Kerala

കൊവിഡ് പ്രതിരോധം: പണം കണ്ടെത്താൻ പിഎഫ് മാതൃകയിൽ പദ്ധതിക്ക് ശിപാർശ

സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നത് പഠിക്കാൻ നിയോഗിച്ച മുൻചീഫ് സെക്രട്ടറി കെ എം ഏബ്രഹാം അധ്യക്ഷനായുള്ള ആറംഗ വിദഗ്ധ സമിതിയുടേതാണ് സുപ്രധാന ശിപാർശകൾ.

കൊവിഡ് പ്രതിരോധം: പണം കണ്ടെത്താൻ പിഎഫ് മാതൃകയിൽ പദ്ധതിക്ക് ശിപാർശ
X

തിരുവനന്തപുരം: കൊവിഡിനെ ശക്തമായി പ്രതിരോധിക്കാനുളള നടപടികൾക്കായി പണം കണ്ടെത്താൻ പിഎഫ് മാതൃകയിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും നിക്ഷേപിക്കുന്ന വരുമാന ഉറപ്പ് പദ്ധതി നടപ്പാക്കണമെന്ന് വിദഗ്ധസമിതി ശുപാർശ. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നവർക്ക് പിഎഫിനേക്കാൾ കാൽ ശതമാനം ഉയർന്ന പലിശ നൽകണം. പെൻഷൻ പ്രായം ഉയർത്തുന്നതിനുപകരം വിരമിച്ച ജീവനക്കാരെ നാലുവർഷത്തേക്ക് പുനർനിയമിക്കുന്നത് പരിഗണിക്കണമെന്നും മദ്യത്തിന്റെ നികുതി അമ്പതുശതമാനം വർധിപ്പിക്കണമെന്നും മദ്യം വീട്ടിലെത്തിച്ചു നൽകാനുള്ള സാധ്യത തേടണമെന്നും വിദഗ്ധസമിതി നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നത് പഠിക്കാൻ നിയോഗിച്ച മുൻചീഫ് സെക്രട്ടറി കെ എം ഏബ്രഹാം അധ്യക്ഷനായുള്ള ആറംഗ വിദഗ്ധ സമിതിയുടേതാണ് സുപ്രധാന ശുപാർശകൾ. കൊവിഡ് 19നെതിരെയുള്ള പോരാട്ടം ദീർഘനാൾ നീണ്ടുനിൽക്കും. അതിനാൽ പോരാട്ടത്തിന് പണം കണ്ടെത്താൻ ഇൻകം സപ്പോർട്ട് ഫണ്ട് അഥവാ വരുമാന ഉറപ്പ് പദ്ധതി രൂപീകരിക്കേണ്ടത് അനിവാര്യതയാണെന്നാണ് സമിതി വിലയിരുത്തുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നീയിനങ്ങളിൽ നിന്ന് അവരുടെ സമ്മതത്തോടെ കുറവ് ചെയ്ത് ഈ ഫണ്ടിനുള്ള പണം സമാഹരിക്കണം. 20000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് 2020 സപ്തംബർ മുതൽ 2021 ആഗസ്ത് വരെ ഫണ്ടിൽ പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കണെം.

പിഎഫ് പലിശയിലും കാൽ ശതമാനം കൂടുതൽ പലിശ നൽകുന്നതിലൂടെ കൂടുതൽ ജീവനക്കാരെ പദ്ധതിയിലേക്ക് ആകർഷിക്കാനാകും. ശമ്പളത്തിൽ നിന്ന് 3300 കോടിയും പെൻഷനിൽ നിന്ന് 375 കോടിയും ഇതുവഴി കിട്ടും. ആകെ 3675 കോടി ലഭിക്കും. പെൻഷൻ പ്രായം 56ൽ നിന്ന് അറുപതായി വർധിപ്പിക്കുന്നത് ഹ്രസ്വകാലത്തേക്ക് സർക്കാരിന് നേട്ടമാണെങ്കിലും ദീർഘകാലത്തേക്ക് സാമ്പത്തിക ഭാരം വർധിപ്പിക്കും. അതിനുപകരം വിരമിക്കുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ വ്യവസ്ഥകളോടെ പുനർനിയമനം നൽകാം. അമ്പത്താറാം വയസിൽ വിരമിക്കുമ്പോഴുള്ള ശമ്പളവും ആനുകൂല്യവും മാത്രമേ പിന്നീട് നൽകാവൂ. പെട്രോളിന്റെയും ഡീസലിന്റെയും പരമാവധി വിൽപനനികുതി പരിധി ഉയർത്തി അധികവരുമാനം കണ്ടെത്തണം. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി, വിൽപന നികുതി എന്നിവയിൽ 50 ശതമാനം വർധന വരുത്തുന്നതു വഴി 6452 കോടിരൂപ അധികമായി ലഭിക്കും. മദ്യം വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയും തുടങ്ങണം. ഫീസടച്ച് അഞ്ചു വർഷത്തേക്ക് പദ്ധതിയിൽ അംഗമാകാം. വിജ്ഞാപനം ചെയ്തിട്ടുള്ള ന്യായവില അനുസരിച്ച് ഭൂമിയുടെ പാട്ടം പുതുക്കിനിശ്ചയിക്കണം, ഭൂമിയുടെ ന്യായവില ഉയർത്തണം തുടങ്ങിയ നിർദേശങ്ങളും വിദഗ്ധസമിതിയുടെ ആദ്യ റിപ്പോർട്ടിലുണ്ട്.

Next Story

RELATED STORIES

Share it