജെപിയും ആര്‍എസ്എസും വന്നാല്‍ ജനങ്ങള്‍ തള്ളിക്കളയുന്ന സാഹചര്യമുണ്ടാക്കാന്‍ പോപുലര്‍ ഫ്രണ്ട് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്ത് ഒരുകൂട്ടര്‍ മാത്രം സമാധാനത്തില്‍ കഴിയുന്നത് അംഗീകരിക്കാനാവില്ല. ഭയപ്പെടുത്തലുകളെ ഭയപ്പെടുത്താനാണ് പോപുലര്‍ ഫ്രണ്ട് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഭരണ സംവിധാനത്തിന്റെ മറവില്‍ ജനങ്ങളെയാകെ ഭീതിയില്‍ കെട്ടിയിട്ടിരിക്കുന്നു. ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും കഴിവുകെട്ട ഭരണകൂടമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. മോദി ഭരണത്തിന് കീഴില്‍ എക്കാലത്തേയും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇന്ന് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഷഫീഖ് കെ എസ് അധ്യക്ഷത വഹിച്ചു.

നൗഷാദ് തിരുനാവായ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം എസ് നിസാര്‍, ജില്ലാ സെക്രട്ടറി ഷാനവാസ് ടി ജെ, ഡിവിഷന്‍ പ്രസിഡന്റുമാരായ സാദിക്ക് അഹമ്മദ്, അനീഷ് ഖാന്‍, റിജാസ് സി ഇ, മുഹമ്മദ് ഫാസില്‍, ഷിയാസ് തിരുവല്ല സംസാരിച്ചു.

Next Story

RELATED STORIES

Share it