Kerala

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാകാതെ എന്‍സിപി; മൂന്നിന് വീണ്ടും തിരുവനന്തപുരത്ത് യോഗം

അടുത്തമാസം മൂന്നിന് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗവും നേതൃയോഗവും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാണ് തീരുമാനം.ഇന്ന് ചേര്‍ന്ന് യോഗത്തില്‍ കുട്ടനാട് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമാകാതെ എന്‍സിപി; മൂന്നിന് വീണ്ടും തിരുവനന്തപുരത്ത് യോഗം
X

കൊച്ചി: കുട്ടനാട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സ്ഥാനാര്‍ഥി ആരായിരിക്കണമെന്നത് സംബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായില്ല. അടുത്തമാസം മൂന്നിന് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗവും നേതൃയോഗവും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാണ് തീരുമാനം.ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള എന്‍സിപി നോമിനിയുടെ കാര്യത്തിലും അടുത്തയോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് പാര്‍ട്ടി പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന് യോഗത്തില്‍ കുട്ടനാട് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേ സമയം വന്‍സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനാല്‍ എന്‍സിപിയുടെ തിരുവനന്തപുരത്തെ ഓഫീസ് ഒഴിയാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് നേതൃയോഗത്തില്‍ വ്യക്തമാക്കിയെങ്കിലും ഓഫീസ് നിലനിര്‍ത്തണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. ഔദ്യോഗിക പദവികളിലുള്ള പാര്‍ട്ടി അംഗങ്ങള്‍ ഓരോമാസവും നിശ്ചിത തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കണമെന്നും യോഗം തീരുമാനിച്ചതായാണ് വിവരം.കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും യോഗത്തില്‍ ചര്‍ച നടന്നു.തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചു. സ്ഥാനാര്‍ഥിയാക്കാന്‍ പറ്റുന്ന നിരവധി പേര്‍ പാര്‍ടിയിലുണ്ടെന്നും ഇവരില്‍ ആരെയെങ്കിലും പരിഗണിക്കണമെന്നുമാണ് ഇവര്‍ മുന്നോട്ടു വെയ്ക്കുന്ന ആവശ്യം.തുടര്‍ന്ന് ഇതടക്കമുള്ള വിഷയം തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ യോഗം അവസാനിക്കുകയായിരുന്നു.

സ്ഥാനാര്‍ഥി സംബന്ധിച്ച്് തര്‍ക്കമുണ്ടായാല്‍ പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് നല്‍കാനാണ് തീരുമാനം.അതിനിടയില്‍ ഇന്നലെ എന്‍സിപി നേതൃത്വത്തിനെ വിമര്‍ശിച്ച് കൊച്ചിയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.എന്‍സിപി സീറ്റുകള്‍ വില്‍പനയ്ക്ക് എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ അക്കമിട്ട് നിരത്തിയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കുട്ടനാട് സീറ്റ് ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍-സാമ്പത്തിക അടിത്തറ,സംഭാവന നല്‍കല്‍, വിമാന ടിക്കറ്റും ഫൈവ് സ്്റ്റാര്‍ താമസവും നേതാക്കള്‍ക്ക് ഒരുക്കാനുള്ള മനസുവേണം,ഭൂമി കൈയേറ്റം അറിഞ്ഞിരിക്കണം. പ്രവര്‍ത്തകരെയും പത്രക്കാരെയും തെറി പറയാന്‍ കഴിയണം. അണികളുമായോ മണ്ഡലത്തിലെ വോട്ടര്‍മാരുമായോ എല്‍ഡിഎഫുമായോ യാതൊരു ബന്ധവും പാടില്ല. മറ്റു രാഷ്ട്രീയ പാര്‍ടിയില്‍ പ്രവര്‍ത്തിച്ച് വരുന്നവരെ പ്രത്യേകം പരിഗണിക്കും എന്നിങ്ങനെയാണ് പരാമര്‍ശം.ഇതു കൂടാതെ ഗുരുവായൂര്‍,കെഎസ്എഫ്ഇ,പിഎസ്ഇ,ഗവ പ്ലീഡര്‍ എന്നിങ്ങനെ മറ്റു നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുവെന്നും പോസ്റ്ററില്‍ പരാമാര്‍ശിക്കുന്നു. യുവജന കൂട്ടായ്മ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it