Top

പ്രശ്നപരിഹാരത്തിന് ത്രികക്ഷി കരാര്‍; കെഎസ്ആര്‍ടിസി സമരം മാറ്റിവയ്ക്കും

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിഡിഎഫ് സമരത്തില്‍ പിന്‍മാറിയിട്ടുണ്ട്. സിഐടിയുവും എഐടിയുസിയും സമരത്തില്‍ നിന്നും പിന്‍മാറാനാണ് സാദ്ധ്യത.

പ്രശ്നപരിഹാരത്തിന് ത്രികക്ഷി കരാര്‍; കെഎസ്ആര്‍ടിസി സമരം മാറ്റിവയ്ക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രശ്ന പരിഹാരത്തിന് ത്രികക്ഷി കരാര്‍ ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കാനും തീരുമാനിച്ചു.

ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം അഞ്ചിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടി.സിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ ഇറക്കേണ്ടി വരും. ബജറ്റില്‍ പറഞ്ഞതിനനുസൃതമായി കിഫ്ബിയില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് ബസുകള്‍ നിരത്തിലിറക്കും. കിഫ്ബി നിബന്ധനകളില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ചില ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരത്തില്‍ നിന്നും തൊഴിലാളികള്‍ പിന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം രണ്ടു മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയാണ്. എഐടിയുസിയുടെ യൂനിയനും സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ ട്രേഡ് യൂനിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സത്യഗ്രഹസമരം തുടങ്ങിയത്.

സത്യാഗ്രഹ സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാരോപിച്ച് ടിഡിഎഫ് ഇന്നലെ സമരം അവസാനിപ്പിക്കുകയും അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തര യോഗം വിളിപ്പിച്ചത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിഡിഎഫും എഐടിയുസിയും സമരത്തില്‍ പിന്‍മാറിയിട്ടുണ്ട്. സിഐടിയു സമരത്തില്‍ നിന്നും പിന്‍മാറാനാണ് സാദ്ധ്യത.

ഇന്നത്തെ ചർച്ചയിലെ തീരുമാനങ്ങൾ

1) ശമ്പളം നൽകാൻ എല്ലാ മാസവും സർക്കാർ 35 കോടി നൽകും.

2) എല്ലാ മാസവും 5ന് മുൻപ് മുഴുവൻ ശമ്പളവും നൽകുന്നുവെന്ന് സർക്കാർ ഉറപ്പ് വരുത്തും.

3) KSRTC വർക്ക്ഷോപ്പിൽ 1000 ബസ് നിർമ്മിച്ച് പുറത്തിറങ്ങാൻ 324 കോടി രുപ കിഫ്ബി ഫണ്ട് ഉപയോഗിക്കും.ഈ തുക സർക്കാർ മൂലധനമായി മാറ്റും.

4) GPS സംവിധാനമുള്ള ETM വാങ്ങാനുള്ള പണം പുർണ്ണമായും ഈ മാസം തന്നെ സർക്കാർ നൽകും.

5) KSRTC പ്രതിസന്ധി, വ്യവസായ പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ, KSRTC മാനേജ്മെൻ്റ്, ഇന്ന് ചർച്ചയിൽ പങ്കെടുത്ത ട്രേഡ് യൂണിയനുകൾ ( CITU,AlTUC, TDF) എന്നിവർ ചേർന്ന ത്രികക്ഷി കരാറുണ്ടാക്കും. ഇതിനുള്ള ചർച്ച ഉടൻ (ജനുവരി മാസം 31ന് മുൻപ്) നടക്കും.

6) എംപാനൽ വേതന വർദ്ധനവ്, DA, ശമ്പള പരിഷ്കരണം, ഇടക്കാലാശ്വാസം, ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ ആ കരാറിൽ ഉൾപ്പെടുത്തും.

7) വർക്കിംഗ് അറേഞ്ച്മെൻ്റ് അവസാനിപ്പിക്കും, ജനറൽ ട്രാൻഫർ മാർച്ചിൽ നടത്തും.

8) ആശ്രിത നിയമനം, പ്രമോഷൻ എന്നിവ എത്രയും പെട്ടന്ന് പരിഹരിക്കുന്നതിന് സർക്കാർ മാനേജ്മെൻ്റിന് നിർദ്ദേശം നൽകി.

9) നോട്ടിഫൈ റുട്ടുകൾ സംരക്ഷിക്കും. ആവിശ്യമായ ഇടപെടൽ നടത്താൻ ഗതാഗത സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.

10) താൽക്കാലിക ജീവനക്കാർക്ക് പാസ് അനുവദിക്കുന്നതിനുള്ള നിയപരമായ തടസം മാറ്റുന്നതിന്ന് നിയമോപദേശം തേടും. അതുവരെ യുണിഫോമിലുള്ളവർക്ക് സൗജന്യയാത്ര സൗകര്യം അനുവദിക്കും.

11) KSRTC യുടെ സമഗ്ര വികസനത്തിന് അടുത്ത ബജറ്റിൽ കൂടുതൽ തുക അനുവദിക്കും.

ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ (AITUC) സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

Next Story

RELATED STORIES

Share it