Kerala

പള്ളിക്കത്തോട് തോക്കുകള്‍ പിടികൂടിയ സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക്

കേസിലെ ഒന്നും രണ്ടും പ്രതികളായ മനേഷ്‌കുമാറി (43) ന്റെയും ബിനീഷ് കുമാറി (34) ന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഏറ്റുമാനൂരില്‍വച്ച് ശാസ്ത്രീയമായി ചോദ്യംചെയ്യലിന് വിധേയമാക്കിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം തുടരും. റിമാന്‍ഡിലായ ഇരുവരെയും പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

പള്ളിക്കത്തോട് തോക്കുകള്‍ പിടികൂടിയ സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക്
X

കോട്ടയം: പള്ളിക്കത്തോട്ടില്‍ ബിജെപി നേതാവ് ഉള്‍പ്പെടെയുള്ള സംഘത്തെ തോക്കുകളുമായി പിടികൂടിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പ്രതികളില്‍നിന്ന് തോക്കുവാങ്ങി അനധികൃതമായി കൈവശംവച്ച ജേക്കബ് മാത്യു എന്നയാളാണ് പിടിയിലായത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടങ്ങിയത്. തോക്കുനിര്‍മാണസംഘത്തിന് വെടിമരുന്ന് പതിവായി എത്തിച്ചുനല്‍കിയിരുന്ന പള്ളിക്കത്തോട് കിഴക്കടമ്പ് സ്വദേശി തുണ്ടിയില്‍ തോമസ് മാത്യുവിനെ (കുഞ്ഞൂഞ്ഞ്-76) ശനിയാഴ്ച പിടികൂടിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. തോമസ് മാത്യുവില്‍നിന്ന് രണ്ടുകിലോ വെടിമരുന്ന് പോലിസ് പിടിച്ചെടുത്തിരുന്നു.

ആറുമാസം മുമ്പാണ് അവസാനമായി ഇയാളില്‍നിന്ന് സംഘം വെടിമരുന്ന് വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കേസിലെ ഒന്നും രണ്ടും പ്രതികളായ മനേഷ്‌കുമാറി (43) ന്റെയും ബിനീഷ് കുമാറി (34) ന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഏറ്റുമാനൂരില്‍വച്ച് ശാസ്ത്രീയമായി ചോദ്യംചെയ്യലിന് വിധേയമാക്കിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം തുടരും. റിമാന്‍ഡിലായ ഇരുവരെയും പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അതേസമയം, പോലിസ് അന്വേഷണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. കോട്ടയത്തിന് പുറമെ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലേക്കാണ് വ്യാപിപ്പിച്ചത്.

മറ്റ് ജില്ലകളില്‍നിന്നുമുള്ളവര്‍ ഇവരില്‍നിന്ന് തോക്കുകള്‍ വാങ്ങിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. കഴിഞ്ഞ ദിവസം ഒമ്പത് കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷന്‍ ഓഫിസര്‍മാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

സംഭവവുമായി ബിജെപി നേതാക്കളടക്കം പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വഷണം ഊര്‍ജിതമാക്കുന്നതെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തോക്കുകളും വെടിയുണ്ടകളും സംഘം നിര്‍മിച്ച് വില്‍പന നടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. സംഘവുമായി ബന്ധമുള്ള വന്റാക്കറ്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തോക്കുകള്‍ പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ബിജെപി നേതൃത്വം ശ്രമം നടത്തുന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തോക്കുകളും വെടിയുണ്ടകളുമായി അറസ്റ്റിലായ ബിജെപി നേതാവ് കെ എന്‍ വിജയനെ സംരക്ഷിച്ച് ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു രംഗത്തെത്തിയത്.

വിജയനെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. വിജയനെ സിപിഎം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്നും എന്‍ഐഎ അന്വേഷിച്ചാലും കുഴപ്പമില്ലെന്നും നോബിള്‍ മാത്യു പറയുന്നു. ബിജെപി നേതാവ് മുക്കാലി കദളിമറ്റം കെ എന്‍ വിജയന്‍, പള്ളിക്കത്തോട് ആനിക്കാട് കൊമ്പിലാക്കല്‍ ദിവാകരന്റെ മകന്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട് തട്ടാംപറമ്പില്‍ രാജന്‍ (50), പള്ളിക്കത്തോട് മന്ദിരം ജങ്ഷനുസമീപം ആല നടത്തുന്ന തട്ടാമ്പറമ്പില്‍ മനേഷ് കുമാര്‍ (43), ളാക്കാട്ടൂര്‍ വട്ടോലില്‍ രതീഷ് ചന്ദ്രന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ ചിത്രകലാ അധ്യാപകനും അരവിന്ദ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിലവിലെ ബോര്‍ഡംഗവുമാണ് വിജയന്‍. പിന്നീട് പരുമല സ്വദേശി ലിജോ അറസ്റ്റിലായി.

പത്തോളം തോക്കുകളും വെടിയുണ്ടകളുമായാണ് പ്രതികളെ പോലിസ് പിടികൂടിയത്. വിജയന്റെ അടക്കം വീടുകളില്‍ പോലിസ് നടത്തിയ റെയ്ഡില്‍ തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, ചന്ദനത്തടി, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍, പിടി, തോക്കിന്റെ മോഡലുകള്‍, വ്യാജവെടിയുണ്ടകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, 50 ഓളം ഇരുമ്പുവടികള്‍ തുടങ്ങിയവ പോലിസ് പിടിച്ചെടുത്തിരുന്നു. വിജയന്റെയും ലിജോയുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഓരോ റിവോള്‍വറും കണ്ടെടുത്തിരുന്നു. അനധികൃതമായി തോക്കുകള്‍ നിര്‍മിച്ച് വില്‍പന നടത്തിയിട്ടും പ്രതികള്‍ക്കെതിരേ ഗൗരവമായ വകുപ്പുകള്‍ ചുമത്താത്ത പോലിസിന്റെ നടപടിക്കെതിരേ വ്യാപകവിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it