Kerala

ലോക്ഡൗണ്‍ ഇളവില്‍ കിതച്ച് ആനവണ്ടി; സഹായം തേടി കേന്ദ്രത്തെ സമീപിക്കും

പൊതുഗതാഗതം പുനരാരംഭിച്ച ശേഷം സർവീസ് ആരംഭിച്ച രാജ്യത്തെ ഭൂരിഭാഗം എല്ലാ സംസ്ഥാന സർവീസുകളും പ്രതിസന്ധിയിലാണ്. കെഎസ്ആർടിസിയും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

ലോക്ഡൗണ്‍ ഇളവില്‍ കിതച്ച് ആനവണ്ടി; സഹായം തേടി കേന്ദ്രത്തെ സമീപിക്കും
X

തിരുവനന്തപുരം: ലോക്ക് ഡൗണിലെ കെഎസ്ആർടിസി സര്‍വീസ് നഷ്ടത്തിൽ. പൊതുഗതാഗതം ആരംഭിച്ച ആദ്യദിവസം മാത്രം കെഎസ്ആര്‍ടിസിക്ക് നഷ്ടം 60 ലക്ഷം രൂപയാണ്. ഇന്ധന ചെലവിനത്തില്‍ 19 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ദിനംപ്രതി നഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായം കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഔദ്യോഗികമായി കേന്ദ്ര ഗതാഗതവകുപ്പിനെ സമീപിക്കാനും സംസ്ഥാന ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ജീവനക്കാരുടെ ശമ്പളമടക്കം കിലോമീറ്ററിന് 45 രൂപ ചെലവായപ്പോള്‍ കിട്ടിയത് 16 രൂപ 78 പൈസ മാത്രം. 1319 ബസുകളാണ് ആദ്യദിനം സര്‍വീസ് നടത്തിയത്. 2,12,310 കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ വരുമാനം 35.32 ലക്ഷം രൂപ. വ്യാഴാഴ്ച കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തിയിരുന്നു. കൂടുതൽ കിലോമീറ്ററുകൾ ഓടുകയും ചെയ്തു. 1432 സർവീസുകളാണ് ഇന്നലെ ആകെ നടത്തിയത്. 2,41,223 കിലോമീറ്ററുകൾ ആകെ ബസ് ഓടി. വ്യാഴാഴ്ചത്തെ ആകെ നഷ്ടം ഏകദേശം 51 ലക്ഷത്തിന് മുകളിലാണ്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം വർധനവ് ഉണ്ടായിട്ടുണ്ട്.

സാമൂഹിക അകലം ഉറപ്പുവരുത്തി കുറഞ്ഞ യാത്രക്കാരുമായി സര്‍വീസ് നടത്തുക എന്ന ദുഷ്‌കരമായ ദൗത്യമാണ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഡീസലും ഇന്‍ഷുറന്‍സും സാനിട്ടൈസറും മാത്രം കണക്കാക്കിയാല്‍ പോലും 25 രൂപ 68 പൈസയാണ് ഒരു കിലോ മീറ്ററിന് ചെലവ്. എന്നാല്‍ കലക്ഷന്‍ കിലോമീറ്ററിന് ശരാശരി 16 രൂപ 78 പൈസ മാത്രം. അതായത് ഒരു കിലോമീറ്ററില്‍ മാത്രം ഒന്‍പത് രൂപയുടെ നഷ്ടം. ഇതനുസരിച്ച് 2.12 ലക്ഷം കിലോമീറ്ററിറ്റ് 18.89 ലക്ഷം രൂപ നഷ്ടം. ജീവനക്കാരുടെ ശമ്പളം കൂടി കണക്കാക്കിയാല്‍ ഒരു കിലോമീറ്ററിന് ചെലവ് 45 രൂപ വരും. ഇതനുസരിച്ച് കിലോമീറ്ററിന് 28 രൂപ 22 പൈസ നഷ്ടം. 2.12 ലക്ഷം കിലോമീറ്ററിന് നഷ്ടം 59.91 ലക്ഷം രൂപ.

കോഴിക്കോട് മേഖലയില്‍ കിലോമീറ്ററിന് 17 രൂപ 30 പൈസയും തിരുവനന്തപുര മേഖലയില്‍ 17.14 പൈസയും കിട്ടിയപ്പോള്‍ എറണാകുളം മേഖലയില്‍ 15.71 രൂപയായിരുന്നു ശരാശരി കലക്ഷന്‍. കനത്ത നഷ്ടമുണ്ടായെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കേണ്ടന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം.

പൊതുഗതാഗതം പുനരാരംഭിച്ച ശേഷം സർവീസ് ആരംഭിച്ച രാജ്യത്തെ ഭൂരിഭാഗം എല്ലാ സംസ്ഥാന സർവീസുകളും പ്രതിസന്ധിയിലാണ്. കെഎസ്ആർടിസിയും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ നിലവിൽ നഷ്ടത്തിലുള്ള കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ദിവസം അറുപത് ലക്ഷം രൂപയുടെ അടുത്തുണ്ടാകുന്ന നഷ്ടം കൂടി താങ്ങാനാവില്ല.

Next Story

RELATED STORIES

Share it