Kerala

കോഴിക്കോട് പോലൂരില്‍ കൊല്ലപ്പെട്ടത് മലയാളി; കൊല നടത്തിയത് മൃതദേഹം കത്തിക്കുന്നതിന് രണ്ടുദിവസം മുമ്പെന്ന് പോലിസ്

മൃതദേഹം കുഴിമാടത്തില്‍നിന്നും പുറത്തെടുത്ത് ആളെ തിരിച്ചറിയാനുള്ള ശ്രമം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ തുടരുകയാണ്.

കോഴിക്കോട് പോലൂരില്‍ കൊല്ലപ്പെട്ടത് മലയാളി; കൊല നടത്തിയത് മൃതദേഹം കത്തിക്കുന്നതിന് രണ്ടുദിവസം മുമ്പെന്ന് പോലിസ്
X

കോഴിക്കോട്: രണ്ടരവര്‍ഷം മുമ്പ് കോഴിക്കോട് പറമ്പില്‍ ബസാറിലെ പോലൂരിനടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് ഐജി എ ജെ ജയരാജ്. മൃതദേഹം കത്തിക്കുന്നതിന് രണ്ടുദിവസം മുമ്പുതന്നെ ആളെ കൊലപ്പെടുത്തിയിരുന്നുവെന്നാണ് നിഗമനം. പ്രതികളെന്ന് സംശയിക്കുന്നവര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചയാളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാന്‍ മൃതദേഹം പുറത്തെടുത്തുള്ള പരിശോധന തുടങ്ങി.

2017 സപ്തംബര്‍ 14നാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മുഖം കത്തി വികൃതമായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതോടെ കൊലപാതകമെന്ന നിഗമനത്തില്‍ ചേവായൂര്‍ പോലിസ് അന്വേഷണം തുടങ്ങി. ഒരുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതോടെയാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മൃതദേഹം കുഴിമാടത്തില്‍നിന്നും പുറത്തെടുത്ത് ആളെ തിരിച്ചറിയാനുള്ള ശ്രമം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ തുടരുകയാണ്.

മണിക്കൂറുകള്‍ നീണ്ട തിരിച്ചില്‍ നടത്തിയിട്ടും ഇതുവരെ മരിച്ചയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തലയോട്ടി ഉപയോഗിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി മുഖം പുനസൃഷ്ടിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതിലൂടെ കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. മരിച്ചതാരെന്ന ചില സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it