Kerala

കുതിരാൻ വനഭൂമി ഏറ്റെടുക്കൽ; സംസ്ഥാന സർക്കാർ ശിപാർശ പത്രം നൽകി

കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശ പ്രകാരം റോഡുകൾ പോലുള്ള പ്രൊജക്ടുകള്‍ക്ക് വേണ്ടി ഫോറസ്റ്റ് ഡൈവേർഷന് അപേക്ഷ സമർപ്പിക്കുമ്പോൾ ആ അപേക്ഷ ഒറ്റ പദ്ധതിയായിരിക്കണം എന്നുള്ളത് നിർബന്ധമാണ്.

കുതിരാൻ വനഭൂമി ഏറ്റെടുക്കൽ; സംസ്ഥാന സർക്കാർ ശിപാർശ പത്രം നൽകി
X

തിരുവനന്തപുരം: കുതിരാന്‍ തുരങ്കമുള്‍പ്പെടെയുള്ള ദേശീയപാത 544ലെ മണ്ണുത്തി വടക്കുഞ്ചേരി പാതയില്‍ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ട സ്ഥലം അനുവദിക്കുന്നതിനുള്ള ശിപാർശ കത്ത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരള സർക്കാര്‍ ഇന്നു തന്നെ നൽകി. കേരള സർക്കാർ ചീഫ് വിപ്പ് കെ രാജന്‍ ആവശ്യപ്പെട്ടതനുസരിച്ച് വനം മന്ത്രി കെ രാജു വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തെ തുടർന്നാണ് അടിയന്തരമായി ഈ നടപടി ഉണ്ടായത്.

കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശ പ്രകാരം റോഡുകൾ പോലുള്ള പ്രൊജക്ടുകള്‍ക്ക് വേണ്ടി ഫോറസ്റ്റ് ഡൈവേർഷന് അപേക്ഷ സമർപ്പിക്കുമ്പോൾ ആ അപേക്ഷ ഒറ്റ പദ്ധതിയായിരിക്കണം എന്നുള്ളത് നിർബന്ധമാണ്. NH-544 വികസിപ്പിക്കാന്‍ വേണ്ടി ഏതൊക്കെ വനപ്രദേശങ്ങളിലൂടെ കടന്നുപോകുന്നു എന്നതും എത്ര വനഭൂമി വേണമെന്നതും നാഷണൽ ഹൈവേ അതോറിറ്റി മുൻകൂട്ടി തിട്ടപ്പെടുത്തി ഒറ്റ പ്രൊപ്പോസല്‍ നൽകേണ്ടതായിരുന്നു. എന്നാൽ പല ഘട്ടങ്ങളിലായി നാഷണൽ ഹൈവേ അതോറിറ്റി ഈ ആവശ്യത്തിന് 7 പ്രൊപ്പോസലുകളാണ് സമർപ്പിച്ചത്.

ആദ്യം 13.950 ഹെക്ടര്‍ വനഭൂമി ആവശ്യപ്പെട്ട് പ്രൊപ്പോസൽ സമർപ്പിച്ചു. ഇതിന് 14-5-2013-ല്‍ ഗവൺമെന്‍റ് ഓഫ് ഇന്ത്യയുടെ ക്ലിയറൻസ് ലഭിക്കുകയും 4-6-2013-ലെ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന വനം വന്യജീവി വകുപ്പ് നാഷണൽ ഹൈവേ അതോറിറ്റിയ്ക്ക് സ്ഥലം കൈമാറി. 2018ൽ വീണ്ടും .098 ഹെക്ടറിന് പ്രൊപ്പോസല്‍ NHAI സമർപ്പിക്കുകയും അതും കേന്ദ്ര സർക്കാരിന്‍റെ ക്ലിയറൻസിന് ശേഷം കൈമാറുകയും ചെയ്തു.

വീണ്ടും 2019 സപ്തംബർ 26ന് 1.3810 ഹെക്ടര്‍ കൂടി ആവശ്യപ്പെട്ട് NHAI സര്‍ക്കാരിന് പ്രൊപ്പോസല്‍ സമർപ്പിച്ചു. ഒക്ടോബര്‍ മാസത്തില്‍ ഇത് വിശദമായ പരിശോധന നടത്തിയപ്പോള്‍ ദേശീയ പാത അതോറിറ്റിക്ക് വേണ്ടത് 1.431ഹെക്ടറാണെന്നും ഇത് പ്രകാരം 2019 ഒക്ടോബര്‍ അവസാനത്തിലാണ് ദേശീയപാത അതോറിറ്റി സംസ്ഥാന വനം വകുപ്പിന് പ്രൊപ്പോസല്‍ സമർപ്പിച്ചത്. പ്രൊപ്പോസൽ ലഭ്യമായി രണ്ടാഴ്ചക്കകം തന്നെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ കത്ത് നൽകിയിരിക്കുകയാണ്.

ദേശീയപാത നിർമ്മാണത്തിന് തടസ്സമുണ്ടാക്കുന്ന ഒരു നടപടിയും സംസ്ഥാന വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അപേക്ഷ സമർപ്പിക്കാൻ കാലതാമസമുണ്ടായത് ദേശീയപാത അതോറിറ്റിയുടെ ഭാഗത്താണെന്നും മന്ത്രി കെ രാജു പറഞ്ഞു.

സംസ്ഥാന സർക്കാർ ചെയ്യേണ്ട എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെയും ദേശീയപാത അതോറിറ്റിയുടെയും കുറ്റകരമായ അനാസ്ഥയുടെ ഭാഗമായുണ്ടായ അപകടങ്ങൾക്ക് സംസ്ഥാന സർക്കാരിനെ കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്നത് ദേശീയപാത അതോറിറ്റിക്കെതിരായ ഒറ്റക്കെട്ടായ ജനകീയസമരങ്ങളെ തകർക്കാനുള്ള ശ്രമം ആയി കാണണമെന്ന് സർക്കാർ ചീഫ് വിപ്പ് കെ രാജനും അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it