Kerala

ഉപതിരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് കുട്ടനാട്

സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചരട് വലികള്‍ക്കും സഖ്യം ചേരലുകള്‍ക്കും സാഹചര്യമൊരുക്കികൊണ്ടാകും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടക്കുക.

ഉപതിരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് കുട്ടനാട്
X

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പ്, കേരളത്തില്‍ ഇടത്- വലത് മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ ബലപരീക്ഷണത്തിനുള്ള വേദിയാവാന്‍ കുട്ടനാട്. എന്‍സിപി എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയ സാഹചര്യത്തിലാണിത്. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ഇതിനകം മുന്നണികള്‍ തുടക്കമിട്ടിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. ഈ പശ്ചാത്തലത്തിലാണ് മുന്നണികളുടെ വേഗത്തിലുള്ള നീക്കം. വരുന്ന ജൂണ്‍ വരെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കാലാവധിയുണ്ടെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമെന്നാണ് സൂചന. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചരട് വലികള്‍ക്കും സഖ്യം ചേരലുകള്‍ക്കും സാഹചര്യമൊരുക്കികൊണ്ടാകും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടക്കുക.

തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എല്‍ഡിഎഫിനും കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യുഡിഎഫിനും വെല്ലുവിളിയാണ്. ബിജെപി - ബിഡിജെഎസ് തര്‍ക്കം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഫലിക്കും.

സ്ഥാനാര്‍ഥി നിര്‍ണയമാണ് തന്നെയാണ് കീറാമുട്ടി. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്‍സിപിക്ക് എളുപ്പമാകില്ല. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എന്‍സിപിക്കുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ആലപ്പുഴ സിപിഎമ്മിലും ശക്തമാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലമാണ് കുട്ടനാട്. എന്നാല്‍ ബിജെപി - ബിഡിജെഎസ് തര്‍ക്കത്തില്‍ അയവില്ലാത്തത് എന്‍ഡിഎയിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം എന്‍ഡിഎയില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞതവണ സുഭാഷ് വാസു മത്സരിച്ചിടത്ത് ഇത്തവണ മറ്റൊരാളാകും സ്ഥാനാര്‍ത്ഥി എന്ന കാര്യം ഉറപ്പാണ്.

എന്‍സിപിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്തുകൊണ്ട് ഭാഗ്യപരീക്ഷണം നടത്താന്‍ സിപിഎം തയ്യാറാകില്ല. മറിച്ച് ജനാധിപത്യ കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കി ഡോ.കെ സി ജോസഫിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കുട്ടനാട്ടിലെ മുന്‍ എംഎല്‍എയും മണ്ഡലത്തിലെ ജനകീയ മുഖവുമാണ് കെ സി ജോസഫ് എന്നത് അനുകൂല ഘടകമാണ്.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിനു ഒരു വര്‍ഷം മാത്രം അവശേഷിക്കുന്ന ഘട്ടത്തിലെ പോരാട്ടം യുഡിഎഫിനും വെല്ലുവിളിയാണ്. കേരളകോണ്‍ഗ്രസിന്റെ സീറ്റ് എന്ന നിലയില്‍ കുട്ടനാട്ടില്‍ അവര്‍തന്നെ മല്‍സരിക്കാനാണ് സാധ്യത. എന്നാല്‍, പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയിലെത്തി നില്‍ക്കെ, കുട്ടനാട്ടില്‍ പാല ആവര്‍ത്തിക്കുമെന്നും കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുക്കണമെന്നുമുള്ള ആവശ്യം യുഡിഫില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ രണ്ടര വര്‍ഷത്തിനകം കേരളത്തില്‍ നടക്കുന്ന ഒമ്പതാമത്തെ ഉപതിരഞ്ഞെടുപ്പാണിത്.

2006 മുതല്‍ കുട്ടനാട് മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ച തോമസ് ചാണ്ടി 2006ലും 2011ലും കെ സി ജോസഫിനെയും 2016ല്‍ അഡ്വ. ജേക്കബ് എബ്രഹാമിനെയുമാണ് പരാജയപ്പെടുത്തിയത്. 4891 വോട്ടിനായിരുന്നു ജയം.13 പഞ്ചായത്തുകളാണ് മണ്ഡലത്തില്‍- വീയപുരം, തകഴി, നെടുമുടി, കൈനകരി, രാമങ്കരി, കാവാലം , നീലംപേരൂര്‍, വെളിയനാട്, ചമ്പക്കുളം, തലവടി, മുട്ടാര്‍, പുളിങ്കുന്ന്, എടത്വ. ഏഴു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നു. ഒരു പഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് വിമതനാണ് പ്രസിഡന്റ്.ആകെ വോട്ടര്‍മാര്‍: 1,65,712. പുരുഷവോട്ടര്‍മാര്‍ 48.49 ശതമാനം. സ്ത്രീ വോട്ടര്‍മാര്‍ 51.51 ശതമാനം.

Next Story

RELATED STORIES

Share it