Big stories

ചര്‍ച്ചയില്‍ സമവായം; കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു

സമരസമിതി ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് നേതാക്കള്‍ അറിയിച്ചു. ജീവനക്കാരുടെ പണിമുടക്ക് ഇന്നു ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചര്‍ച്ച നടന്നത്.

ചര്‍ച്ചയില്‍ സമവായം; കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവച്ചു
X

തിരുവനന്തപുരം: ഇന്നു അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയില്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും സംയുക്തസമരസമിതിയും നടത്തിയ ചര്‍ച്ചയിലാണ് സമവായത്തിലെത്തിയത്. സമരസമിതി ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് നേതാക്കള്‍ അറിയിച്ചു. ജീവനക്കാരുടെ പണിമുടക്ക് ഇന്നു ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചര്‍ച്ച നടന്നത്. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി കോര്‍പറേഷന് കൊടുത്ത റിപോര്‍ട്ട് നടപ്പിലാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതുകണക്കിലെടുത്ത് ഡ്യൂട്ടി പരിഷ്‌കാരത്തിലെ അശാസ്ത്രീയത പരിഹരിച്ച് ഈമാസം 21 മുതല്‍ പുതിയ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും.

സേവനവേതന വ്യവസ്ഥ സംബന്ധിച്ച കരാര്‍ പുതുക്കുന്നത് സംബന്ധിച്ച ശമ്പള പരിഷ്‌കാര ചര്‍ച്ച 30ന് പുനരാരംഭിക്കും. പുതിയ കരാര്‍ വരുന്നവരെ പഴയ കരാറിലെ എല്ലാവ്യവസ്ഥയും നിലനില്‍ക്കും. മെക്കാനിക്കല്‍ സ്റ്റാഫിന്റെ ഡ്യൂട്ടി പാറ്റേണ്‍ അശാസ്ത്രീയത സംബന്ധിച്ച് 29ന് ചര്‍ച്ച നടത്തും. എംപാനല്‍ ജീവനക്കാരോട് സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനപ്രകാരമല്ല പിരിച്ചുവിട്ടത്. ഹൈക്കോടതി വിധി മാനിക്കാനാണ് മാനേജ്‌മെന്റ് നടപടിയെടുത്തത്. അവരെ എങ്ങനെയാണ് രക്ഷിക്കാന്‍ കഴിയുക. അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ ദ്രുതഗതിയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. സിഎംഡിയും ഗതാഗത സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാനും കോടതി തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്. തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികള്‍ അതിനായി ഉപയോഗിക്കണം. നാളത്തെ ചര്‍ച്ചയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കെഎസ്ആര്‍ടിസിയോടും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി എംഡി ടോമിന്‍ തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it