Kerala

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം; എതിര്‍പ്പുമായി ജോസ് വിഭാഗം, കേരള കോണ്‍ഗ്രസില്‍ പോര് മുറുകി

സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി വിഭാഗം ആവര്‍ത്തിച്ചുപറയുമ്പോ കഴിഞ്ഞ തവണ മല്‍സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പി ജെ ജോസഫ് മുന്നോട്ടുപോവുകയാണ്.

കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം; എതിര്‍പ്പുമായി ജോസ് വിഭാഗം, കേരള കോണ്‍ഗ്രസില്‍ പോര് മുറുകി
X

ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം യുഡിഎഫിന് തലവേദനയാവുന്നു. കുട്ടനാട് സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പി ജെ ജോസഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് കേരള കോണ്‍ഗ്രസിലെ പോര് മൂര്‍ച്ഛിച്ചത്. സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി വിഭാഗം ആവര്‍ത്തിച്ചുപറയുമ്പോ കഴിഞ്ഞ തവണ മല്‍സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പി ജെ ജോസഫ് മുന്നോട്ടുപോവുകയാണ്. ഇതോടെ കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയും കേരള കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷമായിരുന്നു. ഒടുവില്‍ ജോസ് കെ മാണി വിഭാഗത്തെ അനുകൂലിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും പരാജയപ്പെട്ടു. പി ജെ ജോസഫ് കാലുവാരിയതാണ് തോല്‍വിക്ക് കാരണമെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ ആരോപണം.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടര്‍ന്നാല്‍ സീറ്റ് തങ്ങള്‍ ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസിന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെയാണ് ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍ കൊമ്പുകോര്‍ക്കുന്നത്. സീറ്റ് കോണ്‍ഗ്രസിന് ഏറ്റെടുക്കാന്‍ അവകാശമില്ലെന്നാണ് ജോസഫ് പറയുന്നത്. അതിനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പാലാ ആവര്‍ത്തിക്കാന്‍ തങ്ങള്‍ ഒരുരീതിയിലും കൂട്ടുനില്‍ക്കില്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം പറയുന്നത്. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പി ജെ ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജോസ് കെ മാണി വിഭാഗം പറയുന്നു. ജോസഫിന്റെ പ്രസ്താവനയില്‍ ഉപയോഗിച്ചിരിക്കുന്ന 'പട്ടികള്‍ കുരച്ചുകൊണ്ടേ ഇരിക്കും' എന്ന ഉപമ ആര്‍ക്കാണ് ചേരുന്നതെന്ന് ജനത്തിന് നന്നായി അറിയാമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജോസഫിന്റെ ജല്‍പനങ്ങളില്‍നിന്ന് അദ്ദേഹത്തിന് സമനില തെറ്റിയിരിക്കുന്നു എന്നാണ് മനസ്സിലാവുന്നത്.

മൂവാറ്റുപുഴ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് കിട്ടാഞ്ഞ സ്വന്തം അനുഭവം ജോസഫിനെ ഇപ്പോഴും വേട്ടയാടുന്നു എന്നാണ് തോന്നുന്നത്. കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസ് (എം) ന് അവകാശപ്പെട്ടതാണ്. ആ സീറ്റില്‍ പക്ഷേ, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി തന്നെ യുഡിഎഫിന് വേണ്ടി മല്‍സരിക്കും. 2011 ല്‍ കേരളാ കോണ്‍ഗ്രസ് (എം) മല്‍സരിച്ച എല്ലാ സീറ്റുകളിലും വരുന്ന തിരഞ്ഞെടുപ്പിലും ജോസ് കെ മാണി തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അവരെല്ലാം രണ്ടില ചിഹ്‌നത്തില്‍ മല്‍സരിക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവര്‍ത്തിച്ചു.ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിലും ജോസ് വിഭാഗവും സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംസ്ഥാന സമിതിയംഗം ഷാജോ സെബാസ്റ്റ്യന്റെ പേരാണ് ഒടുവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ചങ്ങനാശ്ശേരി എസ്ബി കോളജ് അധ്യാപകനായ ഷാജോയ്ക്ക് കുട്ടനാട്ടിലുള്ള ബന്ധങ്ങളും ശിഷ്യസമ്പത്തും തുണയാവുമെന്നാണ് ജോസ് വിഭാഗം കരുതുന്നത്.

Next Story

RELATED STORIES

Share it