Kerala

ഇടത് മുന്നണിയിലേക്ക് പോകേണ്ട ഗതികേട് ഇല്ല: കെപിഎ മജീദ്

ഇടത് മുന്നണിയിലേക്ക് പോകേണ്ട ഗതികേടൊന്നും ലീഗിനില്ല. മുന്നണി മാറ്റമെല്ലാം നയപരമായ തീരുമാനങ്ങളാണ്.

ഇടത് മുന്നണിയിലേക്ക് പോകേണ്ട ഗതികേട് ഇല്ല: കെപിഎ മജീദ്
X

മലപ്പുറം: മുസ്‌ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയക്ക് പിന്നാലെ പ്രതികരണവുമായി കെപിഎ മജീദ്. മുന്നണി മാറ്റം ലീഗിന്റെ അജണ്ടയില്‍പ്പോലും ഇല്ല. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും, ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളതെന്നും മജീദ് പറഞ്ഞു.

ഇടത് മുന്നണിയിലേക്ക് പോകേണ്ട ഗതികേടൊന്നും ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റമെല്ലാം നയപരമായ തീരുമാനങ്ങളാണ്. സിപിഎമ്മിന്റെ നയപരമായ തീരുമാനത്തിന്റെ വെളിച്ചത്തിലാണോ ഇപി ജയരാജന്‍ പ്രസ്താവന നടത്തിയത്. എല്ലാവരേയും സ്വാഗതം ചെയ്യുമെന്ന് പൊതുവേ പറഞ്ഞതല്ലാതെ അതില്‍ രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്ന് കരുതുന്നില്ലെന്ന് മജീദ് വ്യക്തമാക്കി.

മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിങ് മേക്കറെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞത്. ലീഗില്ലെങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നു. ലീഗിന് എല്‍ഡിഎഫിലേക്ക് വരണം എന്നുണ്ടെങ്കില്‍ അവര്‍ വരട്ടെ. എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അടയ്ക്കില്ലെന്നും മുന്നണി വിപുലീകരണം എല്‍ഡിഎഫിന്റെ നയമാണെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്.

കണ്‍വീനറായി ചുമതലയേറ്റ ജയരാജന്‍ ആദ്യം എല്‍ഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. യുഡിഎഫിനെക്കുറിച്ച് ടെന്‍ഷന്‍ വേണ്ട. ഇപി ജയരാജന്‍ കൊമ്പുകുലുക്കിയുളള വരവ് അറിയിച്ചതാണ്. അത്രയും പ്രാധാന്യമേ ഇതിന് നല്‍കുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ജയരാജന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ജയരാജന്റെ പ്രസതാവനയ്ക്ക് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഇപി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുന്നണി വിപുലീകരിക്കണമെന്ന് ഒരു ചര്‍ച്ചയും എല്‍ഡിഎഫില്‍ നടന്നിട്ടില്ലെന്ന് കാനം പറഞ്ഞു. എല്‍ഡിഎഫില്‍ അത്തരത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് ഗണേഷ് കുമാറും പ്രതികരിച്ചത്.

Next Story

RELATED STORIES

Share it